കവിതയായ് കുറുകുന്നവർ… കഥയോളം നീളുന്നവർ…

പൂക്കളിൽ മൂക്കുറ്റിയോട് എനിക്ക് കടുത്ത ഇഷ്ടമാണ് .

ഒരു പ്രത്യേക കാലത്തെ ഓർമിപ്പിക്കും വിധം വിരിഞ്ഞു
മഞ്ഞ പടർത്തി തൊടിയിലും ചിറയിലും ഞാനെന്ന അധികാരമൊന്നുമില്ലാതെ ചെറിയ ശോഭയിലെ വലിയ കൗതുകമായി തന്നെ പരന്നു കിടക്കും അവർ …

സൗഹൃദങ്ങൾ  എല്ലാം ഇങ്ങനെ പല കാലങ്ങളിലെ  പൂക്കളും  നിറങ്ങളും മണങ്ങളുമാണ് എനിക്ക് .

ഒന്ന് വാടിയാലും മണം ഒട്ടും കുറയാതെ
വാരിപ്പിടിച്ച്‌ കൂട്ടിപ്പിടിച്ച്  മാറോട് ചേർക്കുന്ന പൂക്കൾ

അടുത്തിരുന്ന് അകലം കൂട്ടിയും അകന്നിരുന്ന്  അടുപ്പം കുറച്ചും  ഒറ്റ ഹലോയിൽ തന്നെ പതുങ്ങി പ്പോവുന്നവർ

തീരെ  എക്സ്പാൻഡ്   ചെയ്യാൻ സാധിക്കാത്ത ദുർഗ്രഹമായ ഒരാശയം പോലെയുള്ള  ചില സൗഹൃദങ്ങൾ ഉണ്ട് .

ഒട്ടും ഉള്ളിലേക്കിറങ്ങാൻ സാധിക്കാത്തവ.

നിഗൂഢമായ അവയിൽ  ഒളിഞ്ഞു കിടക്കുന്ന  അതിങ്ങനെ തന്നെ  ഇടയ്ക്കിടെ ഒളിച്ചു കളി നടത്തി തിരിച്ചു പോവും

മുള്ളു കുത്തി വേദനിപ്പിക്കും (പ്രണയംപോലെ ) എന്നത്  കൊണ്ടാവാം  പ്രണയത്തിന്റെ രൂപകമായ ചുവന്ന പനിനീർപുഷ്പം  എന്നെ അത്രയ്ക്ക് പിടിച്ചുലച്ചിട്ടില്ല

വെള്ളവിരിച്ച നന്ത്യാർവട്ടം പോലെ സമാധാനവും ശാന്തിയും തരുന്ന ചിലരുണ്ട്.

മനസ്സിലെ കാർമേഘങ്ങളെ ഒക്കെ വകഞ്ഞു മാറ്റി തെളിഞ്ഞ  ആകാശമാക്കുന്നവർ

വിടരും മുൻപേ കൊഴിഞ്ഞുപോവുന്നവർ
വിടരാതെ പൂമൊട്ടായി നിൽക്കുന്നവർ
പടർന്നു പടർന്നു വള്ളികളൊക്കെയും മനസ്സിന്റെ പൂമുഖത്തു പച്ചയായി തിരി നീട്ടി നില്ക്കുന്നവർ
ഏകാന്തതയ്ക്ക് കൂട്ടിരിക്കുന്നവർ

എന്താടീ .. എവിടെയാടീ എന്ന് ഓളിയിട്ട് ഓടിപ്പോവുന്നവർ
ഒറ്റയൊരു മറുപടിക്കായി തിരക്കു കൂട്ടാതെ  കാത്തിരിക്കുന്നവർ

കവിതയായ് കുറുകുന്നവർ
കഥയോളം നീളുന്നവർ 

പാട്ടിൽ മൂളി
നൃത്തമാടി
നീയും ഞാനും എന്ന വട്ടത്തിൽ നമ്മെ ഒതുക്കി പോവുന്നവർ 

യാത്രകളിലെ കാറ്റാവുന്നവർ
പ്രശ്നങ്ങളിലെ  പരിഹാര ബോധ്യങ്ങൾ 

മടിശീലയിലെ തുട്ടുപോലെ വിടാതെ വെയ്ക്കുന്നവർ
ഭ്രാന്തു പിടിപ്പിക്കുന്നവർ
ഉന്മാദത്തിന്റെ തിടമ്പേറ്റുന്നവർ

സ്നേഹമാണെല്ലാം…

അതിവിദൂരഭാവിയിൽ വിസ്മരിക്കപ്പെട്ടുപോയേക്കാവുന്ന
സ്നേഹ വസന്തങ്ങൾ …

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അവാർഡ് ചടങ്ങിൽ പങ്കെടുക്കില്ല; ചലച്ചിത്ര അക്കാദമിക്ക് ഡോ. ബിജുവിന്റെ കത്ത്

ഗസൽ ഗായകൻ ഉമ്പായി ഓർമയായി