അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ സ്പന്ദനത്തിന് അംഗീകാരം

തിരുവനന്തപുരം: ആരോഗ്യ കേരളത്തിന് ആയുര്‍വേദ മാതൃകയൊരുക്കിയ സ്പന്ദനത്തിന് പ്രഥമ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ അംഗീകാരം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുട്ടികളിലെ വളര്‍ച്ചാവൈകല്യം, ഓട്ടിസം എന്നിവയെ ചെറുക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയായ സ്പന്ദനത്തെ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് ഭാഗമായി നടന്ന എല്‍.എസ്.ജി ലീഡേഴ്‌സ് മീറ്റിലാണ് മികച്ച പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയായി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയിലെ തന്നെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നടപ്പിലാക്കിയ ഹരികിരണം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ  കുട്ടികളുടെ സമഗ്രാരോഗ്യം ലക്ഷ്യം വെച്ചുള്ള ജ്യോതിര്‍ഗമയ ബാല്യ എന്നിവയെ മികച്ച രണ്ടാമത്തെ പദ്ധതികളായും കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ ക്യാന്‍സറിനെതിരെയുള്ള വിഷന്‍ 2019, മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സാന്ത്വനം സൗഹൃദം എന്നിവയ്ക്ക് മികച്ച പദ്ധതികള്‍ക്കുള്ള പ്രോത്സാഹന സമ്മാനവും മീറ്റില്‍ പ്രഖ്യാപിച്ചു.

പ്രഥമ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്ന എല്‍. എസ്. ജി ലീഡേഴ്‌സ് മീറ്റില്‍ 12 പ്രോജക്ടുകളാണ് മികച്ച പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയാകാന്‍ മത്സരിച്ചത്. പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള നൂതന ആശയങ്ങളും അതിലൂടെ മികച്ച സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്ത ഈ പ്രോജക്ടുകളെ ജില്ലാ അടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്. വിവിധ ജില്ലകളില്‍ നിന്നായി ആയുര്‍വേദ വിഭാഗത്തില്‍ എട്ടും ഹോമിയോപ്പതിയില്‍ നാലും പ്രോജക്ടുകളാണ് മീറ്റില്‍ അവതരിപ്പിച്ചത്.

 തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതിയായ സ്‌നേഹ സ്പര്‍ശം, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള നവനീതം പദ്ധതി, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഉദയകിരണം, സ്‌നേഹധാര എന്നീ പദ്ധതികളുമാണ് ആയുര്‍വേദ വിഭാഗത്തില്‍ മത്സരിച്ചത്.

ഹോമിയോയിൽ  ക്യാന്‍സര്‍ ചികിത്സയുടെ സാധ്യത തേടുന്ന ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ പുനര്‍ജ്ജനി, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്ത്രീ സൗഹൃദ പദ്ധതിയായ സീതാലയം, അലര്‍ജ്ജി രോഗങ്ങള്‍ക്കെതിരായ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സ്വാസ്ഥ്യം എന്നിവയാണ് മത്സരരംഗത്തുണ്ടായിരുന്ന ഹോമിയോ പദ്ധതികള്‍.

തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച പദ്ധതിക്കുള്ള മൂന്ന് ലക്ഷം രൂപയും തുടര്‍സ്ഥാനങ്ങളിലെത്തുന്നവര്‍ക്കുള്ള പുരസ്‌കാരങ്ങളും 19ന് കനകക്കുന്നില്‍ വെച്ച് നടക്കുന്ന കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള ടൂറിസം ആദ്യമായി  ഇസ്രായേല്‍ ടൂറിസം മാര്‍ക്കറ്റില്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരം കൊച്ചി സ്മാര്‍ട്ട്സിറ്റിയിൽ