തലവേദനയാവുന്ന സ്പാം മെസേജുകൾ 

ബിഗ് ബസാറിലോ സ്പെൻസറിലോ കേറി സാധനങ്ങൾ വാങ്ങി ബില്ലടയ്ക്കാൻ നേരം വിനയാന്വിതനായ കേഷ്യർ നിങ്ങളുടെ മൊബൈൽ നമ്പർ വാങ്ങിയോ? ബ്ലഡ് ടെസ്റ്റിന് ലാബിൽ പോയപ്പോൾ മെയിൽ ഐ ഡിയോ ഫോൺ നമ്പറോ നൽകിയോ ? എങ്കിൽ ഒന്നുറപ്പിച്ചോ, പണം കൊടുത്ത് ഒരു പൊല്ലാപ്പിനെയാണ് നിങ്ങൾ കൂടെ കൊണ്ടുപോന്നിരിക്കുന്നത്. കുറേക്കാലത്തേക്ക്  നിങ്ങളുടെ സ്മാർട്ട് ഫോണിലേക്ക് അവരുടെ പ്രൊമോഷണൽ  മെസേജുകളുടെ പ്രളയമായിരിക്കും. 

അനാവശ്യ മെസേജുകളും മെയിലുകളും ഡംപ് ചെയ്യുന്നതിനുള്ള ഒരു വേസ്റ്റ് ബിൻ ആയി മിക്കവാറും പേരുടെ സ്മാർട്ട് ഫോണുകൾ മാറിയിട്ടുണ്ട്. അതിനുള്ള അവസരം നാം തന്നെയാണ് ഒരുക്കുന്നത്. ഹോട്ടൽ ബില്ലടക്കുമ്പോൾ, മൾട്ടിപ്ളെക്സുകളിലെ വിവിധ ഷോപ്പുകളിൽ കേറിയിറങ്ങുമ്പോൾ ഒക്കെ ഇത് സംഭവിക്കാം. ഏതാണ്ട് 96 ശതമാനം മൊബൈൽ ഫോൺ ഉപയോക്താക്കളും സ്പാമുകളുടെ  അഥവാ അനാവശ്യ മെസേജുകളുടെ പിടിയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

ലോക്കൽ സർക്കിൾസ് എന്ന ഓൺലൈൻ കമ്മ്യൂണിറ്റി ഈയിടെ നടത്തിയ സർവ്വേ പ്രകാരം സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് തലവേദനയായി സ്പാം മാറിയിരിക്കുന്നു. 12000 ത്തോളം മൊബൈൽ ഫോൺ ഉപയോക്താക്കളാണ് ലോക്കൽ സർക്കിൾസിന്റെ  സർവ്വേയിൽ പങ്കെടുത്തത്. 50 ശതമാനം പേർക്കും നിത്യേനെ നാലും അഞ്ചും സ്പാമുകൾ കിട്ടാറുണ്ടെന്ന് സർവേയിൽ തെളിഞ്ഞു. വർധിച്ചുവരുന്ന സ്പാം ശല്യം തടയാനുള്ള ചില  നടപടികൾ കഴിഞ്ഞ ജൂലായ് മാസത്തിൽ ട്രായ് എടുത്തിരുന്നു. അതിന്റെ പേരിൽ ടെലികോം സേവന ദാതാക്കൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പിഴയിടുകയും ചെയ്തു. 

DND അഥവാ DO NOT DISTURB  ഓപ്‌ഷൻ ആക്റ്റീവ് ആക്കി സ്പാമുകൾ ഒഴിവാക്കാൻ കഴിയും എന്ന് സേവനദാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കേവലം 6 ശതമാനം പേരാണ് DND ഗുണകരമാണെന്ന് അഭിപ്രായപ്പെട്ടവർ. വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ പ്രൊമോഷനുവേണ്ടി എസ് എം എസ് മെസേജുകൾ വ്യാപകമായി ഉപയോഗിക്കുന്നു. താരതമ്യേനെ ചെലവ് കുറഞ്ഞ മാർക്കറ്റിങ് രീതി ആയതാണ് കാരണം. 

അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ സ്പാം സന്ദേശങ്ങളുടെ കുത്തൊഴുക്കുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്കവാറും രാഷ്ട്രീയ പാർട്ടികളുടെ സൈബർ സംവിധാനങ്ങൾ ഈ രീതി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.സ്വന്തം  ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്താൻ ബാധ്യതയുള്ള  സേവന ദാതാക്കൾ തന്നെ സ്പാം മാർക്കറ്റിംഗ് ചെയ്യുന്നതായി സർവേയിൽ പങ്കാളികളായ ഭൂരിഭാഗം പേരും പരാതിപ്പെട്ടു . 

റിലയൻസ് ജിയോയും ഏയർടെല്ലും വൊഡാഫോണും ഉൾപ്പെടെയുള്ള സർവീസ് പ്രൊവൈഡർമാർ തന്നെ നിത്യേനെ ഇത്തരം  മെസേജുകൾ അയക്കുന്നു. റിയൽ എസ്റ്റേറ്റ് കമ്പനികൾ, ബാങ്കിങ്- ധനകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ,  ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ടെലികോം കമ്പനികൾ തുടങ്ങി സ്പാമുകളുടെ ലോകം വളരേ വിശാലമാണ്. അതുകൊണ്ടു തന്നെ അവയുടെ ശല്യവും ഏറിവരികയാണ്.

കടപ്പാട്: scroll.in

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പരീക്കറിന്റെ പിൻഗാമി ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി ജെപി 

പ്രൈം മിനിസ്റ്റർ നരേന്ദ്രമോദി ഏപ്രിൽ രണ്ടാം വാരം തീയറ്ററുകളിൽ