in ,

ചില വേനല്‍ ചിന്തകള്‍…

ഒരുപാട് നാളായി ഇവിടെ വന്നിട്ട്, എന്തെങ്കിലും എഴുതിയിട്ട്. എഴുതാന്‍ ഒന്നുമില്ലാഞ്ഞതു കൊണ്ടല്ല. എഴുതാനും പറയാനുമായിട്ട് കുറെ കാര്യങ്ങളുണ്ട്. നല്ല കാര്യങ്ങള്‍, അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍, ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും, മറക്കാന്‍ ശ്രമിക്കുന്നതുമായ കാര്യങ്ങള്‍… സമയമില്ലായിരുന്നു എന്ന് പറഞ്ഞാല്‍ അത് സത്യമാവില്ല.

ശ്രമിച്ചാല്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഒന്നാണല്ലോ സമയം. പിന്നെന്തേ എന്ന് ചോദിച്ചാല്‍ എന്തോ, പറ്റിയില്ല എന്നെ പറയാനാവൂ. ജീവിതത്തില്‍ സ്ഥായിയായി ഉള്ളത് മാറ്റം മാത്രമാണ് എന്നാരോ പറഞ്ഞിട്ടുണ്ട്. അങ്ങിനെ സ്ഥിരമായി, നിരന്തരമായി വരുന്ന മാറ്റങ്ങളുമായി മല്ലടിക്കുന്നതിനിടയില്‍ മാറ്റി വെക്കാന്‍ പറ്റിയിരുന്ന ഒരു കാര്യം എഴുത്തായിരുന്നു. അത്ര തന്നെ.

mini menon columnപുറത്തു വേനല്‍ പാഴ്‌ച്ചെടി പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു. ഇനി മാസങ്ങളോളം മനുഷ്യന്റെയും, മൃഗങ്ങളുടെയും, മരങ്ങളുടെയും വിയര്‍പ്പ് ഊറ്റികുടിച്ച് അതിങ്ങനെ താണ്ഡവമാടും. അവസാനിക്കാത്ത പകലുകളും, അവയുടെ ഭാരം താങ്ങി വീര്‍പ്പുമുട്ടി നില്‍ക്കുന്ന ചാരനിറമുള്ള രാത്രികളും.  കെട്ടിടങ്ങളുടെ ചുമരുകളിലും, ചില്ലുപാളികളിലും, വാഹനങ്ങളുടെ കടുംചായങ്ങളിലും, മണല്‍ തരികളിലും തട്ടി ചിതറിപ്പോയ സൂര്യരശ്മികള്‍ക്ക് തീച്ചൂടും, കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത നിറവും. ഇത് മരുഭൂമിയിലെ വേനല്‍.

ഭാഗ്യത്തിന് ഈയിടെയായി അധികം പുറത്തു പോവാനുള്ള ആവശ്യം വരാറില്ല. കുറച്ചു ആഴ്ചകളായി ദിവസത്തിന്റെ അധിക ഭാഗവും ചിലവഴിക്കുന്നത് ഓറഞ്ചു നിറമുള്ള ഒരു സോഫയും കുറെ നിഴലുകളും, പുസ്തകങ്ങളും, ദൈവങ്ങളും, പിന്നെ എവിടെ നിന്നെല്ലാമോ പെറുക്കിയെടുത്ത കുറച്ചു കല്ലുകളും ചെടികളും ഒക്കെ അടുക്കി വച്ച മുന്‍വശത്തെ മുറിയിലാണ്. കാരണം ജീവിതത്തില്‍ ആദ്യമായി കുറച്ചു സമയം കിട്ടിയിരിക്കുന്നു.

പതിറ്റാണ്ടുകളായി മനസ്സില്‍ കൊണ്ട് നടന്ന ചില ചെറിയ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരവസരം കിട്ടിയത് പോലെ. കുറച്ചു നാളത്തേക്കാണെങ്കിലും അതൊരു ഭാഗ്യമല്ലേ? അതുകൊണ്ടു വായന, എഴുത്ത്, സിനിമ കാണല്‍, പാട്ടു കേള്‍ക്കല്‍, പിന്നെ വെറുതെ സോഷ്യല്‍ മീഡിയയില്‍ സമയം പാഴാക്കല്‍, എല്ലാം മുറയ്ക്ക് നടത്തുന്നു. ഒപ്പം തന്നെ കുറെ കാലമായി പഠിക്കാന്‍ ആഗ്രഹിച്ചിരുന്ന ‘മൊസൈക്ക് ആര്‍ട്’ ഒരു കൈ നോക്കാനും ഒക്കെ ഒരവസരം. ഇന്റര്‍നെറ്റില്‍ വരുന്ന വീഡിയോസ് പോലെ ചെലവ് ചുരുങ്ങിയ ട്യൂട്ടോറിയല്‍ വേറെ കിട്ടാനില്ലല്ലോ.

mini menon column2

ഇടയ്‌ക്കെണീറ്റു ബാല്കണിയുടെ ചില്ലു വാതിലിലൂടെ പുറത്തേക്കു നോക്കി നില്‍ക്കും. കൊച്ചിയിലുള്ള എന്റെ ചെറിയ ഫ്‌ലാറ്റിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയാല്‍ കായലിന്റെ അരികില്‍ പോയിരിക്കാം. തെളിഞ്ഞും, കലങ്ങിയും, പായല്‍ മൂടിയും ഒഴുകുന്ന വെള്ളത്തിന്റെ മാറുന്ന ഭാവങ്ങള്‍ നോക്കിയിരിക്കാന്‍ നല്ല രസമാണ്. മഴ പെയ്യുമ്പോള്‍ കുട്ടികളെല്ലാം പുറത്തിറങ്ങി കളിക്കും. കുറച്ചപ്പുറത്തായി ചീനവലകള്‍ കെട്ടി നിര്‍ത്തിയ കമ്പുകളില്‍ നിര നിരയായി ഇരിക്കുന്ന കറുത്തതും വെളുത്തതുമായ ദേശാടന പക്ഷികളെ കാണാം. എല്ലാ വിഷമങ്ങളും മറന്നു പോവും അവിടെ ഇരുന്നാല്‍.

ഇവിടെ കാഴ്ച മറ്റൊന്നാണ്. ബാല്‍ക്കണി വാതിലിനപ്പുറത്തു നേരെ മുന്നില്‍ കാണുന്ന മണല്‍ പരപ്പ് കുറച്ചു കാലം മുന്‍പ് വരെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോള്‍ അത് ഇരുമ്പു വേലി കെട്ടി മറച്ചിരിക്കുന്നു. പക്ഷെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ അകത്തേക്ക് കാണാം. പൊടി പിടിച്ച കുറെ വെള്ള portakabins. കുന്ന് പോലെ കൂട്ടിയിട്ടിരിക്കുന്ന മരപ്പലകകളും ഇരുമ്പു കമ്പികളും, സിമെന്റ്  ബ്ലോക്‌സും,  വേസ്റ്റും. ഇതിനി ടയിലൂടെ നടന്നു നീങ്ങുന്ന കാക്കി coveralls ധരിച്ച, മഞ്ഞ ഹെല്‍മെറ്റിട്ട കുറെ ചെറിയ മനുഷ്യരും അവരെ വിഴുങ്ങാന്‍ പോന്ന വലിപ്പമുള്ള യന്ത്രങ്ങളും. കാലത്തു ആറരയ്ക്കു പോലും കണ്ണഞ്ചിപ്പിക്കുന്ന ഈ വെയിലില്‍ എട്ടും ഒമ്പതും മണിക്കൂര്‍ പണി എടുക്കുന്ന അവരുടെ ക്ഷീണിച്ച മുഖങ്ങള്‍ ഈ ദൂരത്തു നിന്ന് കാണാന്‍ കഴിയുന്നില്ല. നല്ലത്.

ബാല്‍ക്കണി വാതില്‍ തുറക്കാതിരുന്നാല്‍ പുറത്തുള്ള ബഹളം ഒരു വെറും മുഴക്കമായി ബോധമണ്ഡലത്തിലെവിടെയോ കറങ്ങി തിരിഞ്ഞു നിന്നോളും, പ്രത്യേകിച്ച് ശല്യമൊന്നുമില്ലാതെ. യാഥാര്‍ഥ്യങ്ങളെ അതിജീവിക്കാനായി ഒരു alternate reality ഉണ്ടാക്കിയെടുക്കാന്‍ മനുഷ്യനുള്ള കഴിവ് അപാരമല്ലേ? ഒരു പക്ഷെ, മനുഷ്യരാശി ഇന്നും നിലനില്‍ക്കുന്നത് അതുകൊണ്ടാവും.

dubai workers

എന്റെ വീട് വൃത്തിയാക്കാന്‍ കഷ്ടിച്ച് ഒരു കൊല്ലമായി വരുന്ന ചെറുപ്പക്കാരന്‍ തെലുങ്കാനയില്‍ നിന്നാണ്. സംസാരത്തിനിടയില്‍ മനസ്സിലായി അവന്‍ MBA കഴിഞ്ഞു ഒരുവിധം നല്ല ജോലിയില്‍ ഇരുന്നിരുന്നതാണ് എന്ന്. പൈസക്ക് ആവശ്യം വന്നപ്പോള്‍ ഗള്‍ഫില്‍ ജോലിക്കു വന്നു. വിദ്യാഭ്യാസം അധികവും മാതൃഭാഷയില്‍ ആയിരുന്നത് കൊണ്ട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്.

കുറെ ശ്രമിച്ചിട്ടും വേറെ ജോലിയൊന്നും കിട്ടാഞ്ഞപ്പോള്‍ കിട്ടിയ ജോലിക്കു കയറി. എട്ടോ പത്തോ വീടുകളില്‍ ജോലി ചെയ്തും, ബാക്കി വരുന്ന സമയം കാറുകള്‍ കഴുകിയും ആവശ്യത്തിന് പണം സമ്പാദിക്കുന്നു. “ഉറങ്ങാന്‍ സമയം കിട്ടുന്നില്ല മാഡം,” ഈ അടുത്ത കാലത്ത് ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു. “എല്ലാ വീടും കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ രാത്രി പതിനൊന്നു മണിയാവും. കാലത്ത്  അഞ്ചു മണിക്ക് കാര്‍ തുടച്ചു തുടങ്ങണം.” എന്നാലും അവനൊരു സന്തോഷമുണ്ട്.

”പണ്ടൊക്കെ മക്കള്‍ പത്തു രൂപ കിട്ടിയാല്‍ പത്തും ചിലവാക്കുമായിരുന്നു. ഇപ്പോള്‍ അവരതു ചെയാറില്ല. അപ്പ വേഗം തിരിച്ചു വരാനായി അവര്‍ വളരെ സൂക്ഷിച്ചു മാത്രമേ ചെലവ് ചെയാറുള്ളു. മക്കള്‍ക്ക് വിഷമം മനസ്സിലാവുന്നുണ്ട്.”

ഇതും പ്രവാസം. ചെറിയ സന്തോഷങ്ങളില്‍ മറക്കാന്‍ ശ്രമിക്കുന്ന വലിയ ദുഖങ്ങളുടെ പ്രവാസം…

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

actor, Irrfan Khan,cancer, sends, heartfelt note ,London,hospital, life, 

ലണ്ടനിൽ നിന്ന് ഇർഫാന്റെ ഹൃദയസ്പർശിയായ കുറിപ്പ്

French president , Emmanuel Macron ,scolds, teenager,video, viral , Mont Valerian fort, French resistance members , Paris,

കൗമാരക്കാരനെ ഫ്രഞ്ച് പ്രസിഡന്റ് ശാസിച്ചതെന്തിന്?