സോളാര്‍ റിപ്പോര്‍ട്ടിനായി നിയമപരമായി നീങ്ങും: ഉമ്മന്‍ ചാണ്ടി

solar report, tabled, solar scam, assembly, CM,

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (Solar report) ലഭിക്കുന്നതിനായി നിയമപരമായി നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (Oommen Chandy) വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമോ അല്ലാതെയോ സോളാര്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് നല്‍കേണ്ടെതില്ലെന്ന് നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിനെ തുടർന്നാണ് നിയമപരമായി നീങ്ങാൻ ഉമ്മൻ‌ ചാണ്ടി തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള നിയമ യുദ്ധത്തിനു വഴിവച്ചേക്കുമെന്നാണ് സൂചന.

ആക്ഷേപങ്ങള്‍ വസ്തുതാപരമായി വിലയിരുത്താന്‍ റിപ്പോര്‍ട്ട് ആവശ്യമാണെന്നും
ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

ഒക്ടോബർ 11-ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സോളാർ റിപ്പോർട്ടിനെ സംബന്ധിച്ച് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിറ്റേന്നു തന്നെ വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ ചാണ്ടി സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുൻപ് മറ്റാർക്കും നൽകില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തുടർന്ന് സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഡല്‍ഹിയിലായതിനാൽ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊടുത്തു വിടുകയായിരുന്നു.

റിപ്പോര്‍ട്ടിന്റെ പേരില്‍ തനിക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പകര്‍പ്പ് കിട്ടാന്‍ പരൗരനെന്ന നിലയില്‍ തനിക്കുള്ള അവകാശം നിഷേധിക്കരുത് എന്ന് ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കത്ത് പരിഗണിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള നീക്കം ഉമ്മന്‍ ചാണ്ടി നടത്തുന്നത്. കത്ത് നൽകുന്നതിന് മുൻപ് തന്നെ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. പ്രതിസ്ഥാനത്തുള്ളവര്‍ക്ക് പകര്‍പ്പ് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിച്ചതായാണ് സൂചന.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യുഎസ്ടി എംഐടി ട്രസ്റ്റ്::ഡാറ്റാകണ്‍സോര്‍ഷ്യവുമായി കൈകോർത്തു

കോൺഗ്രസ് ബന്ധം: സി പി എം രണ്ടു തട്ടിൽ