ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരം കൊച്ചി സ്മാര്‍ട്ട്സിറ്റിയിൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരമായ സാന്‍ഡ്സ് ഇന്‍ഫിനിറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. വാസ്തുശില്‍പ്പകലയുടെ മകുടോദാഹരണമായ ഈ ഇരട്ട മന്ദിരങ്ങള്‍ക്ക് 152 മീറ്ററാണ് ഉയരം. ഭൂമിക്കടിയിലെ മൂന്നു നിലകളും ഗ്രൗണ്ട് ഫ്ളോറും കൂടാതെ 29 നിലകളുമുള്ള ഈ പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ 25,000 ഐടി ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.
 
പൂര്‍ണമായും ഹരിത സുസ്ഥിര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പണിയുന്ന സാന്‍ഡ്സ് ഇന്‍ഫിനിറ്റ് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ നിര്‍മ്മാണ പദ്ധതിയാണ്. ഡിസംബര്‍ 2015 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. 29 നിലകളിലായി 36 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും മൂന്ന് നിലകളിലായി 4200 കാര്‍ പാര്‍ക്കിംഗ് സൗകര്യവുമാണ് ഈ ഐടി മന്ദിരത്തിലുണ്ടാവുക. ഇതു കൂടാതെ അതിവേഗ ലിഫ്റ്റുകളും എസ്കലേറ്ററുകളും ഈ മന്ദിരത്തിലുണ്ടാകും. ആകാശപൂന്തോട്ടവും പ്രകൃതി ഭംഗി തുളുമ്പുന്ന വേദിയുമെല്ലാം മന്ദിരത്തിന്‍റെ പ്രത്യേകതകളാണ്.
 
കേരളത്തില്‍ സ്വകാര്യമേഖലയില്‍ വരുന്ന ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാകും സാന്‍ഡ്സ് ഇന്‍ഫിനിറ്റ്. സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ 12.74 ഏക്കര്‍ സ്ഥലത്താണ് പദ്ധതി പൂര്‍ത്തിയാകുന്നത്. പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഐടി മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരാകും സാന്‍ഡ്സ് ഇന്‍ഫിനിറ്റ്. 1200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ കേരളത്തിന് ലഭിക്കുന്നത്.
 
കേരളത്തിലെ ഐടി മേഖലയിലെ സുപ്രധാനമായ മാറ്റത്തിന് തുടക്കമിടുന്ന പദ്ധതിയായി ഈ സ്മാര്‍ട്ട്സിറ്റി കമ്പനി മാറും.
 
ഹരിത കെട്ടിടത്തിനായുള്ള ലീഡ് പ്ലാറ്റിനം റേറ്റിംഗാണ് സാന്‍ഡ്സ് ഇന്‍ഫിനിറ്റിന് ഇതിനകം ലഭിച്ചിട്ടുള്ളത്. പൂര്‍ണമായും ഊര്‍ജ്ജ സംരക്ഷണം പാലിക്കുന്ന ഈ കെട്ടിടത്തില്‍ ഫുഡ് കോര്‍ട്ട്, ക്രഷ്, ജിം, ചില്ലറ വില്‍പ്പനശാലകള്‍, സഹായകേന്ദ്രങ്ങള്‍, 100 ശതമാനം തടസ്സമില്ലാത്ത വൈദ്യുതി, കേന്ദ്രീകൃത ശീതീകരണ സംവിധാനം, മലിനജല സംസ്ക്കരണം, മഴവെള്ള സംഭരണം എന്നിവയുണ്ടായിരിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഐടി അടിസ്ഥാന സൗകര്യത്തിന്‍റെ നെടുനായകത്വം വഹിക്കുന്ന പദ്ധതിയാകും ഇത് . 
 
ഗണ്യമായ തൊഴിലവസരങ്ങള്‍, ഗുണപരമായ മാറ്റങ്ങള്‍, എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര ഐടി കമ്പനികളെ സ്മാര്‍ട്ട്സിറ്റിയിലേക്കാകര്‍ഷിക്കാനും ഇരട്ട ഐടി മന്ദിരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്ന് സ്മാര്‍ട്ടസിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. 
 
സമാനതകളില്ലാത്ത തൊഴില്‍ അന്തരീക്ഷത്തിനൊപ്പം മികച്ച സൗകര്യങ്ങളുമടങ്ങിയ ഈ ഐടി മന്ദിരങ്ങളുടെ രൂപകല്‍പ്പന ഭാവിയില്‍ ഇതില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേറിട്ട അനുഭവമാകും. ഇതിനോട് സമാന്തരമായി സ്മാര്‍ട്ട്സിറ്റി കൊച്ചി ടൗണ്‍ഷിപ്പിന്‍റെ വികസന പ്രവര്‍ത്തനങ്ങളും ത്വരിത ഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ടമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍  ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍ ആരംഭിച്ച് കഴിഞ്ഞു. ടൗണ്‍ഷിപ്പില്‍ ആവാസ പദ്ധതികള്‍ക്കും ഹോസ്പിറ്റാലിറ്റി പദ്ധതികള്‍ക്കുമായി നിര്‍മ്മാണ മേഖല വലിയ താത്പര്യമാണ് കാണിക്കുന്നതെന്നും മനോജ് നായര്‍ വ്യക്തമാക്കി

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ സ്പന്ദനത്തിന് അംഗീകാരം

സിനിമാ ഡയലോഗിൽ സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളുവെന്ന് ശാരദക്കുട്ടി