ശിവഗിരി തീർഥാടനം പൂർണ ഹരിത ചട്ടത്തിൽ നടത്തും 

തിരുവനന്തപുരം: 86-ാമത് ശിവഗിരി തീർഥാടനം പൂർണമായും ഹരിതചട്ടം പാലിച്ചു നടത്താൻ ശിവഗിരിമഠത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

ഇത്തവണത്തെ തീർഥാടനത്തിന് ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് വി. ജോയ് എം.എൽ.എ. യോഗത്തിൽ പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നവോത്ഥാന ചിത്രപ്രദർശനം നടത്താനും യോഗം തീരുമാനിച്ചു.

ഡിസംബർ 15നു മുൻപായി ശിവഗിരി മഠത്തിലേക്കുള്ള വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും കുടിവെള്ള ടാങ്കുകൾ വയ്ക്കുമെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സർവസജ്ജമായ ഒരു ആംബുലൻസും മെഡിക്കൽ സംഘവും 24 മണിക്കൂറും മഠത്തിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തീർഥാടന കാലയളവിൽ മുടക്കംകൂടാതെ വൈദ്യുതി ലഭ്യമാക്കുമെന്നും നിലവിലെ ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും അധികമായി രണ്ടു ട്രാൻസ്‌ഫോർമറുകൾ കരുതിവയ്ക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.

കെ.എസ്.ആർ.ടി.സി. പത്തു പുതിയ സർവീസുകൾ അധികമായി തീർഥാടന കാലയളവിൽ നടത്തുമെന്നും മഠത്തിനടുത്തായി സ്റ്റേഷൻ മാസ്റ്ററുടെ താത്കാലിക ഓഫിസ് തുറക്കുമെന്നും കൃത്യമായ വിവരങ്ങൾ തീർഥാടകർക്കു നൽകുന്നതിനായി അനൗൺസ്‌മെന്റ് നടത്തുമെന്നും അറിയിച്ചു. തീർഥാടകർക്കുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു പ്രത്യേക സ്ഥലം നിർണയിച്ചു നൽകുമെന്നും 700 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തീർഥാടന കാലയളവിൽ ഉപയോഗപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ എസ്.പി.സി, എൻ.സി.സി, എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളിൽ സി.സി.ടിവിയും സ്ഥാപിക്കും.

അഗ്നിരക്ഷാസേന, സിവിൽ സപ്ലൈസ് വകുപ്പുകളുടെ സേവനവും തീർഥാടനകാലയളവിൽ ലഭ്യമാക്കും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ലഹരിക്കെതിരേയുള്ള ബോധവത്കരണ സ്റ്റാളും ഒരുക്കും. വർക്കല നഗരസഭയുടെ നേതൃത്വത്തിൽ നേരത്തേതന്നെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. അധികമായി 100 ശുചിമുറികൾ താത്കാലികമായി നഗരസഭ നിർമിക്കും. ആവശ്യമുള്ളിടത്തെല്ലാം തെരുവുവിളക്കുകളും സ്ഥാപിക്കും.

വി. ജോയ് എം.എൽ.എ, എ.ഡി.എം. വി.ആർ. വിനോദ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രസ്റ്റ് അംഗം സ്വാമി ബോധിതീർഥ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭിന്നശേഷി കായികതാരങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ധര്‍ണ്ണ നടത്തി

റോജോ: ഒരു അര്‍ജന്റീനിയന്‍ മധുരപ്രതികാരം