യു എസ് ഓപ്പൺ ഫൈനലിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ മറികടക്കുവാൻ ശ്രമിക്കുകയാണ് സെറീന വില്യംസ്. ജപ്പാൻ താരം നവോമി ഒസാക്കയോട് ഏറ്റുവാങ്ങിയ തോൽവിയേക്കാൾ താരത്തെ തകർത്തത് മത്സരത്തിനിടെ അമ്പയറായ കാർലോസ് റാമോസുമായുണ്ടായ ഏറ്റുമുട്ടലാണ്. തനിക്ക് നേരെയുണ്ടായത് സെക്സിസമാണെന്ന് പിന്നീട് തുറന്ന് പറയുകയായിരുന്നു 23 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം.
റാമോസിനെ കള്ളനെന്നും നുണയനെന്നും വിളിക്കുകയും തുടർന്ന് സെറീനയുടെ ഒരു മത്സരം നഷ്ടപ്പെടുകയായിരുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്ന് താരം തുറന്നടിച്ചത്.
ഒരു പുരുഷന് ഒരിക്കലും ഇത്തരമൊരു നടപടി നേരിടേണ്ടി വരില്ലായിരുന്നെന്ന് അഭിപ്രായപ്പെട്ട താരം അതിന്റെ പകുതി പോലും ആവർത്തിച്ചിട്ടില്ലാത്ത തനിക്ക് നേരെയാണ് ഇത്തരം പെരുമാറ്റങ്ങളെന്നും താൻ അതിൽ നിന്ന് തിരിച്ച് വരാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
മത്സരത്തിൽ 2-6, 4-6 എന്ന നിലയിൽ പരാജയപ്പെടുന്നതിന് മുൻപാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്. ഒരു പക്ഷെ വിജയിച്ചിരുന്നെങ്കിൽ 24മത് ഗ്രാൻഡ് സ്ലാംസ് സ്വന്തമാക്കി ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ എക്കാലത്തെയും റെക്കോർഡിനൊപ്പമെത്താൻ താരത്തിന് സാധിക്കുമായിരുന്നു.
പ്ലേയർ ബോക്സിലിരുന്ന കോച്ച് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കാര്യത്തിന് സെറീനയ്ക്ക് വാണിംഗ് നൽകിയത് മുതലാണ് റാമോസുമായുള്ള തർക്കം ആരംഭിക്കുന്നത്. കോച്ച് പാട്രിക് മൗറട്ടോഗ്ലോ തെറ്റ് സംഭവിച്ചതായി സമ്മതിച്ചിരുന്നു. എന്നാൽ കോച്ചിന്റെ നിർദേഷിക്കുന്നതായി താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കുറ്റസമ്മതം തന്നെ ആശയകുഴപ്പത്തിലാക്കിയെന്നും സെറീന വെളിപ്പെടുത്തി.
ആംഗ്യം കാണിച്ചതിന് ശേഷം പരിശീലനം നൽകിയതായി സമ്മതിച്ചതിൽ അർത്ഥമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന്കോച്ചിനോട് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കി.
Comments
0 comments