നിശബ് ദരുടെ ശബ് ദമായി ശില്‍പ ഗുപ്തയുടെ ബിനാലെ പ്രതിഷ്ഠാപനം

കൊച്ചി: ഇരുട്ടു നിറഞ്ഞ മുറിയിലേക്ക് കയറുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ കാണുന്നത് മച്ചില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന മൈക്കുകളാണ്. ഇതില്‍ വ്യക്തവും അവ്യക്തവുമായ ശബ്ദങ്ങളും കേള്‍ക്കാം. 

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ശില്‍പ ഗുപ്ത ഒരുക്കിയിട്ടുള്ള പ്രതിഷ്ഠാപനം തടവറയില്‍ നിന്നുയര്‍ന്ന നൂറ് കവിതകള്‍ ഉള്‍പ്പെടുത്തിയുള്ളവയാണ്. എട്ടാം നൂറ്റാണ്ടു മുതലുള്ള കവിതകള്‍ ശില്‍പ ഗുപ്ത തന്‍റെ പ്രതിഷ്ഠാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോര്‍, ഇന്‍ യുവര്‍ ടങ്ക് ഐ കെനോട്ട് ഫിറ്റ്-100 ജെയില്‍ പോയറ്റ്സ് എന്നാണ് ഈ പ്രതിഷ്ഠാപനത്തിന്‍റെ പേര്. 14-ാം നൂറ്റാണ്ടില്‍ നിലനിന്ന അസര്‍ബൈജാനി സാങ്കല്‍പിക കവിയുടെ വരികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തന്‍റെ സൃഷ്ടിയ്ക്ക് ശില്‍പ ഈ പേര് നല്‍കിയത്.

100 മൈക്കുകള്‍ യഥാര്‍ത്ഥത്തില്‍ സ്പീക്കറുകളായാണ് വര്‍ത്തിക്കുന്നത്. ഒരു സ്പീക്കറില്‍ നിന്നു വരുന്ന ശബ്ദം മറ്റ് 99 എണ്ണത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇംഗ്ലീഷ്, സ്പാനിഷ്, അറബിക്, റഷ്യന്‍, അസെറി, ഹിന്ദി എന്നീ ഭാഷകളിലുള്ളവയാണ് കവിതകള്‍.

അടിച്ചമര്‍ത്തി നിശബ്ദരാക്കിയവര്‍ക്ക് വേണ്ടിയാണ് തന്‍റെ പ്രതിഷ്ഠാപനം സംസാരിക്കുന്നതെന്ന് ശില്‍പ പറഞ്ഞു. വര്‍ത്തമാനകാലത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുണ്ടായിരിക്കുന്ന പ്രതിബന്ധത്തിന്‍റെ തീവ്രത ഇതിലൂടെ വരച്ചു കാട്ടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാ കാലത്തും അടിച്ചമര്‍ത്തപ്പെട്ടിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

8-ാം നൂറ്റാണ്ടിലുള്ള കവിതയാണ് ശില്‍പയുടെ പ്രതിഷ്ഠാപനത്തിലെ ഏറ്റവും പഴയത്. മ്യാന്‍മാറിലെ പ്രസിഡന്‍റിന്‍റെ മുഖം ഗുഹ്യഭാഗത്ത് ടാറ്റൂ ചെയ്തതിന് 2016 ല്‍ അറസ്റ്റിലായ എഴുത്തുകാരന്‍ മൗങ് സൗങ്ഖയുടെ വരികളാണ് ഏറ്റവും പുതിയത്.

എഴുതപ്പെട്ട വാക്കുകളെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ എത്രമാത്രം ഭയക്കുന്നുവെന്നതിലാണ് തനിക്ക് താത്പര്യം ജനിച്ചതെന്ന് ശില്‍പ ചൂണ്ടിക്കാട്ടി. കവികളുടെ മേല്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിബന്ധം അധികാരികള്‍ ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിക്കുന്നതാണ് തന്‍റെ പ്രതിഷ്ഠാപനമെന്നും അവര്‍ പറഞ്ഞു.

പ്രതിഷ്ഠാപനത്തോടൊപ്പം കവികളുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്രങ്ങളും ശില്‍പ വരച്ചിട്ടുണ്ട്.  വായില്‍ ലോഹം ഉരുക്കിയൊഴിക്കുന്നതും കടലാസില്‍ മുള്ളു തറയ്ക്കുന്നതുമെല്ലാം പ്രതീകാത്മകമായി അവര്‍ അവതരിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിലെ വര്‍ത്തമാനകാല സ്ഥിതിയില്‍ ഈ പ്രതിഷ്ഠാപനത്തിന് സാംഗത്യം കൂടുതലാണെന്ന് ശില്‍പ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സത്യത്തിന്‍റെ ശബ്ദം എന്നും അടിച്ചമര്‍ത്തുകയാണെന്നും മുംബൈ സ്വദേശിയായ ശില്‍പ കൂട്ടിച്ചേര്‍ത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സുഗന്ധ വ്യഞ്ജന ഗുണ നിലവാരം: കോഡക്സ് കമ്മിറ്റിയുടെ നാലാം  യോഗം കേരളത്തില്‍

ആലപ്പാട്ടുകാരുടെ ആശങ്കക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ട്: മുരളി തുമ്മാരുകുടി