in ,

ഫുട്ബോളിലെ പുരുഷനും സ്ത്രീയും ​

PN Gopikrishan _ Banner1നിങ്ങളിൽ പലരേയും പോലെ കളിക്കളത്തിൽ ജീവിതത്തിന്റെ അത്ര മോശമല്ലാത്ത കാലം ചെലവഴിച്ച ഒരാളാണ് ഞാൻ. ഞങ്ങളുടെ കാലത്തെ പ്രധാനപ്പെട്ട കളികളായ ക്രിക്കറ്റിലും ഫുട്ബോളിലും ഒരുപാട് മുഴുകിയിട്ടുണ്ട്. ആ സമയത്തൊക്കെ  നമ്മുടെ ജീവിതം പലപ്പോഴും ക്രമീകരിക്കുന്നത് ഈ കളിയ്ക്കനുസരിച്ചാണ്. കളികളുടെ സമയം അനുസരിച്ചാണ്. മാത്രമല്ല ആ സമയത്തെ റേഡിയോവിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ കാണുന്ന കളികൾ, ചില പ്രധാനപ്പെട്ട കളിക്കാർ, ചില പ്രധാന മുഹൂർത്തങ്ങൾ, ചില റെക്കോഡുകൾ, ഇതൊക്കെ ശേഖരിച്ച് വെയ്ക്കാനും ഇടയ്ക്കിടെ ഓർമ പുതുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ഞാൻ.

Soccer_1അന്ന് ക്രിക്കറ്റും ഫുട്ബോളും മാറിമാറിയാണ്‌ കളിക്കുക. ക്രിക്കറ്റ് കളിയ്ക്കാൻ പോകുമ്പോൾ നമ്മൾ കളിക്കുന്ന സമയത്ത് നാം അതിൽ വലുതായിട്ട് മുഴുകും. അതിന്റെ ഓരോ നിമിഷവും ആസ്വദിക്കും. അതേപോലെ ക്രിക്കറ്റ് കളി കാണുമ്പോൾ വളരെ ഉദ്വേഗതോടെ കാണും. ഇതൊക്കെ കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടിലെത്തി നമ്മൾ കവിത വായിക്കാനെടുക്കുമ്പോൾ- സച്ചിദാനന്ദന്റെ അക്കാലത്തെ വളരെ പ്രധാനപ്പെട്ട ഒരു  കവിതയുണ്ട്. അതിൽ പറയുന്നു ” ഇന്ത്യാ, നിന്റെ  ക്രിക്കറ്റ് വിജയങ്ങളും സൗന്ദര്യ മത്സരങ്ങളും കൊണ്ട് ചുട്ടു കളയുക/  നാണം മറയ്ക്കാൻ ഒരു ദേശീയ പതാക പോലുമില്ലാതെ/ ഞാൻ ചൂളിയുറഞ്ഞു പോകുന്നു…” എന്ന് പറയുന്ന വരികളെ  ഇഷ്ടപ്പെടുകയാണ്. ശരിക്ക് പറഞ്ഞാൽ നമ്മൾ കളി നടത്തുമ്പോൾ, അല്ലെങ്കിൽ കളി കാണുമ്പോൾ അതിന്റെയുള്ളിൽ വളരെയധികം മുഴുകുന്നു. അതിന്റെയുള്ളിൽ അലിഞ്ഞു ചേരുന്നു.

ഇതൊക്കെ കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ നിലപാടെടുക്കേണ്ട ഒരു സമയം വരുമ്പോൾ ഈ പറഞ്ഞതുപോലെ ഒരു കോർപറേറ്റിസത്തിന്റെ ഉള്ളിൽ നടക്കുന്ന ഒരു കളിയായി ഇതിനെ തിരിച്ചറിയുന്നു. ഇതൊരു വലിയ സ്പ്ലിറ്റ് ആയിരുന്നു.  വ്യക്തിപരമായി സംബംന്ധിച്ചിടത്തോളമെങ്കിലും അതൊരു വലിയ ഒരു വിഭജനമായിരുന്നു. ഈ വിഭജനത്തെ എങ്ങിനെയാണ് യോജിപ്പിക്കുക എന്ന് പറഞ്ഞാൽ അത് പ്രയാസമുള്ള ഒരു കാര്യമായിരുന്നു.  വ്യക്തിപരമായ ഒരു സംശയമായി, വ്യക്തിപരമായ ഒരു വിഭജനമായി, വ്യക്തിപരമായ ഒരു പ്രശ്നമായി ഇത് നമ്മൾ പേറി നടക്കുന്നുമുണ്ട്. എന്നാൽ ചര്യകളിൽ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. നമ്മൾ ഈ പറഞ്ഞതുപോലെ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റിൽ മുഴുകുന്നു, വളരെ ആനന്ദിച്ചൊക്കെ ലോക്കൽ ഹീറോകളുടെ കളി കാണുന്നു. അങ്ങനെ കളി നമ്മുടെ നാട്ടിലുണ്ടാക്കിയിട്ടുള്ള നിരവധി തരത്തിലുള്ള സാംസ്കാരിക തലത്തിലൂടെയൊക്കെ കടന്നു പോകുന്നു.

ഇത് കഴിഞ്ഞ്, എന്റെ മറ്റൊരു താല്പര്യമായ കവിത എന്ന് പറയുന്ന സ്ഥലത്തെത്തുമ്പോൾ അതിന്റെ ഉള്ളിൽ നിന്ന് നോക്കുമ്പോൾ ഈ കളി എന്ന് പറയുന്നത് മറ്റൊരു തരത്തിൽ ലോകത്തിന്റെ അധീശത്വം നിലനിർത്താൻ ഉപയോഗിക്കുന്ന ഒരു സാംസ്കാരിക പ്രക്രിയയായി തിരിച്ചറിയുകയും ചെയ്യുന്നു. പിന്നീട് വളരെ വൈകി ഗ്രാംഷിയുടെ “ഒപ്റ്റിമിസം ഓഫ് ദി വിൽ ആൻഡ്  പെസിമിസം ഓഫ് ദി ഹാർട്ട് ” എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട വരി ” ഇച്ഛയുടെ ശുഭാപ്തി വിശ്വാസവും ഹൃദയത്തിന്റെ നിരാശയും ” എന്ന് പറയുന്ന വരി ഒരു സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. നമ്മൾ ഒരു സ്ഥലത്ത് ഇതിനോട് വളരെ ശുഭാപ്തി വിശ്വാസം പുലർത്തുകയും മറു സ്ഥലത്ത് മൊത്തം ലോകത്തിനോട് ചെയ്യുന്ന, മൊത്തം ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ, സാംസ്കാരിക വ്യവസ്ഥിതിയിൽ ഇത് എന്ത് ചെയ്യുന്നു എന്നുള്ള ചോദ്യവും നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്.

Soccer_higuita

ഈ സ്പ്ലിറ്റ് പിന്നീട് തകരുന്നത് സി എൽ ആർ ജെയിംസ് പോലുള്ള ആളുകളുടെ പുസ്തകം വായിക്കുമ്പോളാണ്. സി എൽ ആർ ജയിംസിന്റെ വളരെ പ്രസിദ്ധമായ പുസ്തകമുണ്ട്.” ബിയോണ്ട് എ ബൗണ്ടറി” എന്ന പുസ്തകം. ഈ പുസ്തകത്തിൽ പറയുന്നത് വെസ്റ്റ് ഇൻഡീസിലെ ക്രിക്കറ്റ്  കളിക്കളങ്ങൾ മുഴുവൻ വെള്ളക്കാരുടേതായിരുന്നു എന്നാണ്. ശരിക്കു പറഞ്ഞാൽ  അത് പിടിച്ചെടുക്കുകയായിരുന്നു അന്ന്  ബ്ലാക്സ് ചെയ്തത്. ബ്ലാക്സ് ചെയ്തത് എന്ന് പറയുന്നത് ഈ സ്പോർട്സ് എന്ന് പറയുന്ന സംഗതിയെ ഒറ്റയടിക്ക് മാറ്റിമറിക്കാതെ അതിന്റെ ഉള്ളിലേക്ക് പിടിച്ചടക്കുക എന്ന് പറയുന്ന – ഒരു പക്ഷെ നമ്മുടെ നവോത്ഥനത്തിലൊക്കെ നമുക്ക് പരിചയമുള്ള സംഗതിയാണത്. ഇപ്പോൾ നമുക്കൊരു ക്ഷേത്രത്തിൽ പ്രവേശിക്കാൻ പറ്റില്ല, ജാതിയിൽ താണതോണ്ട്, അല്ലെങ്കിൽ നാം വിഹരിക്കുന്ന സ്ഥലത്തെ പ്രത്യേക സ്ഥലങ്ങൾ നമുക്ക് കടക്കാൻ പറ്റാത്തത് എന്ന് പറഞ്ഞു അടയാളപ്പെടുത്തിയ സ്ഥലങ്ങളിലേക്ക് ഇടിച്ചു കയറുക എന്നുള്ള സംഗതി സ്പോർട്സിലും നടന്നിട്ടുണ്ട്.

പ്രത്യേകിച്ച് ക്രിക്കറ്റിൽ  വെസ്റ്റ് ഇൻഡീസ് ചെയ്തത് അതാണ്. സി എൽ ആർ ജെയിംസ് വളരെ പ്രധാനപ്പെട്ട ഒരു സ്പോർട്ട്സ് ലേഖകൻ ആയിരുന്നു. അതേ സമയം തന്നെ ഒരു സാംസ്കാരിക പഠിതാവ് എന്ന നിലയിൽ വളരെ ആഴത്തിലുള്ള നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. ” ബീയോണ്ട് എ ബൗണ്ടറി” യിൽ മുഴുവൻ പറയുന്നത് ഇതാണ്. ബ്ലാക്ക്‌സ്, വെസ്റ്റ് ഇന്ഡീസിലെ തനതു മനുഷ്യർ, അവരുടെ മേൽ അധിനിവേശം ചെലുത്തിയ ആളുകൾ നിർമ്മിച്ച ഒരു കളിയെ, അവർ ഉപയോഗിച്ചിരുന്ന ഒരു കളിയെ, എങ്ങനെയാണ് പിടിച്ചെടുത്തത് എന്ന് പറയുന്നുണ്ട്. മാത്രവുമല്ല, വെസ്റ്റ് ഇൻഡീസിന്  ഇംഗ്ലണ്ടുമായി ടെസ്റ്റ് മാച്ച് കളിക്കുമ്പോൾ, അല്ലെങ്കിൽ  മറ്റു മത്സരങ്ങൾ കളിക്കുമ്പോൾ, എങ്ങിനെയാണ് മറ്റു മത്സരങ്ങളിൽ നിന്ന്  വ്യത്യസ്തമായ ഒരു ‘ റിഗർ ‘ ഉണ്ടാവുന്നത് എന്നുള്ളതും നിരീക്ഷിക്കുന്നുണ്ട്. 5- 0 ത്തിന് വിവിയൻ റിച്ചാർഡ്‌സിന്റെ റ്റീം  ബ്ലാക് വാഷ് ചെയ്യുന്ന ഒരു സമയം ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റ് മത്സരത്തിൽ അഞ്ചും വെസ്റ്റ് ഇൻഡീസ് ജയിക്കുമ്പോൾ വെസ്റ്റ് ഇൻഡീസിലെങ്കിലും ആഘോഷിക്കപ്പെട്ടത് ഒരു സാമ്രാജ്യത്ത രാഷ്ട്രത്തിനെതിരെ നടന്ന ഒരു വലിയ വിജയമായാണ്.

അപ്പോൾ ഈ കളിക്കളങ്ങൾ പിടിച്ചെടുക്കുക എന്ന് പറയുന്നത് സ്പോർട്സിൽ, ഇരുപതാം നൂറ്റാണ്ടിൽ നിരവധി തരത്തിലുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങൾ ഉണ്ടായതിന്റെ അല്ലെങ്കിൽ അത്തരം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും വിമോചന പോരാട്ടങ്ങളുടെയും രാഷ്ട്രീയമായി തന്നെ ചേർത്ത് വായിക്കേണ്ട ഒന്നാണെന്നുള്ളതാണ് ഇവരൊക്കെ, പ്രത്യേകിച്ച് മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്ന് വരുന്ന എഴുത്തുകാരും സ്പോർട്സ് ലേഖകരുമൊക്കെ, പറഞ്ഞുവെയ്ക്കാൻ ശ്രമിച്ചത്. ഈ സ്പ്ലിറ്റ്, അഥവാ വിഭജനമൊക്കെ ഒരു പക്ഷേ  അവസാനിക്കുന്നത് അവസാനിക്കുന്നത് അങ്ങിനെയാണ്. ഒരു ലോക്കൽ ഹീറോയെ നമ്മൾ കാണുമ്പോൾ നമ്മുടെ കളിക്കളത്തിൽ, ക്രിക്കറ്റ് കളിക്കുന്ന – ക്രിക്കറ്റിന്റെ എല്ലാ നിയമവും അവിടെയുണ്ട്, ഇംഗ്ളീഷുകാർ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും അവിടെയുണ്ട്. അവിടെ കയറി ഒരു ലോക്കൽ ഹീറോ ക്രിക്കറ്റ് കളിച്ച് നമ്മെ ആനന്ദിപ്പിക്കുമ്പോൾ, അല്ലെങ്കിൽ നമ്മുടെ മുൻപിൽ ഒരു നായക സ്വരൂപം വളരുമ്പോൾ യഥാർത്ഥത്തിൽ ഈ പറയുന്ന കീഴടക്കലിന്റെയും വിമോചനത്തിന്റെയും ഒരു പൊരി അവിടെയുണ്ട്. അത് കാണുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിൽ .

windies

കാരണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് ഈ മൂന്നാം ലോക രാഷ്ട്രങ്ങൾ മുഴുവൻ സ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെടുകയും പല ഘട്ടങ്ങളിലായി വിജയിക്കുകയുമൊക്കെ ചെയ്തിട്ടുള്ളത്. അപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ നീഗ്രോ പൊളിറ്റിക്സ് എന്നുള്ള  ഒരാശയം, നെഗ്രിറ്റ്യൂഡ്  എന്ന് പറയുന്നത് ഉയർന്നു വരുന്നതും, ഈ പറയുന്ന പോലെ ക്രിക്കറ്റ് മത്സര വേദികൾ മുഴുവൻ ഈ കറുത്തവർ പിടിച്ചടക്കുന്നതും ഒരേ സമയത്താണ് എന്നുള്ളത് നമ്മൾ മനസ്സിലാക്കി വായിക്കുമ്പോൾ, സ്പോർട്സിന് ഒരു രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയം ഇക്കാലത്തെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന് പറയുന്ന ഒരു സ്ഥലത്ത് എത്തിച്ചേരുകയാണ്.

കളിയുടെ രാഷ്ട്രീയം എന്ന് പറയുന്നതാണ്, ഒരുപക്ഷേ സോക്കർ കാർണിവൽ – ഇപ്പോൾ മാനവികതയുടെ ഉത്സവം  എന്ന് പറയുന്ന ഈ വരിയിലൂടെ, ഈ റ്റാഗ് ലൈനിലൂടെ ഒരുപക്ഷേ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. മാനവികതയുടെ ഉത്സവം എന്നാണ് പറയുന്നത്. അല്ലാതെ ഇത് യൂറോപ്പിന്റെ ഉത്സവമോ, ലാറ്റിൻ അമേരിക്കയുടെ ഉത്സവമോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തിൻറെ ഉത്സവമോ അല്ലാ…മറിച്ച് ഇത് മാനവികതയുടെ ഉത്സവമായി നമ്മൾ ഇതിനെ മാറ്റി എഴുതുകയാണ്. ഈ മാറ്റി എഴുതുക എന്ന് പറയുന്നതാണ് – അതായതു ഒരു സംഗതിയുടെ പിന്നിലുള്ള ആശയത്തെ മാറ്റി എഴുതുക എന്ന് പറയുന്നതാണ് – ഒരു സാംസ്കാരിക പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതിന്  നമ്മുടെ ചരിത്രവും തെളിവ് തരുന്നുണ്ട്. നമ്മുടെ നവോത്ഥന ചരിത്രവും ഒക്കെ നോക്കി കഴിഞ്ഞാൽ, ഈ ദൈവ സങ്കൽപ്പത്തിന്റെ മാറ്റി എഴുതലുകൾ…അല്ലെങ്കിൽ അദ്വൈതം എന്നുള്ള ആശയം ഒരു ബ്രാഹ്മണൻ പറയുമ്പോൾ അത് ജാതിവ്യവസ്ഥ നിലനിർത്താനുള്ളതാകുന്നു. ഈ പദം തന്നെ വലിയ വ്യത്യാസം ഒന്നും കൂടാതെ – പദത്തിൽ വലിയ വ്യത്യാസം കൂടാതെ – എന്നാൽ ഉള്ളടക്കം മാറ്റി ശ്രീ നാരായണ ഗുരു പറയുമ്പോൾ അതൊരു വിമോചനം ആകുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ് .

അതായത്, സ്പോർട്സിൽ സബ്ജെക്ടിവിറ്റിക്ക് കൂടി പ്രാധാന്യമുണ്ട് എന്നർത്ഥം. ആരാണ് കളിക്കുന്നത്, ആരാണ് കളിക്കളത്തിലെ നായകരാവുന്നത് എന്ന കാര്യത്തിന് കൂടി സ്പോർട്സിൽ പ്രാധാന്യമുണ്ട്. ആ തിരിച്ചറിവാണ് ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിലെ സ്പോർട്സിന്റെ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും  പ്രധാനപ്പെട്ട തിരിച്ചറിവുകളിൽ ഒന്ന്. സോക്കറിലേക്ക് വരികയാണെങ്കിൽ, ഈ ഫുട്‍ബോളിന്‌ വേറൊരുതരത്തിലുള്ള കീഴാള ചരിത്രം ഉള്ളതുകൊണ്ട് ഇത്തരത്തിലുള്ള വിഭജനം നമ്മൾ അനുഭവിച്ചിട്ടുണ്ടാവില്ല. ഫുട്ബോളിന്റെ ചരിത്രം നോക്കുകയാണെങ്കിൽ ഇത് ചൈനയിൽ ഉണ്ടായതാണെന്ന് പറയുന്നു, ജപ്പാനിൽ കളിച്ചിരുന്നു എന്ന് പറയുന്നു, ഇതിന്റെയൊക്കെ പ്രാഗ്‌രൂപങ്ങൾ പലയിടത്തും ഉണ്ടായിരുന്നു എന്ന് പറയുന്നു. പക്ഷേ നാം നോക്കുമ്പോൾ ആധുനിക ഫുട്ബോൾ  ഉണ്ടാവുന്നത് ഇംഗ്ലണ്ടിലാണ് എന്നത് നമുക്കറിയാം.

ഇംഗ്ലണ്ടിലെ പെസെന്റ്സ്, കർഷകർ ആണ് വയലീന്ന് കേറിവന്നിട്ട് ഈ ഫുട്‍ബോൾ മത്സരം നടത്തിയിരുന്നത്. ഒരു ഗ്രാമം മുഴുവനും ആയിരുന്നു അന്ന് കളിക്കളം. അല്ലാതെ ഈ ചെറിയ സ്ഥലമല്ല, ഇത്ര സെന്റ് സ്ഥലത്ത് കളിക്കുന്ന കളിയായിരുന്നില്ല ഫുട്‍ബോൾ. ഒരു ഗ്രാമം മുഴുവൻ അവിടത്തെ തെരുവുകളിലൂടെയും വീടുകൾക്കുള്ളിലൂടെയും കടകൾക്കുള്ളിലൂടെയുമൊക്കെ നടത്തിയിരുന്ന ഒരു വലിയ കളിയായിരുന്നു. അതിൽ എല്ലാവർക്കും പങ്കു ചേരാവുന്ന തുറന്നിട്ട ഒരു സ്ഥലമായിരുന്നു ഈ ഫുട്‍ബോൾ മത്സരങ്ങൾ എന്ന് ചരിത്രം പറയുന്നുണ്ട്. അപ്പോൾ അതിനങ്ങനെ ഒരു കീഴാള റൂട്ടുണ്ട്. ഒരു കീഴാള ചരിത്രം അതിനുള്ളതുകൊണ്ട് ഈ സ്പ്ലിറ്റ് നമ്മൾ അനുഭവിച്ചിട്ടുണ്ടാവില്ല. മാത്രമല്ല, തൊണ്ണൂറു മിനിറ്റിലേക്ക് ഇതിനെ വെട്ടിയൊതുക്കിയപ്പോൾ നമുക്കറിയാവുന്നതു  പോലെ ഒരു വലിയ പെർഫോമൻസിന്റെ, വലിയൊരു പ്രകടനസ്വഭാവം ഇതിനു കൈവന്നു.

soccer_footballതീർച്ചയായും ഇന്നൊരാൾക്ക് ഈ സ്പോർട്സ് എന്ന് പറയുന്ന ആശയം മാറ്റിവെച്ച്, ഒരു നാടകം കാണുന്ന പോലെയോ സിനിമ കാണുന്ന പോലെയോ ഫുട്ബോളിനെ കാണാൻ സാധിക്കും എന്നുള്ളിടത്താണ് നമ്മൾ നിൽക്കുന്നത്. അതൊരു വലിയ പെർഫോമൻസാണ്. വലിയ പ്രകടനമാണ്. ഞാനൊക്കെ ഈ ലോക കപ്പ് ഫുട്ബോൾ പിന്തുടരാൻ തുടങ്ങിയത് 82 ലാണ്. അന്ന് ടി വി ഇല്ല. അന്ന് മുഴുവൻ പത്രമാണ്. നമ്മൾ ഫുട്ബോൾ കളി വായിക്കുകയാണ്, കാണുകയല്ല ചെയ്യുന്നത്. പൗളോ റോസി എന്ന് പറയുന്ന നായകൻ അന്ന് വളരെ പൊടുന്നനെ കളി മൈതാനത്ത് ഉൽഭവിക്കുകയും അയാൾ അവസാനം ഇറ്റലിക്ക് കിരീടം നേടിക്കൊടുക്കുന്ന ആ സമയം വരെ തന്റെ ചുമതല തന്റെ തലയിലേറ്റി, ശിരസ്സിലേറ്റി, തോളിലേറ്റി പോകുന്ന ഒരു വലിയ ചരിത്രമാണ്.

ഇത് നമുക്ക് ഒരു നോവൽ വായിക്കുന്ന പോലെ വായിക്കാൻ പറ്റും. അല്ലെങ്കിൽ ഒരു സാഹിത്യ കൃതി വായിക്കാൻ പറ്റുന്ന പോലെ വായിക്കാൻ പറ്റുന്ന കാര്യമാണ്.മാത്രവുമല്ല, നമ്മൾ ഇത് 82 ൽ കണ്ടു തുടങ്ങുമ്പോൾ ആദ്യം കാണുന്നത് നാം വായിച്ച് പരിചയമുള്ള ഹീറോസ്, പ്ലാറ്റിനി പോലുള്ള ആള്, സീക്കോ പോലുള്ള ആള്, സോക്രട്ടീസ് പോലുള്ള ആള്…ഇവരുടെയൊക്കെ  ദുരന്തങ്ങളാണ് നാം ആദ്യം കാണുന്നത്. ഇവരുടെ വിജയങ്ങളേക്കാൾ നമ്മൾ കാണുന്നത് ഇവരുടെ ദുരന്തങ്ങളാണ്. ഈ വലിയ നായകർ മുഴുവൻ പെനാൽറ്റി പാഴാക്കുന്നതാണ്. അന്നത്തെ ഫ്രാൻസ്- ബ്രസീൽ മത്സരം മുഴുവൻ ഓർമയുള്ളവർക്ക് അറിയാൻ പറ്റും. ഇവർ പെനാൽറ്റി പാഴാക്കുകയാണ്. നമ്മൾ വായിച്ച് വായിച്ച് വന്നിട്ടുള്ള നായകൻ വളരെ പെട്ടന്ന് ഒരു ദുരന്ത നായകൻ – ഒരു ഷേക്സ്പീരിയൻ ക്യാരക്ടർ ആയി മാറുകയാണ്. ഒഫീലിയ മുങ്ങി മരിക്കുന്ന പോലെയാണ് ഈ ഹിഗ്വിറ്റ ആ സമയത്ത് പന്ത് മിസ്സായി റോജർ മില്ല ഗോളടിക്കുമ്പോൾ യഥാർത്ഥത്തിൽ നിൽക്കുന്നത്. നാം ഹാംലെറ്റ് വായിക്കുന്ന ഒരനുഭവമാണ് അതീന്നു കിട്ടുന്നത്.

ഫുട്ബോളിനെപ്പറ്റി ഏറ്റവും നന്നായി എഴുതിയിട്ടുള്ള, എനിക്കിഷ്ടപ്പെട്ട എഴുത്തുകാരനായ എഡ്വേഡോ ഗലിയാനോ മറഡോണയെപ്പറ്റി എഴുതിയ ചെറിയൊരു കുറിപ്പുണ്ട്; മറഡോണ എന്ന പേരിൽ. ഇതിൽ ഇദ്ദേഹം പറയുന്നത് അര മണിക്കൂറിനുള്ളിൽ  ഈ മറഡോണ എന്ന് പറയുന്ന ആൾ – 86 ലെ ക്വാർടർ ഫൈനൽ മത്സരം നിങ്ങളെല്ലാവരും ഓർക്കുന്ന മത്സരമായിരിക്കും; ഇംഗ്ലണ്ടുമായിട്ടുള്ള മത്സരം – അരമണിക്കൂറിൽ മറഡോണ സാത്താനും ദൈവവും ആയി എന്നാണ് അദ്ദേഹം എഴുതിയത്. സാത്താനായത് എങ്ങിനെ എന്ന്  ചോദിച്ചാൽ നിങ്ങൾക്കറിയാം. ദൈവത്തിന്റെ കയ്യിൽ നിന്ന് മറഡോണ തന്നെ അടയാളപ്പെടുത്തിയ ഒരു ഗോൾ അയാൾ അടിക്കുന്നുണ്ട്. അപ്പോൾ ഫുട്ബോൾ ഒരു മതമാണെങ്കിൽ, ഫുട്ബോൾ ഒരു പള്ളിയാണെങ്കിൽ ആ സമയത്ത് മറഡോണ സാത്താനാണ്. കാരണം പാപപങ്കിലമായ ഒരു കാര്യമാണ് അയാൾ ചെയ്തത്. കൈകൊണ്ട്  ഗോളടിക്കുക എന്ന് പറയുന്ന, ഫുട്ബോളിൽ ഏറ്റവും വെറുക്കപ്പെടേണ്ട ഒരു സംഗതിയാണ് അയാൾ ചെയ്തത്. അപ്പോൾ ആ നിമിഷത്തിൽ അയാൾ സാത്താനാവുകയാണ്.

ഗലിയാനോ പറയുന്നുണ്ട്, ഈ ലാറ്റിനമേരിക്കയിലെ ഫുട്ബോൾ പ്രേമികൾ മുഴുവൻ ആ സമയത്ത് ടി വി ക്കു മുൻപിൽ ലജ്ജിച്ച് തല താഴ്ത്തുകയാണ് ചെയ്തത് എന്ന്. കാരണം, അവർ അതൊരിക്കലും പ്രതീക്ഷിക്കുന്നില്ല. കളിക്കളത്തിലെ നീതി എന്ന് പറയുന്നത് അവർക്കേറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു. അപ്പോഴാണ് ഈ കൈകൊണ്ടുള്ള ഗോൾ വരുന്നത്. അതോടെ ലോകത്തിനു മുന്നിൽ ഞങ്ങളൊരു സാത്താനെയാണല്ലോ പ്രദാനം ചെയ്തതെന്ന് ഒരു അര മണിക്കൂറെങ്കിലും ഇവർ നിസ്തബ്ധരായി പോയിട്ടുണ്ടെന്നാണ് പറയുന്നത്. പക്ഷേ, അര മണിക്കൂർ കഴിഞ്ഞപ്പോൾ നൂറ്റാണ്ടിലെ ഗോൾ എന്ന് പറയുന്ന – ഈ ആറു കളിക്കാരെ ഡ്രിബിൾ ചെയ്ത്, പന്ത്രണ്ട് ടച്ചുമുള്ള മനോഹരമായ ഒരു ഫീൽഡ് ഗോൾ വന്നപ്പോൾ ആ നിമിഷം അയാൾ ദൈവമായി മാറി എന്ന് പറയുന്നുണ്ട്. ഇത് നാടകത്തിൽ മാത്രം നടക്കുന്ന സംഭവമാണ്. സാധാരണ കളിയിലൊന്നും ഇത് കാണാൻ സാധിക്കില്ല. ഇത് നാടകത്തിൽ മാത്രം നടക്കുന്ന, അല്ലെങ്കിൽ ഒരു സാഹിത്യ കൃതിയിൽ മാത്രം നടക്കുന്ന കാര്യമാണ്.

Soccer_Maradona_Hand of God

സാഹിത്യ കൃതിയിൽ മാറ്റിയെഴുത്തുകൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. സാധാരണ രാമായണത്തിലൊക്കെ നമ്മൾ വില്ലനായി കാണുന്ന രാവണനെ നായകനാക്കിയുള്ള ഒരുപാട് കൃതികൾ ഉണ്ടായിട്ടുണ്ട്. എന്ന് പറഞ്ഞാൽ അതിന്റെ ഉള്ളിലെ മുഴുവൻ കാര്യങ്ങളും മറിച്ചിട്ട്, വേറൊരു തരത്തിൽ ഇന്ന് നാം ഒരു മോഡേൺ ട്രാജഡി വായിക്കുന്ന പോലെ അതിന്റെ ഉള്ളിലെ ഒരു ദുരന്ത നായകനായി രാവണൻ മാറുന്നുണ്ട്. കർണാടകത്തിലൊക്കെ നാടോടി രാമായണങ്ങളിൽ മുഴുവൻ രാഹുലൻ എന്ന് പറയുന്ന കഥാപാത്രമുണ്ട്. രാവണനാണത്. രാഹുലന് അനുഗ്രഹം കൊടുക്കുമ്പോൾ ശിവൻ തന്നെ പറയുന്നുണ്ട്, നിനക്ക് ഒരനുഗ്രഹവും ജീവിതത്തിൽ കിട്ടിയിട്ട് കാര്യമില്ല. കാരണം നീ ചെയ്യാൻ ഉദ്ദേശിക്കുന്നതൊന്ന്, ചെയ്യുന്നതൊന്ന്. ഇത് രണ്ടും തമ്മിലുള്ള സംഘർഷത്തിൽ നീ എപ്പഴും കിടന്ന് പിടയും. അതെ ഉണ്ടാവൂ നിനക്ക് എത്ര അനുഗ്രഹം കിട്ടിയാലും എന്ന്. ഇത് യഥാർത്ഥത്തിൽ നമ്മുടെ ആധുനിക നായകന്മാരുടെ മൊത്തം അവസ്ഥയാണ്. ഇതാണ് അന്ന്  രാവണൻ അനുഭവിക്കുന്നത്. കുമാരനാശാൻ ഒക്കെ പറഞ്ഞതുപോലെ കരുതുന്നത് ചെയ്യാൻ വയ്യ താനും വിചാരിക്കുന്നത് ചെയ്യാൻ പറ്റുന്നുമില്ല.

ഇത്തരത്തിലുള്ള ഒരു മൈൻഡ് സെറ്റാണ് യഥാർത്ഥത്തിൽ ഈ ഫുട്ബോളിലും ഈ പറഞ്ഞ അര  മണിക്കൂർ കൊണ്ട് അന്ന് സംഭവിക്കുന്നത്. സാത്താനായിരുന്ന ഒരാൾ അരമണിക്കൂർ കൊണ്ട് വിശുദ്ധൻ ആക്കപ്പെടുന്ന ഒരു പ്രക്രിയ. ഇങ്ങനെ  നിരവധി നാടകീയതകൾ നിറഞ്ഞ ഒരു സംഗതി ആയതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഇതിൽ പരിശീലനം ഒന്നുമില്ലെങ്കിലും കുഴപ്പമില്ല. കാണിയാവാൻ പരിശീലനം ആവശ്യമില്ല. ആകെ ആവശ്യം വേണ്ടത് കുറച്ച് സഹൃദയത്വം മാത്രമാണ്. ഏതെങ്കിലും തരത്തിലുള്ള, നമുക്ക് വെളിയിലുള്ള, എന്തിനോടെങ്കിലുമുള്ള ഒരു താല്പര്യമുണ്ടെങ്കിൽ ഈ പറയുന്ന പെർഫോമൻസ് നമുക്ക് കണ്ടിരിക്കാം എന്നുള്ളതാണ്. ഈ പെർഫോമൻസിൽ  നമ്മൾ അലിഞ്ഞു ചേരും എന്നുള്ളതാണ്.

പക്ഷേ , അപ്പോഴൊന്നും നമ്മൾ ചിന്തിക്കാത്ത ഒരു കാര്യം സ്ത്രീകൾക്ക് ഇവിടെ എന്ത് കാര്യം എന്നുള്ളതായിരുന്നു. ഇത് മറ്റു സമയം പോലെ…ക്രിക്കറ്റ് കളിക്കുന്ന കാലത്ത് …ഞാൻ പറഞ്ഞില്ലേ , അങ്ങനെ ഒരു സ്പ്ലിറ്റ് ഉണ്ട്, നമുക്കുള്ളിൽ. വലിയ തരത്തിലുള്ള വിഭജനമുണ്ട്. ഫുട്ബോൾ ആദ്യം കാണുമ്പോഴോ കളിക്കുമ്പോഴോ ഈ സ്പ്ലിറ്റ്, ഈ വിഭജനം ഒരിയ്ക്കലും  നമ്മളെ പേടിപ്പിച്ചിരുന്നില്ല. കാരണം അന്ന് നമ്മെ സംബന്ധിച്ചിടത്തോളം ലിംഗ നീതി എന്ന് പറയുന്ന പദം ഏതു തരത്തിലുള്ള പുരോഗമനം പറയുന്ന, ഏറ്റവും മുന്നിൽ പോകുന്ന പുരോഗമന സിദ്ധാന്തത്തിന് പോലും അപരിചിതമായിരുന്നു എന്നുള്ളതാണ് വാസ്തവം. ലിംഗ നീതി എന്നുള്ള പദം നമ്മുടെ ഉള്ളിൽ അന്നില്ല. പുറത്തെവിടെയൊക്കെയോ നടക്കുന്നുണ്ടെന്നുള്ളതല്ലാതെ നമ്മുടെ ഉള്ളിൽ കേറിയില്ലാത്ത ആശയമാണത്. അതേ സമയം ഫുട്ബോളിന്റെ ചരിത്രം നോക്കുകയാണെങ്കിൽ പുരുഷ  ഫുട്ബോളിൽ  ഉള്ളത് പോലെ തന്നെ ഒരു നീണ്ട ചരിത്രം ഈ പറയുന്ന സ്ത്രീ ഫുട്ബോളിനുമുണ്ട്.

soccer_women

പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ വനിതകളുടെ ഫുട്ബോൾ മത്സരം, കാൽ പന്ത് കളി എന്ന് പറയുന്നത്, സ്കോട് ലാൻഡിലും ഇംഗ്ലണ്ടിലുമൊക്കെ വളരെ പരിചിതമായ ഒരു കളിയായിരുന്നു. മാത്രവുമല്ല, പുരുഷ ഫുട്ബോളിന് കിട്ടിയ ഒരു തരത്തിലുള്ള പേട്രനേജും-രക്ഷാ കർത്തൃത്വവും – കിട്ടാതെയാണ് അത് ഇവിടം വരെ വളർന്നിട്ടുള്ളത്. ഇപ്പോൾ വനിതാ ലീഗ് മത്സരങ്ങളും അല്ലെങ്കിൽ അത്തരത്തിൽ പുരുഷ ഫുട്ബോളിൽ ഉള്ളതുപോലെ ആകർഷണീയവും  ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ആവശ്യമായിട്ടുള്ളതുമായ പ്രചരണ പ്രവർത്തനങ്ങളൊക്കെ ഇപ്പോൾ ഒരു തരത്തിൽ ലഭിക്കുന്നുണ്ട്. പക്ഷേ , ഇത് വളർന്നു വന്നു ഇവിടം വരെയെത്തിയ ചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ, 1921 ൽ വനിതാ ഫുട്ബോൾ നിരോധിക്കപ്പെടുന്നുണ്ട്- അപ്പോൾ അത്തരം നിരവധി നിയന്ത്രണങ്ങൾ, എതിർപ്പുകൾ ഒക്കെ മറികടന്നിട്ടാണ് വനിതാ ഫുട്ബോൾ ഇന്നത്തെ സ്ഥലത്ത് എത്തുന്നത്.

Soccer_tennisപക്ഷേ, ഇന്നത്തെ സ്ഥലത്തുപോലും – ഒരു കണക്ക് പറയുന്നത്, രാജ്യത്തിന് വേണ്ടി കളിയ്ക്കാൻ തക്ക പ്രാവീണ്യം നേടിയ വനിതകളുടെ  വരുമാനത്തിന്റെ കണക്കെടുത്താൽ, 1639 സ്ത്രീ കളിക്കാർക്ക് കിട്ടുന്ന ഒരു മാസത്തെ ശമ്പളം, ഒരു നെയ്മർ ഒരു മാസം വാങ്ങുന്നുണ്ടെന്നുള്ളതാണ്. 1639 സ്ത്രീ ഫുട്‍ബോളേഴ്സിന് കിട്ടുന്ന ഒരു മാസത്തെ ശമ്പളം കൂട്ടിക്കഴിഞ്ഞാൽ നെയ്മറുടെ ഒരു മാസത്തെ ശമ്പളത്തിന് അടുത്തെത്തും എന്നാണ്.

ഈ അടുത്ത് വന്നിട്ടുള്ള ഒരു കണക്കാണിത്. എന്ന് പറഞ്ഞാൽ വേതനത്തിൽ വലിയ വ്യത്യാസം വരുന്നുണ്ട്. മാത്രമല്ല, എണ്ണം എടുത്തു കഴിഞ്ഞാൽ 1,67,000 പ്രൊഫഷണൽ ഫുട്‍ബോളേഴ്‌സ് ഇന്ന് കളിക്കളങ്ങളിലുണ്ട്; എല്ലാ രാജ്യങ്ങളിലും കൂടി എടുത്തു കഴിഞ്ഞാൽ. ഇത് 2017 ലെ കണക്കാണ്. ഇപ്പോൾ വ്യത്യാസം വന്നിട്ടുണ്ടാകാം. ഒരു ലക്ഷത്തി അറുപത്തേഴായിരത്തിനുമേൽ പുരുഷന്മാർ ഫുട്ബോളിനെ പ്രധാന വരുമാന മാർഗമായി സ്വീകരിച്ചിട്ടുണ്ട്. എന്ന് പറഞ്ഞാൽ പ്രൊഫഷണൽ ഫുട്‍ബോളേഴ്‌സാണ്. കളിയിൽ നിന്ന് തന്നെയാണ് അവരുടെ ജീവിതത്തിനുള്ള പൈസയും കിട്ടുന്നത്. അതേസമയം, തത്തുല്യമായ കണക്കെടുത്തു കഴിഞ്ഞാൽ  ആയിരത്തി അറുന്നൂറ്റി ചില്വാനം വനിതാ  ഫുട്‍ബോളേഴ്‌സ് മാത്രമാണ് അവരുടെ വരുമാന മാർഗമായി ഈ  കളിയെ സ്വീകരിച്ചിട്ടുള്ളത്. എന്ന് പറഞ്ഞാൽ വരുമാനത്തിന്റെ കണക്കിലും എണ്ണത്തിന്റെ  കണക്കിലും  ഇത്രമേൽ  അന്തരം കാണിക്കുന്ന മറ്റൊരു സ്പോർട്സ് ഇല്ലെന്നു പറയാം.

എന്തുകൊണ്ടാണത്  എന്നത് ആലോചിക്കേണ്ടതാണ്. ലോകം മുഴുവൻ കാണുന്ന, ഏറ്റവും ജനപ്രിയമായ ഒരു സ്ഥലത്ത് മറ്റു സ്ഥലങ്ങളിൽ ഇല്ലാത്തതിനെക്കാൾ ലിംഗ വിവേചനം കൂടുതലാണെന്നുള്ളത് തീർച്ചയായും  ഈ ലോക കപ്പിന്റെ സന്ദർഭത്തിൽ നാം ആലോചിക്കേണ്ടതാണ്. ടെന്നീസ് കാണുന്നവർക്കറിയാം, ഞാനൊക്കെ ടെന്നീസ് കണ്ട് , വായിച്ചൊക്കെ വരുമ്പോൾ, അന്ന് ബോർഗൊക്കെയാണ് കളിക്കുന്നത്. ബിയോൺ ബോർഗ് ഉണ്ട്. ജോൺ മെക്കൻറോ ഉണ്ട്. ജിമ്മി കോണേഴ്‌സ് ഉണ്ട്. ഇങ്ങനെ നിരവധി പേരുകളാണ് അന്നത്തെ ഏറ്റവും  മുൻ നിരയിൽ ഉള്ളത്. അതെ സമയം  തന്നെ മാർട്ടീന നവ് രത് ലോവയും ക്രിസ് ഇവർട്ട് ലോയിഡും നമ്മുടെ മനസ്സിൽ ഉണ്ട്. അത് വളർന്നു വളർന്നു ഇപ്പോൾ  മരിയ ഷെറാപോവയുടെ അടുത്തും സെറീന വില്യംസിന്റെ അടുത്തും എത്തിച്ചേർന്നിട്ടുമുണ്ട്. പക്ഷേ, നിങ്ങളോടാരോടെങ്കിലും ഒരു വനിതാ ഫുട്‍ബോളറുടെ പേര് പറയാൻ പറഞ്ഞാൽ ഓഫ് ഹാൻഡ് ആയി എത്ര പേര് പറയും എന്ന ചോദ്യമുണ്ട്. എന്ന് പറഞ്ഞാൽ, ഈ ഫീൽഡിന്റെ ഉള്ളിലെ വരുമാനത്തിന്റെ വ്യത്യാസമോ എണ്ണത്തിന്റെ വ്യത്യാസമോ മാത്രമല്ല, മറിച്ച് ഒരു സാംസ്കാരിക പ്രതിഫലനം എന്നുള്ള നിലക്ക് ഒരു സമൂഹത്തിൽ എങ്ങിനെയാണത് പ്രതിഫലിക്കപ്പെടുന്നത് എന്നുള്ളത്, ഫുട്ബോളിന്റെ പുറത്ത് അന്വേഷിക്കേണ്ടതാണ്.

അങ്ങനെ നോക്കുമ്പോൾ ഒറ്റ പി എസ് സി പരീക്ഷയ്ക്കും ഒരു സ്ത്രീ ഫുട്‍ബോളറുടെ പേര് ഇതേ വരെ ചോദിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്, എന്റെ ഉത്തമ വിശ്വാസം അതാണ്. ഒരു വനിതാ ഫുട്‍ബോളറുടെ പേരും ഏതെങ്കിലും തരത്തിൽ ഒരു ചോദ്യമായി ഒരു പി എസ് സി പരീക്ഷയ്ക്ക് വന്നിട്ടില്ല. അല്ലെങ്കിൽ നമുക്കത് ഓർമ്മ വയ്ക്കേണ്ട ബാധ്യതയുണ്ടെന്ന് ഒരു ഫുട്ബോൾ പ്രേമിയും വിചാരിച്ചിട്ടില്ല. ഒരു സ്പോർട്സ് ലേഖകനും വിചാരിച്ചിട്ടില്ല. ഇങ്ങനെ, കളിക്കളത്തിന്റെ ഉള്ളിലെ വരുമാനത്തിന്റെ പ്രശ്‍നം കൊണ്ട്, അല്ലെങ്കിൽ പലതരത്തിലുള്ള കാര്യങ്ങൾകൊണ്ടും പിന്തള്ളപ്പെടുമ്പോൾ തന്നെ ഇതിന് പുറത്തുനിന്നാണ് യഥാർത്ഥത്തിൽ ഒരു സാമൂഹ്യമായ ഒരു ഇടപെടലാണ് ഈ വിവേചനങ്ങൾ ഓരോ മണ്ഡലത്തിലും മാറ്റം വരുത്തുക. ഇപ്പോൾ  സ്ത്രീപ്രശ്‍നം ഒരു  മണ്ഡലത്തിൽ ഉയർത്തുന്നത് അതിന് പുറത്തു നിന്നുള്ള ഇടപെടലുകളായിരിക്കും. അപ്പോൾ ആ ഇടപെടലുകളും നടക്കാത്ത ഒരു സ്ഥലമാണ് യഥാർത്ഥത്തിൽ ഫുട്ബോൾ എന്ന് കാണാൻ പറ്റും. മാത്രവുമല്ല, ഫുട്ബോൾ പെർഫോമൻസ് എന്ന നിലയിൽ  ഈ ഗോളടിക്കലും കളിയും മാത്രമല്ല. വേറെ ചില കാര്യങ്ങൾ കൂടി ചേർന്നതാണ്. അവിടത്തെ കാണികൾ, അല്ലെങ്കിൽ അവിടെ നടക്കുന്ന പല തരം സംഭവങ്ങൾ ഒക്കെ  കൂടി നടക്കുന്ന സംഭവങ്ങൾ ആണ്.

എനിക്ക് ഓർമയുള്ളത് ബ്രസീലിന്റെ ബെബറ്റോ ഒരിക്കൽ ഗോളടിച്ചപ്പോൾ റൊമാരിയോയും അയാളും വേറൊരു കളിക്കാരനുംകൂടി സൈഡ് ലൈനിൽ ചെന്ന് നിന്ന് താരാട്ടുന്ന ചിഹ്നം കാട്ടുന്നുണ്ട്. ഒരാംഗ്യം കാണിക്കുന്നുണ്ട്. അക്കൊല്ലം  അതേറ്റവും പ്രധാനപ്പെട്ട ഒരാംഗ്യം ആയിട്ട് തെരഞ്ഞെടുക്കപ്പെടുകയും  ചെയ്തു. ബെബെറ്റോക്ക് ആ സമയത്താണ് കുട്ടി ജനിച്ചത്. ആ കുട്ടിക്ക് ഒരു അഭിവാദ്യം അർപ്പിക്കുക എന്ന തരത്തിലാണ് താരാട്ടിന്റെ രൂപത്തിലുള്ള, കൈകളിൽ എടുത്ത് താരാട്ടുന്ന പോലെ ആ ആംഗ്യം കാണിച്ചത്.

Soccer_ bebetos goal cradle gesture

യഥാർത്ഥത്തിൽ പ്രസവിക്കുക എന്ന് പറയുന്ന ഭൗതികപ്രക്രിയയിലൂടെ കടന്ന് പോകുന്നത് വനിതകളാണ്. പക്ഷേ, വനിതാ ഫുട്‍ബോളേഴ്സിന് പ്രസവത്തോടു കൂടി അവരുടെ കളി നിർത്തേണ്ട ഒരു സമയമാണ്, ആ ഒരു രീതിയാണ് ഈ ക്ലബ് ഫുട്ബോളുകളിൽ മുഴുവൻ ഉള്ളത്. രണ്ടു ശതമാനം മാത്രമേ, പ്രസവത്തിനു ശേഷം, അമ്മയായതിന് ശേഷം കളിക്കളത്തിൽ തുടർന്നിട്ടുള്ളൂ എന്നാണ് ഫിപ്രോ നടത്തിയ സർവേയിൽ പറയുന്നത്. വെറും രണ്ടു ശതമാനം. എന്ന് പറഞ്ഞാൽ മദർ പ്ലെയേഴ്‌സ് എന്ന് പറയുന്ന ഈ കാറ്റഗറിയിൽ പെടുന്നത് വെറും രണ്ടു ശതമാനം മാത്രമാണ്. പക്ഷേ, പുരുഷന്മാരിൽ അത് മുപ്പത് ശതമാനമോ നാൽപതു ശതമാനമോ ഒക്കെയാണ്. സ്ത്രീകൾ  29 വയസ്സിനു ശേഷം കളി തുടരുന്നത് 9 ശതമാനം മാത്രമാണെന്നാണ്  അതേ സർവ്വേ തന്നെ പറയുന്നത്.

നമ്മൾ റോജർ മില്ലയെ കാണുന്നത് തന്നെ 40 വയസ്സിലാണെന്നു തോന്നുന്നു – റോജർ മില്ല ഗോളടിക്കുന്നത്. പിന്നെ ഫോർലാനിനെ പോലുള്ള കളിക്കാരെ നാം കാണുന്നത് ഈ പറഞ്ഞത് പോലെ 35 ന് പുറത്തുള്ള ഒരു സമയത്താണ്. അങ്ങിനെ ഒരു സ്ത്രീയെ നിങ്ങൾക്ക് ഇതിന്റെ ഉള്ളിൽ, ഈ പറഞ്ഞ കഷ്ടപ്പാടൊക്കെ സഹിച്ച് ഇതിന്റെ ഉള്ളിൽ നില്ക്കാൻ വിചാരിച്ചാലും ഈ മൈതാനത്ത് തുടരാൻ തീരുമാനിച്ചാലും, എത്ര തന്നെ പാഷനുണ്ടെങ്കിലും അവർക്ക് അതിനാവുന്നില്ല …ഇതാണ് സമൂഹം അവരോട് ചെയ്യുന്നത്.

Soccer_Millaമാത്രമല്ല, ഫുട്ബോൾ കളിയെ നാം അബോധത്തിൽ എടുക്കുന്നത് എങ്ങിനെയാണെന്നുള്ള ഒരു ചോദ്യം കൂടി ഇവിടെ ഉന്നയിക്കപ്പെടണം എന്ന് എനിക്ക് തോന്നുന്നു. ഫുട്ബോൾ കളി ഇങ്ങനെ പുരുഷന്റെ കളിയാക്കി നിർത്തുന്ന ഒരു കാര്യം എന്തായിരിക്കും? സംസ്കാരത്തിൽ അതിനെ താങ്ങി നിർത്തുന്ന കാര്യം എന്തായിരിക്കും? രാഷ്ട്രീയത്തിൽ ആണെങ്കിൽ ഈ ലിംഗ നീതി എന്ന് പറയുന്നത് പല തരത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരർത്ഥത്തിൽ, ലോകത്തെല്ലായിടത്തും രാഷ്ട്രീയത്തിൽ ഒരു പ്രധാന ചർച്ചാവിഷയം എന്ന് പറയുന്നത് – അത് എവിടം വരെ എത്തി എന്നുള്ളത് മറ്റൊരു ചോദ്യം – ഈ ചർച്ചാ വിഷയം – ലിംഗ നീതി – വരുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ബ്രാഞ്ച് തലത്തിലെ തെരെഞ്ഞെടുപ്പ് മുതൽ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബോഡിയുടെ തെരെഞ്ഞെടുപ്പ് വരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിലൂടെ കടന്നു പോകുമ്പോൾ ഒരു പ്രധാന ചോദ്യം ഇവരുടെ മുൻപിൽ ലിംഗനീതിയുടെ ചോദ്യം ആയിരിക്കും. എത്ര സ്ത്രീകളുണ്ട് നിങ്ങളുടെ കമ്മിറ്റിയിൽ എന്നുള്ള ചോദ്യം – ആ ചോദ്യത്തെ നേരിടാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും കടന്നു പോകാതെ വയ്യ. അല്ലെങ്കിൽ ആരോഗ്യ രംഗം, അല്ലെങ്കിൽ മറ്റൊരു രംഗം എടുക്കുകയാണെങ്കിൽ അവിടെയും, ഈ പറഞ്ഞതുപോലെ ഈ  ലിംഗനീതി പ്രവർത്തിക്കുന്നുണ്ട്.

പക്ഷേ, ഏറ്റവും ജനപ്രീതിയാർജിച്ച ഫുട്ബോളിൽ ഇതൊരു ചോദ്യം പോലും ആകുന്നില്ല. എനിക്ക് തോന്നുന്നത്, കേരളത്തിൽ ലോക കപ്പിനൊപ്പം ഇത്രയും  വർഷം – ഒരു പാട് തരത്തിലുള്ള ചർച്ചകളും സംഭവങ്ങളും  നടക്കുന്നുണ്ട്. എല്ലാ ലോക കപ്പിലും എല്ലായിടത്തും സ്ക്രീൻ വച്ച്, ചെറുതും വലുതും ആയ പലതരം ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്. ഇതിനു പാരലൽ ആയി … ഓരോ കൂട്ടത്തിലും ഇതൊക്കെ നടക്കുന്നുണ്ട്. പക്ഷെ , ഈ ചോദ്യം ആദ്യമായി ഉയർത്തിയത് ഈ സോക്കർ കാർണിവൽ ആണെന്നാണ് എനിക്ക് തോന്നുന്നത്.  82 തൊട്ട് ടി വി യിൽ ഫുട്ബോൾ വന്ന ശേഷം ഇത്ര വലിയ ഒരു കാണി, കൂട്ടം ഉണ്ടായ ശേഷം ആദ്യമായാണ് ഇത് ചർച്ചക്ക് വരുന്നത് എന്നാണ് എന്റെ വിചാരം. എന്ന് പറഞ്ഞാൽ സമാനമായ മറ്റു  രംഗങ്ങളിൽ മുഴുവൻ ഇത്തരം  ചർച്ചകൾ വളരെ പരിചിതവും വളരെ സജീവവും ആയി  ഇരിക്കുമ്പോഴും വളരെ വൈകി മാത്രം ഈ ഫുട്ബോളിലേക്കു എന്തുകൊണ്ടാണ് അത് കടക്കാത്തത് …അത് ലറ്റിക്സിൽ ഒരുപാട് സ്ത്രീകൾ  വന്നിട്ടുള്ളതാണ്. മറ്റേതൊരു ഫീൽഡിലും തന്നത്താൻ  അല്ലെങ്കിൽ മിക്കവാറും സ്വാഭാവികം എന്ന് തോന്നും വിധം  ഈ ലിംഗ നീതി പ്രവർത്തിക്കുന്നുണ്ട്. പുതിയ നൈതിക സാഹചര്യത്തിൽ നിൽക്കുമ്പോൾ അത് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഫുട്ബോളിൽ ഇത് എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് എന്ന ചോദ്യം ചോദിക്കുമ്പോൾ ഈ കളിയെ നമ്മൾ എങ്ങിനെയാണ് എടുക്കുന്നത്, നാം എന്തുമായിട്ടാണ് അതിനെ കണക്ട് ചെയ്യുന്നത്, അബോധത്തിൽ ഏത് എലമെന്റാണ് ഈ  ഫുട്ബോൾ മത്സരവുമായി ചേർന്നിരിക്കുന്നത് എന്ന് പറയുന്ന ചോദ്യം കൂടി നാം പരിശോധിക്കേണ്ടതുണ്ട്.

അങ്ങനെ പരിശോധിക്കുമ്പോൾ ഫുട്ബോളിന് ഏറ്റവും സാമ്യം എന്ന് പറയുന്നത്, മറ്റൊരു പുരുഷ ആക്ടിവിറ്റിയായ യുദ്ധവുമായാണ്. യുദ്ധത്തിൽ നിന്ന് വയലൻസിനെ  ഇത്തിരി കുറച്ച് നമ്മൾ 90 മിനിറ്റായി വെട്ടി മാറ്റിക്കഴിഞ്ഞാൽ, അതൊരു കളിയായി കാണാമെങ്കിൽ  അതിന് ഏറ്റവും സാമ്യം ഈ ഫുട്ബോൾ മത്സരവുമായിട്ടായിരിക്കും. എന്ന് പറഞ്ഞാൽ, നാം കണ്ടു കഴിഞ്ഞ കളികൾ വെറുതെ ഒന്ന് ആലോചിച്ചാൽ മതി. ഓരോ ലോക കപ്പു ഫുട്ബോൾ വരുമ്പോഴും നമുക്ക് ഗോളടിക്കുന്ന വിജയികൾ ഉണ്ടാകുന്നു. പുതിയ പുതിയ ഹീറോസ് ഉണ്ടാകുന്നു. അതോടൊപ്പം ദുരന്തരംഗങ്ങളും ഉണ്ടാകുന്നു.


ഫുട്ബോളിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ എഴുതാൻ പറഞ്ഞാൽ ഒരാൾ എഴുതുക -ഒരാളെങ്കിലും എഴുതുക – മറ്റരാസിയെ സെനദിൻ സെദാൻ തലകൊണ്ട് നെഞ്ചിൽ ഹെഡ് ചെയ്ത ആ രംഗമാണ്. ഇത് കളിയുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. ഫൗൾ എന്ന് പറയുന്നത് മറ്റൊരു കാര്യമാണ്. ഇത് ഫൗളല്ല, ഇത് ഒരു തരത്തിലുള്ള റെയ്ജ് ആണ്. ഈ  റെയ്ജ് എങ്ങനെ വന്നു എന്നുള്ളതിന്റെ  അന്വേഷണം നടത്തിയപ്പോളാണ് വംശീയമായ അധിക്ഷേപമാണ് അതിനു പിന്നിൽ പ്രവർത്തിച്ചത് എന്നുള്ള വലിയ രഹസ്യം അറിയുന്നത്. വംശീയമായ അധിക്ഷേപം എന്ന് പറയുന്നത് കളിക്കളവുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. മറിച്ച് പുറത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമാണ്. പുറത്തെ രാഷ്ട്രീയമായി ബന്ധപ്പെട്ട ഒരു കാര്യം ഈ കളിയുടെ ഉള്ളിൽ ജയത്തിന് വേണ്ടി ഉപയോഗിക്കുക എന്ന് പറയുന്ന ഒരു സംഗതി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഫുട്ബോളിൽ മാത്രമല്ല, ഏതു തരത്തിലുള്ള സ്പോർട്സ് ആക്ടിവിറ്റികളിലും ഗെയിമിലും നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്ന് നമുക്ക് മനസ്സിലാകുന്നു.

എന്ന് പറഞ്ഞാൽ ഒരു വയലൻസിന്റെ രംഗം ഓരോ ലോകകപ്പും നമ്മിൽ  അവശേഷിപ്പിക്കുണ്ട്. നമുക്ക് ആഹ്ലാദത്തിന്റെ മാത്രമല്ല, അല്ലെങ്കിൽ വലിയ തരത്തിലുള്ള, പൊട്ടിച്ചിതറുന്ന തരത്തിലുള്ള നമ്മുടെ അതിരേകങ്ങളുടെ മാത്രമല്ല, മറിച്ച്  ഈ പറഞ്ഞതുപോലെ വയലൻസിന്റേതായ ചില ചില ഇമേജുകളും ഇത് നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്ന് പറഞ്ഞാൽ, യുദ്ധത്തിന്റെ ഒരു എലമെന്റ് ഈ ഫുട്ബോൾ കളിയിൽ എവിടെയോ പ്രവർത്തിക്കുന്നുണ്ട്. യുദ്ധം എന്ന് പറയുന്നത് പുരുഷൻ കണ്ടുപിടിച്ച്, പുരുഷൻ ചെയ്യുന്ന, പുരുഷൻ അതിന്റെ ഫലം കൊയ്യുന്ന, ഒന്ന് മാത്രമാണ്. ഏത് യുദ്ധവും അക്കാലത്ത് ജീവിച്ചിരിക്കുന്ന അമ്മമാരുടെ നെഞ്ചിലേക്ക് തൊടുത്ത വെടിയുണ്ടയാണ്‌ എന്ന് പറയുന്ന ഒരു കവിതയുണ്ട്.  ബിനോക്‌റോവിന്റെ കവിതയാണ്. ഏതു യുദ്ധം നടന്നാലും അതിൽ ഏറ്റവും വലിയ നഷ്ടം ഉണ്ടാവുക സ്ത്രീകൾക്കാണ്. ഏറ്റവും വലിയ നഷ്ടം.

ഏത് തരത്തിലുള്ള ന്യായങ്ങളായിക്കോട്ടെ, അന്യായങ്ങളായിക്കോട്ടെ… യുദ്ധം ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ സഫർ ചെയ്യുന്നത് – സഹിക്കുന്നത് –  സ്ത്രീകളാണ്. അപ്പോൾ യുദ്ധം എന്ന് പറയുന്ന പുരുഷ ആക്ടിവിറ്റിയോട് വളരെ ചേർത്ത് വച്ചിട്ടുള്ള ഒരു സ്പോർട്സാണ് – അബോധത്തിൽ, നമ്മൾ എടുക്കുന്നത് – നമ്മൾ പുരുഷന്മാർ എടുക്കുന്നത്, ആ തരത്തിലുള്ള ആക്ടിവിറ്റി ആയിട്ടാണ് ഇതെടുക്കുന്നത്. അപ്പോൾ യുദ്ധത്തിന്റെ ചരിത്രം എടുത്തു നോക്കുമ്പോൾ സ്ത്രീകൾക്ക് യാതൊരു പങ്കുമില്ല- ട്രോജൻ യുദ്ധമൊക്കെ നടക്കുമ്പോൾ ചില വനിതകൾ വരുന്നുണ്ട്, പോരാളികൾ ആയ വനിതകൾ – ഇലിയഡിലൊക്കെ കാണാൻ സാധിക്കും. ഈ വനിതകൾ എന്ന് പറഞ്ഞാൽ യുദ്ധത്തിന്റെ തീയിൽ വെന്തു മരിക്കാൻ  വരുന്ന പടയാളികൾ ആണ്. അല്ലാതെ അവർക്ക് വിജയത്തിലും പങ്കില്ല, പരാജയത്തിലും പങ്കില്ല – ഇതിന്റെയുള്ളിൽ കുറെ ത്യാഗം അനുഷ്ഠിക്കാൻ വേണ്ടി കുറേപേർ വരുന്ന ഒരു വരവാണ് അതിനുള്ളിൽ കാണുന്നത്.

എന്ന് പറഞ്ഞാൽ വനിതാ ഫുട്ബോളറും ഏകദേശം ഇതേ പോലെയാണ്. വനിതാ ഫുട്ബോളർ അവരുടെ പാഷൻ കൊണ്ട് ഇതിനുള്ളിലേക്കു വരുന്നു. കളിക്കളത്തിലേക്കു വരുന്നു, കളിക്കുന്നു, ഒരാളും അവരെ ചൊല്ലി ആകാംക്ഷപ്പെടുന്നില്ല. അവർക്കെത്ര വേതനം കിട്ടുന്നുണ്ടെന്ന് നോക്കുന്നില്ല. കൂടുതൽ പേരെ കളിക്കളങ്ങളിലേക്ക് കൊണ്ട് വരേണ്ട കാര്യം വളരെ കുറച്ച് പേരുടെ  മാത്രം ആലോചനയിൽ നിൽക്കുന്നതാണ്. അവരെപ്പറ്റി ഒരു പി എസ് സി പരീക്ഷയ്ക്കും ചോദ്യം ചോദിക്കുന്നില്ല, ഒരു ക്വിസ് മാസ്റ്ററും സംസ്കാരത്തിൽ ഇവരെ പരത്താൻ ആവശ്യമായ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം.

അതിന്റെ ഒരു പ്രധാനപ്പെട്ട കാര്യം യുദ്ധം എന്ന് പറയുന്ന ഒരു  ആശയത്തെ ഇരുപതാം  നൂറ്റാണ്ടിൽ നമ്മുടെ അബോധം ഏറ്റി നടന്നത് ഈ പറയുന്ന സ്ഥലത്തുകൂടെയാണ്; ഈ ഫുട്ബോളിൽ കൂടെയാണ്. അങ്ങനെ നോക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞത് പോലെ യുദ്ധക്കളങ്ങളിൽ എന്നതുപോലെ ആണ് ഒരുപക്ഷേ , കാണിയും അതിനുള്ളിൽ  പങ്കെടുക്കുന്നത്. ഈ അർജന്റീന -ബ്രസീൽ ഫൈറ്റ് എന്ന് പറയുന്നത് അതിന്റെ എല്ലാ തരത്തിലുള്ള രസങ്ങളും, അതിന്റെ എല്ലാ തരത്തിലുള്ള കാര്യങ്ങളും മാറ്റി വച്ച്  ആലോചിച്ചാൽ  ഒരു യുദ്ധ സന്നാഹത്തിന്റെ ഒരുക്കം കൂട്ടുന്ന മട്ടിലാണ്. അതേമട്ടിലാണ്  അതിൽ നമ്മളും പങ്കെടുക്കുന്നത് എന്ന്പറയാം.

അതിൽ  മൂന്നാം ലോക പശ്ചാത്തലമുണ്ട്, അങ്ങിനെ ഒരു രാഷ്ട്രീയം അതിനുള്ളിൽ വർക്ക് ചെയ്യുണ്ടുണ്ട്  എന്നൊക്കെ പറയാം. പക്ഷെ ആ രാഷ്ട്രീയം എന്ന് പറയുന്നത് മെയിൽ ഗെയ്സിന്റെ ഉള്ളിൽ മാത്രം നടക്കുന്ന രാഷ്ട്രീയമാണ്. പുരുഷ നോട്ടത്തിന്റെ ഉള്ളിലാണ് അതിനുള്ളിലെ രാഷ്ട്രീയം നടക്കുന്നത്. നമുക്ക് അവിടെ സ്ത്രീകളെ കൊണ്ട് വെയ്ക്കാം. ചിയർ ഗേൾസായി, അല്ലെങ്കിൽ ബോള് പെറുക്കികളായി, അല്ലെങ്കിൽ ബോളടിക്കുമ്പോൾ തുള്ളിച്ചാടാനുള്ള പശ്ചാത്തല രൂപങ്ങളായി അവരെ ഗാലറിയിൽ നിരത്താൻ പറ്റും. ഇതാണ് ഫുട്ബോൾ കളങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്.

soccer_cheer2ഇങ്ങനെ ആണത്തം ആഘോഷിക്കപ്പെടുന്ന, ഒരു സ്ഥലമായി ഈ ഫുട്ബോൾ മാറുന്നുണ്ട്. ഞാൻ പറഞ്ഞത് പോലെ, നമ്മുടെയൊക്കെ ചോരയിൽ ഫുട്ബോളുണ്ട്, നമ്മളൊക്കെ ഈ ലോക കപ്പു കണ്ണിമയ്ക്കാതെ കാണും. നമ്മളൊക്കെ ആഹ്ളാദിക്കുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്യും. അല്ലെങ്കിൽ ഷേക്സ്പിയറിന്റെ നാടകം വായിച്ചതു പോലെ, ഒരു ട്രാജഡി വായിച്ചതു പോലെ അതിനുള്ളിലേക്ക് അഗാധമായി വീഴും. അല്ലെങ്കിൽ ഒരു കോമഡി വായിച്ചതു പോലെ  നാം  പൊട്ടിപ്പൊട്ടി ചിരിക്കും. ഇതൊക്കെ ചെയ്യുമ്പോളും ഒരു വിഭാഗം – ഈ ലോകത്തിന്റെ പകുതി –  ഈ കളിയിൽ നിന്ന് പുറത്താക്കപെട്ടിരിക്കുന്നു എന്നുള്ള  വലിയൊരു ഓർമ്മ നമ്മെ നയിക്കേണ്ടതുണ്ട്.  നമ്മൾ അയിത്തം  പഠിച്ചിട്ടുണ്ട്, അതുപോലെ തന്നെ തൊട്ടുകൂടായ്ക പഠിച്ചിട്ടുണ്ട്. വഴി  നടക്കാൻ പറ്റാത്ത അവസ്ഥയെപ്പറ്റി പഠിച്ചിട്ടുണ്ട്. ക്ഷേത്രപ്രവേശനം ഇല്ലാത്ത കാലത്തെപ്പറ്റി പഠിച്ചിട്ടുണ്ട്.  നവോത്ഥാനത്തെപ്പറ്റി  നാം വീണ്ടും വീണ്ടും ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്തായിരുന്നു അതിന്റെ രാഷ്ട്രീയം എന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം എന്ന് പറയുന്നത് മറവിയിലേക്ക് തള്ളിയിടുന്ന കാര്യങ്ങളെ മുന്നിലേക്ക് കൊണ്ട് വരിക എന്നുള്ളതാണ്.

ചിക്കാഗോ പ്രസംഗത്തെപ്പറ്റി നാം പഠിക്കും, വിവേകാനന്ദന്റെ. വിവേകാനന്ദൻ ചിക്കാഗോയിൽ പോയി വലിയ പ്രസംഗം നടത്തി. അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ എന്ന് വിളിക്കുന്നു. അവർ മുഴുവൻ വരുന്നു. ഇത് പാഠ പുസ്തകത്തിൽ പഠിക്കുന്നു. ഇത് നമ്മൾ പലയിടത്തു നിന്നും കേട്ടുകൊണ്ടിരിക്കുന്നു. യുടൂബിലും വാട്സാപ്പിലുമൊക്കെയായി ഈ പ്രസംഗം  വരുന്നു. എന്നാൽ  ആ സമയത്ത്, അതേ സമ്മേളനത്തിൽ പ്രസംഗിച്ച പണ്ഡിത രമാഭായ് എന്ന് പറയുന്ന ഒരു സ്ത്രീയെ നാം ഓർക്കുന്നേയില്ല. അവർ ഇക്കാലത്തെ ഫെമിനിസ്റ്റ് ചിന്തകരും റോമില ഥാപ്പറെപ്പോലുള്ള ആളുകളൊക്കെ കൊണ്ട് വരുമ്പോഴാണ് ഇങ്ങിനെ ഒരാൾകൂടി അവിടെ അന്ന്  പ്രസംഗിച്ചിരുന്നു എന്ന് നമുക്കു മനസ്സിലാവുന്നത്.

പണ്ഡിത രമാ ഭായ് ചെയ്തത് വിവേകാന്ദൻ ചെയ്തതിന്റെ നേരെ വിപരീതമാണ്. വിവേകാനന്ദൻ ചെയ്തത് ചിക്കാഗോയിൽ പോയി തന്റെ മതത്തിനെ ഏറ്റവും വലിയ ഒരു കാര്യമായി – സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മതമായി – പൊലിപ്പിച്ച് കാട്ടുകയാണ്. പൊലിപ്പിച്ചു വരയ്ക്കുകയാണ്. പണ്ഡിത രമാ ഭായ് ചെയ്തത് ആ മതം സ്ത്രീകളോട് എന്ത് ചെയ്തു എന്ന് പറയുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഞാൻ എന്ന് നേർ  സാക്ഷ്യം പറയാനാണ് പണ്ഡിത രമാഭായ് അവിടെ ചെന്നത്. ഈ രമാ ഭായ് ചിത്രത്തിലില്ല. നമ്മുടെ ഒരു പാഠ പുസ്തകത്തിലും ഇല്ല . ഒരു ചരിത്ര ഗ്രന്ഥത്തിലും  ഇല്ല. തേടിച്ചെന്നവർക്കു മാത്രം, അന്വേഷിച്ചു മുട്ടി വാതിൽ തുറന്നാൽ മാത്രം കാണാവുന്ന ഒരാളായി മാറുകയാണ്.

soccr_woman1ഇതുപോലെയാണ് ഫുട്ബോൾ ഫീൽഡിലും ഒരു തരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്കും ചുറ്റും കളിക്കാരുണ്ട്. കളിക്കാർ ഇല്ലാഞ്ഞിട്ടൊന്നുമല്ല. കേരളത്തിലും, മറ്റെല്ലായിടത്തും വനിതാ കളിക്കാരുണ്ട്. അവർ കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവർ പല കളിക്കളങ്ങളിലും അവരുടേതായ മാന്ത്രികതകൾ സൃഷ്ടിക്കുന്നുണ്ട്. അവരുടേതായ മത്സരോൽസുകത കാണിക്കുന്നുണ്ട്. ഇതൊക്കെ ചെയ്യുന്നുണ്ട്. ഈ നാടകം തന്നെ അവിടെയുമുണ്ട്. പക്ഷേ, കാണിയില്ലാത്ത ഒരു നാടകമാണത്. കാണിത്വത്തെ നിയന്ത്രിക്കുന്നത് പുരുഷന്മാരാണ്. പുരുഷ ആധിപത്യം നിറഞ്ഞ ഒരു  കൈപ്പിടിയിലാണ് ആ കാണിത്വത്തിന്റെ നിർണയത്വം നിലനിൽക്കുന്നത്. ഇതാണ്  നാം പ്രധാനമായും  ചർച്ച ചെയ്യേണ്ടത്. നാം ഫുട്ബോൾ കാണും. ആഹ്ളാദിക്കും. ഇതൊക്കെ  ചെയ്യുമ്പോളും,  നമ്മുടെ ചോര ഇങ്ങനെ തിളയ്ക്കുന്ന സമയത്ത് നമ്മുടെ തൊട്ടപ്പുറത്തിരിക്കുന്ന ആളിന്റെ ചോരയും കൂടി  തിളയ്ക്കേണ്ടതാണ് എന്നുള്ള  വലിയ ഒരു  രാഷ്ട്രീയം പറയേണ്ടതുണ്ട് . ആ  ഉത്തരവാദിത്വം  കാണിക്കുണ്ട്. ഫുട്ബോളിനെപ്പറ്റിയുള്ള എല്ലാ ചർച്ചകൾക്കുമുണ്ട് . എല്ലാ സംസാരങ്ങൾക്കുമുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Barrier Free Kerala tourism, inaugurated , Tourism Minister Kadakkampally Surendran , tourism, differently abled, tourists, Barrier Free Kerala, 

ഭിന്നശേഷി സൗഹൃദ ടൂറിസം: ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിക്ക് തുടക്കമായി

Onam Varaghosham, 2018 , committee, minister, 

ഓണം വാരാഘോഷം 2018: സംഘാടക സമിതി രൂപീകരിച്ചു