സോനാക്ഷി ചോദിക്കുന്നു: ഇത് എന്തേ നേരത്തെ തോന്നാതിരുന്നത് അച്ഛാ?

മുംബൈ: പാർട്ടി വിടാനുള്ള ബി ജെ പി നേതാവ് ശത്രുഘ്നൻ സിൻഹയുടെ തീരുമാനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സോനാക്ഷി സിൻഹ. താൻ പിതാവിന്റെ തീരുമാനത്തിനൊപ്പമാണ്. ഈ തീരുമാനം നേരത്തേ എടുക്കേണ്ടിയിരുന്നു എന്നാണ് കരുതുന്നത്. എൽ കെ അദ്വാനി അടക്കമുള്ള തല മുതിർന്ന നേതാക്കൾക്ക് അർഹിക്കുന്ന ആദരവ് നൽകാത്ത പാർട്ടിയാണ് ബി ജെ പി, സോനാക്ഷി സിൻഹ കുറ്റപ്പെടുത്തി.

വാജ്പേയിയുടെയും അദ്വാനിയുടെയും കാലം മുതൽ ബി ജെ പിക്കൊപ്പമുണ്ടായിരുന്ന ആളാണ് തന്റെ പിതാവെന്ന് അവർ ഓർമപ്പെടുത്തി. “ആ കൂട്ടത്തിൽ ആർക്കും തന്നെ അർഹിക്കുന്ന ആദരവ് പാർട്ടി നൽകുന്നില്ല. തീരുമാനം എടുക്കാൻ അദ്ദേഹം വൈകി എന്ന തോന്നലാണ് എനിക്കുള്ളത്. നേരത്തെ തന്നെ അത് ചെയ്യാമായിരുന്നു. നാം കൂടി ഭാഗമായ ഒരു ഇടത്ത് സംഭവിക്കുന്ന കാര്യങ്ങളോട് യോജിക്കാനാവാതെ വന്നാൽ മാറി ചിന്തിക്കുകയേ വഴിയുള്ളൂ . അത് തന്നെയാണ് അദ്ദേഹം ചെയ്തതും. കോൺഗ്രസുമായുള്ള ബന്ധം വഴി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും ” , സോനാക്ഷി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

രണ്ടു ദിവസം മുൻപാണ്  ബി  ജെ പി വിട്ട്  കോൺഗ്രസിൽ ചേരുന്ന വിവരം ശത്രുഘ്‌നൻ സിൻഹ വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുകയും നരേന്ദ്ര  മോദിക്കെതിരെ കടുത്ത വിമർശനങ്ങൾ  ഉന്നയിക്കുകയും ചെയ്തതോടെ പുറത്തേക്കുള്ള വഴിയിലാണ് സിൻഹ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.  രണ്ടു ദിവസം മുൻപ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച സിൻഹ  നവരാത്രി ദിനത്തിൽ തന്റെ കോൺഗ്രസ് പ്രവേശന പ്രഖ്യാപനം വരുമെന്ന സൂചന നൽകി. 

2009 ലും 2014 ലും ബീഹാറിലെ പാറ്റ്ന മണ്ഡലത്തെ പ്രതിനിധീകരിച്ച ശത്രുഘ്നൻ സിൻഹയ് ക്ക്‌ ഇത്തവണ  ബി ജെ പി ടിക്കറ്റ് നിഷേധിച്ചിരുന്നു. എന്നാൽ ബി ജെ പി യിൽ ജനാധിപത്യമില്ലെന്നും ഏകാധിപത്യമാണ് അവിടെ നടമാടുന്നതെന്നും  അക്കാരണം കൊണ്ടാണ് പാർട്ടി വിടുന്നതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മല്യയ്ക്കും മോദിക്കും ഒരേ സെല്ലോ?  ബ്രിട്ടീഷ് ജഡ്ജിയുടെ സംശയം  

ഖദർ സാരി ചുറ്റി ‘രംഗീല ഗേൾ’ തെരഞ്ഞെടുപ്പ് ഗോദയിൽ