കാന്തന്റെ കഥ; ഷെരീഫ് ഈസയുടെ സ്വപ്നം

ഷെരീഫ് ഈസ തിരക്കിലാണ്. അടുത്ത ചിത്രത്തിന്റെ പണികള്‍ ആരംഭിച്ചിരിക്കുന്നു. രാഷ്ട്രീയപരമായി സമൂഹത്തോട് സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന, എന്നും നാടകങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിയ്ക്കുന്ന, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ’ സംവിധായകന്‍ ഷെരീഫ് ഈസ തന്റെ ഭാവി പരിപാടികളെക്കുറിച്ച് ബിലൈവ് ന്യൂസിനോട്  മനസ്സുതുറക്കുന്നു.

തന്റെയും സുഹൃത്തുക്കളുടേയും ഏറെനാളത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ ലഭിച്ച അംഗീകാരമാണ് ഈ സംസ്ഥാന പുരസ്‌കാരം. എന്നും തങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് എന്നും പ്രചോദനമാകാന്‍ ഇത്തരം അംഗീകാരങ്ങള്‍ക്ക് സാധിക്കുമെന്നും ഷെരീഫ് പറയുന്നു. 

നാടകങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താനാണ് ഷെരീഫിനിഷ്ടം. അമച്വര്‍ തെരുവുനാടകങ്ങളിലൂടെ ലോകത്തോട് സംംവദിക്കാനാണ് തനിക്ക് എന്നും താല്പര്യം എന്നുപറഞ്ഞ ഷെരീഫ് കാന്തന്‍ തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് പറയുന്നു. 

മുമ്പ് ചെറിയ ഒന്ന് രണ്ട് ചലചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചെങ്കിലും സ്വന്തം ചിത്രമെന്ന സ്വപ്‌നം മനസില്‍ കെടാതെ സൂക്ഷിച്ചു. രണ്ടര വര്‍ഷത്തെ കഠിനപ്രയത്‌നത്തിന്റെ ഉത്തരമാണ് കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍.

ഒരു സാധാരണകുടുംബത്തില്‍ അതിലും സാധാരണക്കാരനായി ജനിച്ച് ജീവിച്ച ഷെരീഫ് ചെയ്യാത്ത ജോലികള്‍ ചുരുക്കം. സംവിധായകന്റെ കുപ്പായം എടുത്തണിയുന്നത് ഒടുവിലാണെന്ന് പറയാം. അപ്പോഴൊക്കെ തന്റെ മനസ്സില്‍ സിനിമ മാത്രമായിരുന്നെന്നും തന്റെ ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരാന്‍ എത്രകാലം വേണമെങ്കിലും കാത്തിരിക്കാന്‍ താന്‍ തയ്യാറായിരുന്നെന്നും ഷെരീഫ് പറയുന്നു. 

കാന്തന്റെ ഉത്ഭവം

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് ദലിത് പശ്ചാത്തലത്തിലൊരു പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമായിരുന്നു ആദ്യ പ്ലാന്‍. തന്റെ തന്നെ നാട്ടുകാരനായ പ്രമോദ് കൂവേരി ഇതിനായി തിരക്കഥയും സംഭാഷണവും ഒരുക്കി. അങ്ങനെ ലൊക്കേഷന്‍ അന്വേഷിച്ച് ഞങ്ങള്‍ വയനാട്ടിലെ ആദിവാസി ഊരിലെത്തുന്നതോടെയാണ് കാന്തനായുള്ള ആലോചനയുണ്ടാകുന്നത്. അവരുടെ ജീവിതവും കഷ്ടപ്പാടുമൊക്കെ നേരിട്ട് അറിയാന്‍ സാധിച്ചപ്പോള്‍ അതൊരു സിനിമയാക്കാം എന്ന ചിന്ത ഉടലെടുത്തു. അങ്ങനെയാണ് കാന്തനുണ്ടാകുന്നത്. തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തില്‍പെട്ട മനുഷ്യരുടെ ജീവിതവും നിലനില്‍പിനായുള്ള പോരാട്ടവുമാണ് പ്രമേയം. കര്‍ഷകരായ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നതോടെ അനാഥമാവുന്ന കാന്തന്‍ എന്ന ബാലനും അവനെ എടുത്തുവളര്‍ത്തുന്ന ഇറ്റിയാമ എന്ന മുത്തശ്ശിയുടെയും ജീവിതമാണ് കാന്തന്‍ പങ്കുവയ്ക്കുന്നത്. 

ഗോത്രഭാഷയില്‍ നിര്‍മ്മിക്കപ്പെടുന്ന ചലചിത്രങ്ങള്‍ വിരളമാണ് ഇന്ത്യയില്‍. എന്നിട്ടും ഐഎഫ്എഫ്‌കെ യില്‍ തഴയപ്പെട്ടു?

ശരിയാണ്. എറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു അത്. കൊല്‍ക്കത്ത ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുത്ത ചിത്രം  പക്ഷേ ഐഎഫ്എഫ്‌കെ  പരിഗണിക്കാതിരിന്നപ്പോള്‍ ശരിക്കും നിരാശയാണ് തോന്നിയത്. കാരണം ഒരു പരിസ്ഥിതിപ്രമേയ ചിത്രമായിരുന്നു കാന്തന്‍, പരിസ്ഥിതിയെന്നു പറയുമ്പോള്‍ അതില്‍ പ്രളയവും ഉള്‍പ്പെടും. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമായ പ്രളയത്തിന് ശേഷം നടത്തപ്പെട്ട മേളയായിരുന്നിട്ടുകൂടി തഴയപ്പെട്ടപ്പോള്‍ ഏറെ വിഷമിച്ചു. 

അഭിനേതാക്കളും അണിയറപ്രവര്‍ത്തനങ്ങളും

ഷെരീഫ് ഈസ

കാന്തന്റെ ഏറ്റവും വലിയ പ്രത്യേകത ഭാഷ തന്നെയാണ്. പൂര്‍ണ്ണമായും ആദിവാസി ഭാഷയായ റാവുള്ളയിലാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍.  മലയാളത്തില്‍ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം സംഭാഷണങ്ങള്‍ എല്ലാം അവരുടെ ഊരിലെ ഭാഷയിലേക്ക് മൊഴിമാറ്റുകയായിരുന്നു. അമ്പതിലധികം ഗോത്രഭാഷകള്‍ ഉണ്ടെന്ന കാര്യം സിനിമയ്ക്ക് വേണ്ടിയുള്ള പഠന സമയത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരം ഭാഷകളും അവരുടെ ജീവിത രീതികളും അവര്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് എന്റെ ആവശ്യം. ചിത്രത്തിലെ കഥാപാത്രങ്ങളായിരിക്കുന്നത് ആദിവാസികള്‍ തന്നെയാണ്. പ്രധാന കഥാപാത്രമായ മുത്തശ്ശിയായി എത്തിയത് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ദയാബായിയാണ്. 

ദയാബായിയിലേയ്ക്ക്

തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇതിലെ മുത്തശ്ശിയുടെ കഥാപാത്രമായി ഒറ്റമുഖമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അത് ദയാബായിയുടെതായിരുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ഒപ്പം ജീവിതം നയിക്കുകയും ചെയ്യുന്ന അവര്‍ക്ക് ഏറ്റവും നന്നായി തന്നെ ആ കഥാപാത്രത്ത അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു.  എന്നാല്‍ ഞങ്ങളുടെ ആവശ്യം ആദ്യമവര്‍ നിരസിച്ചു. പിന്നീട് കഥ കേള്‍ക്കാനായി പൂനെ ഫിലിം ഇന്സ്റ്റിറ്റിയൂട്ടിലേക്ക് വരാന്‍ പറഞ്ഞു.  അങ്ങനെ ചിത്രത്തിന്റെ കഥാകൃത്ത് പ്രമോദ് കുവേരിയും ഞാനും കൂടി  ദയാബായിയെ സന്ദർശിച്ച് കഥ പറഞ്ഞു. കഥ കേട്ട അവര്‍ അപ്പോള്‍ തന്നെ സമ്മതം മൂളി. കാന്തനായി വേഷമിട്ടിരിക്കുന്നത് പ്രജിത്ത് എന്ന ദളിത് ബാലനാണ്. 

സാമ്പത്തിക പ്രതിസന്ധി 

കാന്തന്‍ പോലൊരു ചിത്രം നിര്‍മ്മിക്കാന്‍ ഒരു നിര്‍മ്മാതാവിനെ ലഭിക്കില്ലെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ ഞാന്‍ ചിത്രീകരണം ആരംഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് പതിയെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങി. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് നിര്‍ത്തിവെയ്‌ക്കേണ്ടതായും വന്നു. ലോണെടുത്തും ഭാര്യയുടെ സ്വര്‍ണാഭരങ്ങള്‍ പണയം വെച്ചുമാണ് കാന്തന്‍ പൂർത്തിയാക്കിയത്.  ഈ സിനിമയ്ക്ക് വേണ്ടി സഹായം നല്‍കിയ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞാല്‍ തീരില്ല. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ദയാബായി അഭിനയിച്ചത്. 

ബോളിവുഡിലേയ്ക്ക് ക്ഷണിച്ച് കുമാര്‍ സാഹ്നി

കാന്തനാണ് മികച്ച ചിത്രമെന്ന് വിളിച്ചറിയിക്കുന്നത് ജൂറി ചെയര്‍മാനായ കുമാര്‍ സാഹ്നിയായിരുന്നു. മികച്ച ചിത്രത്തിന്റെ സംവിധായകന് തന്നെ മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹമെന്നും. എന്നാല്‍ മറ്റ് ജൂറിയംഗങ്ങള്‍ എതിരായിരുന്നുവെന്നുമെല്ലാം വാർത്തകളിലൂടെ അറിഞ്ഞു. അതൊക്കെ ഔദ്യോഗികമായ കാര്യങ്ങളല്ലെ? പിന്നെ ഈ ചിത്രത്തിന് അവാര്‍ഡ് കിട്ടുമോ എന്നുപോലും എനിക്ക് ഉറപ്പില്ലായിരുന്നു. അതുവച്ച് നോക്കുമ്പോള്‍ അത് ശരിക്കുമൊരു അവിസ്മരണീയ അംഗീകാരം തന്നെയാണ്. കുമാര്‍ സാഹ്നി പറഞ്ഞത് മലയാളത്തില് ഒതുങ്ങാതെ ബോളിവുഡിലേയ്ക്ക് വരാനാണ്. ഭാഷ ഏതായാലും രാഷ്ട്രീയപരമായി സംവദിക്കുക എന്നതാണ് എന്റെ ലൈന്‍. അദ്ദേഹത്തെ കാണാനായി ഞാനും സുഹൃത്തുക്കളും പോവുന്നുണ്ട്. ബാക്കിയെല്ലാം വരുംപോലെ. 

കാന്തനെ ഇനി എന്നുകാണാം? 

കാന്തനെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ചലചിത്രമേളകളിലൂടെയും മറ്റും കൂടുതല്‍ പേരിലേയ്ക്ക് ചിത്രം എത്തിക്കാന്‍ നോക്കുന്നുണ്ട്. 

വിശപ്പ് പ്രമേയമാകുന്ന എലിയേട്ടന്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഷരീഫ് ഈസ. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കായിക രംഗത്ത്  അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സ്പോര്‍ട്സ് എക്സ്പോ  

റഫാൽ: രേഖകൾ മോഷണം പോയെന്ന് സർക്കാർ കോടതിയിൽ