സോഷ്യൽ മീഡിയ ജയിലുകളാകണോ, അതോ കോൺസൺട്രേഷൻ ക്യാമ്പുകളാകണോ?  

ഒരിക്കലും പുറത്തു വരാനാകാതെ അകത്തു തള്ളിയ പ്രതിയെ താങ്ങാനാവുന്നതിലധികം പീഢനങ്ങളേൽപ്പിച്ച് ഉൻമൂലനം ചെയ്യുന്ന ഇടമാണ് കോൺസൺട്രേഷൻ ക്യാമ്പ്. ചത്തു പുറത്തേക്ക് വരുന്ന പ്രതിയെ കാത്ത് കഴുകൻ കണ്ണുകളുമായി കൊതിയോടെ നിൽക്കുന്ന ഒരു ഫാസിസ്റ്റുണ്ട് എല്ലാ കോൺസൺട്രേഷൻ ക്യാമ്പുകൾക്കു പുറത്തും.

       വി കെ ജോബിഷ്

ഈ ഫാസിസ്റ്റ് വേട്ടയെ തകർത്തു കൊണ്ടാണ് ജനാധിപത്യം ലോകത്ത് ജയിലുകൾ നിർമ്മിച്ചത്.  ജനാധിപത്യത്തിന്റെ ജയിൽ മുറികളിൽ എന്നിട്ടും അവശേഷിച്ച ‘കുപ്രസിദ്ധ പയ്യൻമാ’രെ സൃഷ്ടിക്കുന്ന ക്രിമിനൽ വിഴുപ്പിനെതിരെ സന്ധിയില്ലാതെ സമരം ചെയ്യാനാണ് പോരാട്ടത്തിന്റെ ചരിത്രം നമ്മളെ പഠിപ്പിച്ചത്. സങ്കടത്തോടെ പറയട്ടെ.നമ്മളാ ചരിത്രത്തിൽ നിന്ന് പിന്നോട്ട് നടന്നു തുടങ്ങിയിരിക്കുന്നു.   കവിത മോഷണ വിവാദത്തിൽ എഴുത്തുകാരനും അധ്യാപകനുമായ വി കെ ജോബിഷിൻറെ ഫേസ് ബുക്ക് പോസ്റ്റ്…


അനുദിനം പൊളിറ്റിക്കലാകണമെന്ന നമ്മുടെ കൺസേൺ ഏതറ്റംവരെ പ്രവർത്തിക്കണം. ഇപ്പോഴെനിക്ക് സംശയമുണ്ട്. കവിതാ മോഷണവുമായി ബന്ധപ്പെട്ട് നവമാധ്യമപ്പോലീസിങ്ങിൽ പ്രവർത്തിക്കുന്ന യുക്തി അപകടകരമായ ഉൻമൂലനത്തിന്റേതാണ്. അതിലെങ്ങനെയാണ് നമുക്കാനന്ദം കൊള്ളാനാവുക?

എന്റെ കവിതയെ പാതി മുറിച്ച് വികലമാക്കി തെരുവിൽ തള്ളിയതാര് എന്ന കലേഷിന്റെ ചോദ്യത്തിന് അത് ഞാനാണ് എന്ന് ദീപാനിഷാന്ത് മറുപടി പറഞ്ഞു കഴിഞ്ഞു. ചോദിച്ച പാടേ പറഞ്ഞതല്ല. നാലോ അഞ്ചോ ദിവസം സോഷ്യൽ മീഡിയ ഉണ്ടാക്കിയ സമ്മർദ്ദത്തിൽപ്പെട്ട് പറഞ്ഞതാണ്. അവിടം വരെ ഞാൻ നിങ്ങൾക്കൊപ്പമാണ്.

കലേഷ് ഉത്തരം കിട്ടാൻ ആഗ്രഹിച്ച ചോദ്യം അതായിരുന്നു. പിന്നാലെ നമ്മളുന്നയിച്ച ചോദ്യത്തിനും വിശദമായിത്തന്നെ അവരുത്തരം പറഞ്ഞു കഴിഞ്ഞു. കണ കുണ പറഞ്ഞാൽ പോര മാപ്പുതന്നെ പറയണം എന്ന വാശിക്കു മുമ്പിലും എതിർപ്പേതുമില്ലാതെ അവർ കീഴടങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങനെ പറഞ്ഞാൽ പോര ഞങ്ങളാഗ്രഹിക്കുന്ന തരത്തിൽത്തന്നെ മാപ്പു പറയണം എന്നു പിന്നെയും വാശി പിടിക്കുന്നവരുടെ മനോനില അത്ര നിഷ്കളങ്കമായി കാണാൻ എനിക്ക് കഴിയില്ല. അവിടെയാണ് കോൺസൺട്രേഷൻ ക്യാമ്പും ജയിലും തമ്മിലുള്ള വൈരുദ്ധ്യം പ്രസക്തമാകുന്നത്. ഒരിക്കലും പുറത്തു വരാനാകാതെ അകത്തു തള്ളിയ പ്രതിയെ താങ്ങാനാവുന്നതിലധികം പീഢനങ്ങളേൽപ്പിച്ച് ഉൻമൂലനം ചെയ്യുന്ന ഇടമാണ് കോൺസൺട്രേഷൻ ക്യാമ്പ്. ചത്തു പുറത്തേക്ക് വരുന്ന പ്രതിയെ കാത്ത് കഴുകൻ കണ്ണുകളുമായി കൊതിയോടെ നിൽക്കുന്ന ഒരു ഫാസിസ്റ്റുണ്ട് എല്ലാ കോൺസൺട്രേഷൻ ക്യാമ്പുകൾക്കു പുറത്തും. ഈ ഫാസിസ്റ്റ് വേട്ടയെ തകർത്തു കൊണ്ടാണ് ജനാധിപത്യം ലോകത്ത് ജയിലുകൾ നിർമ്മിച്ചത്. ജനാധിപത്യത്തിന്റെ ജയിൽ മുറികളിൽ എന്നിട്ടും അവശേഷിച്ച ‘കുപ്രസിദ്ധ പയ്യൻ’ മാരെ സൃഷ്ടിക്കുന്ന ക്രിമിനൽ വിഴുപ്പിനെതിരെ സന്ധിയില്ലാതെ സമരം ചെയ്യാനാണ് പോരാട്ടത്തിന്റെ ചരിത്രം നമ്മളെ പഠിപ്പിച്ചത്.

ദീപ നിഷാന്ത്

സങ്കടത്തോടെ പറയട്ടെ, നമ്മളാ ചരിത്രത്തിൽ നിന്ന് പിന്നോട്ട് നടന്നു തുടങ്ങിയിരിക്കുന്നു. സമീപകാലത്തെ വലിയ ട്രാജഡികളിലൊന്നിനാണ് നാം സാക്ഷ്യം വഹിച്ചത്.

ശ്രീ ചിത്രൻ സ്വയം തീർത്ത കുരുക്കാണത്. ആ കുരുക്ക് ഇനിയും നാം മുറുക്കണോ? മാനസാന്തരപ്പെട്ട് നമ്മിലൊരാളായി തിരിച്ചു വരുന്ന പ്രതിയെയല്ലേ നാം പ്രതീക്ഷിക്കേണ്ടത്. അല്ലാതെ പ്രതികരണശേഷി നഷ്ടപ്പെട്ട പ്രതിക്കുമേൽ, അയാളിനി ഒരിക്കലും തിരിച്ചു വരില്ലെന്നുറപ്പിച്ച് അയാളുടെ കുറ്റങ്ങൾ തുന്നിക്കെട്ടിയ റീത്തുമായി കാത്തു നിൽക്കുന്നവരുടെ വരേണ്യ നായർ അങ്ങാടികളിൽ നിന്ന് നാം ഇനിയും കൂക്കിവിളിക്കുകയാണോ ചെയ്യേണ്ടത്.

തീർച്ചയായും അയാളിൽ ഒരു രോഗിയുണ്ട്. ആധുനിക മനശാസ്ത്രത്തിന് ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗി. എന്റെ പരിചയത്തിലുമുണ്ടായിരുന്നു ഇതുപോലൊരാൾ. വലിയ ബൗദ്ധിക ശേഷിക്കുടമയും കലാകാരനുമായ അവന് യൗവ്വനകാലത്താർജിച്ച കഴിവു കൊണ്ടുതന്നെ മുഖ്യധാരയിൽ പ്രധാന സാന്നിധ്യമായിത്തീരാൻ കഴിയുമായിരുന്നു. പക്ഷെ ദിവസം പത്തു കള്ളമെങ്കിലും പറഞ്ഞില്ലെങ്കിൽ അവന് ഉറക്കം വരില്ലായിരുന്നു!

പലരും പറഞ്ഞ് മടുത്ത് പരാജയപ്പെട്ട ജീവിതം. രോഗമാണെന്ന് സുഹൃത്തുക്കളെപ്പോഴും പറയും. പക്ഷെ ചികിത്സിച്ചില്ല. ഒടുക്കം എല്ലാവരാലും മാറ്റി നിർത്തപ്പെട്ടവൻ. തെരുവിലെപ്പോഴും രാഷ്ട്രീയമായി കലഹിച്ചു കൊണ്ടിരുന്ന അവൻ ഇപ്പോൾ അവനിൽത്തന്നെയൊളിച്ച് കുടുംബത്തിൽ മാത്രം കഴിയുകയാണ്. കണ്ടാൽ ഒരൊറ്റച്ചിരിയിലോ ആംഗ്യത്തിലോ പിൻവാങ്ങുന്നവൻ. സങ്കടമുണ്ട്. സംഘ പരിവാരിനെതിരായി തെരുവിൽ ഒരാളുകൂടി കുറഞ്ഞു എന്നല്ലാതെ മറ്റൊന്നും അത് ബാക്കിവെച്ചിട്ടില്ല. അതുകൊണ്ട് ഈ രോഗത്തെ ചികിത്സിക്കയാവും ഭാവി സമൂഹത്തിനും ആ ചെറുപ്പക്കാരനും നല്ലത്. അല്ലാതെ രോഗികളെ വെടിവെച്ചുകൊന്ന് തീർപ്പുകൽപ്പിക്കരുത്.

ഇനി ദീപ ടീച്ചറുടെ കാര്യം. പ്രിവിലേജുകളുടെ ആനുകൂല്യങ്ങളും, തൊഴിൽ സുരക്ഷിതത്വവുമേറെയുണ്ടായിരുന്നിട്ടും, ചുറ്റിലുമുണ്ടായിരുന്ന സൗന്ദര്യാരാധകരെ നോക്കി സവർണ ഉടലുമായി അഭിരമിക്കാമായിരുന്നിട്ടും അതിലൊന്നിലും അടയിരിക്കാതെ അത്രയെളുപ്പം മുട്ടി നിൽക്കാനാവാത്ത സംഘ ഭീകരതയോട് ഒരു സ്ത്രീ തെരുവിൽ കലഹിച്ചതിന്റെ ചരിത്രം നമ്മുടെ മുൻപിലുണ്ട്.

ശ്രീചിത്രൻ

ആ ആളോടുള്ള ആദരവാണ് എനിക്ക് ദീപയോടുളളത്. അത് അവർ ഇനിയും തുടരുമെന്ന് എനിക്കുറപ്പുണ്ട്. ആ ചരിത്രം കഠിനമായ ഒറ്റത്തെറ്റിന്റെ പേരിൽ ഒറ്റയടിക്ക് റദ്ദ് ചെയ്തു കളയണമെന്ന വാശി ആർക്കു വേണ്ടിയാണ്. ആരാണതിന്റെ ഗുണഭോക്താക്കൾ. അവരായിപ്പോഴുണ്ടാക്കിയ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അവർ ഇറങ്ങി വരട്ടെ. അതിനും നാമല്ലാതെ മറ്റാരാണ് ധൈര്യം കൊടുക്കേണ്ടത്.

എന്തായാലും ആ ചെറുപ്പക്കാരനെ കേരളത്തിലിപ്പോൾത്തുടരുന്ന നവോത്ഥാന സംഭാഷണങ്ങൾക്കാവശ്യമില്ല. അയാൾ മാറി നിൽക്കട്ടെ. എക്കാലത്തേക്കുമല്ല. കലയിലും സാഹിത്യത്തിലും ചരിത്രത്തിലുമൊക്കെ അയാൾ താണ്ടിയ പടവുകളെ മുഴുവൻ വ്യാജമായെണ്ണാൻ ഇപ്പോഴുള്ള തെളിവുകൾ സമ്മതിക്കുന്നില്ല. തെറ്റുകളിൽ ഉരുകിയുരുകി എന്നെങ്കിലുമയാൾ സത്യത്തിന്റെ ശിലാപാളികളിലെത്തുമെന്ന് പ്രതീക്ഷിക്കാം. അപ്പോൾ തെരുവ് വീണ്ടും അയാളെ കേൾക്കട്ടെ..

എസ് കലേഷ്

അവസാനമായി എനിക്കറിയാവുന്ന കവി കലേഷിനോട്,

ഒരു ദിവസംകൊണ്ടൊടുങ്ങിപ്പോകുന്ന ഒരാണും പെണ്ണുമുണ്ട് ഇക്കോലാഹലമുണ്ടാക്കിയ കവിതയിൽ. കലേഷേ, അങ്ങനെയിരിക്കെ തീരേണ്ടവരല്ല എഴുത്തിലെ അവളും നീയും.

നീയാണ് കലയുടെയും കവിതയുടെയും ആഴക്കടലെന്ന് എനിക്ക് പണ്ടേയറിയാം. അതുകൊണ്ട് അതിന്റെ മുന്നിൽ ഞാനെപ്പോഴും അത്ഭുതപ്പെട്ടു തന്നെയാണ് നിന്നത്.

ഇപ്പോഴും….

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയം വിഴുങ്ങിയ അപ്പുവിന്റെ കഥയുമായി ‘വെള്ളപ്പൊക്കത്തില്‍’

‘റോമ’ – വര്‍ണവെറിയുടെ നാട്ടിലെ സ്‌നേഹസ്പര്‍ശം