കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു കോടി രൂപ 

തൃശൂര്‍: ഇക്കൊല്ലത്തെ കൊച്ചി-മുസിരിസ് ബിനാലെയുടെ നടത്തിപ്പിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍നിന്ന്  ഒരു കോടി രൂപ നല്‍കും. മൂന്നാം ലക്കം മുതല്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായുള്ള സഹകരണം തുടരുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തെ കലാ-സാംസ്കാരിക മേഖലയുടെ ഉന്നമനത്തിനായി ഈ ഫണ്ട് വിനിയോഗിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്.

ഈ വര്‍ഷം ഡിസംബര്‍ 12 മുതലാണ് പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ നാലാം പതിപ്പ്  ആരംഭിക്കുന്നത്.

തൃശൂരിലെ അശോക ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ വി.ജി. മാത്യു, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി 1929ല്‍ സ്വദേശി പ്രസ്ഥാനകാലത്ത് തൃശൂരില്‍ സ്ഥാപിതമായ ബാങ്ക് 90 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന സമയം കൂടിയാണിത്. കൊച്ചി ബിനാലെയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാബോധത്തിന്‍റെ അന്തരീക്ഷം  സൃഷ്ടിക്കുന്നതിനുമുള്ള  സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സംഭാവനകള്‍ക്ക്   നന്ദി പറയുന്നതായി  ബോസ് കൃഷ്ണമാചാരി അറിയിച്ചു.

രാജ്യത്ത് സാംസ്കാരിക മേഖലയില്‍ നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകത കൂടിയാണ് ഈ ചടങ്ങിലൂടെ സാധൂകരിക്കുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ബിനാലെയുമായുള്ള സഹകരണത്തിലൂടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി മുസിരിസ് ബിനാലെയുമായി സഹകരിക്കാന്‍ സാധിച്ചത് അഭിമാനം പകരുന്ന കാര്യമാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വി.ജി മാത്യു പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തി പിടിച്ചു പറ്റിയ ബിനാലെയില്‍ സംഘാടകരുടെ അര്‍പ്പണമനോഭാവം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ ടി.ജെ റാഫേല്‍, കൊച്ചി ബിനാലെ ട്രസ്റ്റി ബോണി തോമസ്, ജനറല്‍ മാനേജര്‍ എന്‍ പി കുര്യന്‍എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി ശൈലജ ടീച്ചര്‍