ഉട്ടോപ്യന്‍ യാഥാര്‍ത്ഥ്യവുമായി സ്പാനിഷ് കലാകാരനായ ഡോമെനെക്

കൊച്ചി: സാങ്കല്‍പ്പിക രാജ്യമായ ഉട്ടോപ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് സ്പാനിഷ് കലാകാരനായ ഡോമെനെക്. കൊച്ചി-മുസിരിസ് ബിനാലെ വേദിയായ മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്‍റെ രണ്ട് പ്രതിഷ്ഠാപനങ്ങളും യാഥാര്‍ത്ഥ്യവും ഉട്ടോപ്യയും തമ്മിലുള്ള ബന്ധത്തെ അപഗ്രഥിക്കുന്നു.

വൊയേജ് എന്‍ ഐകേര്‍(ഐകേറിയയിലേക്കുള്ള യാത്ര-2012), റാകെന്‍ടാജെന്‍ കാസി(തൊഴിലാളിയുടെ കരം-2012) എന്നിവയാണ് ഡോമെനെക് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളുമടങ്ങിയതാണ് ഈ പ്രതിഷ്ഠാപനങ്ങള്‍. ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തുന്ന ഉട്ടോപ്യന്‍ പരിശ്രമങ്ങളാണ് തന്‍റെ എല്ലാ സൃഷ്ടികളുടെയും പ്രതിഫലനമെന്ന് ഡോമെനെക് പറഞ്ഞു.

ആധുനിക ലോകം നേരിടുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളുമാണ് അദ്ദേഹത്തിന്‍റെ സൃഷ്ടിയുടെ കേന്ദ്രബിന്ദു. പ്രതിഷ്ഠാപനങ്ങള്‍, ശില്‍പ്പങ്ങള്‍, ഫോട്ടോ, വീഡിയോ എന്നിവയിലൂടെ ഇത് അവതരിപ്പിച്ചിരിക്കുന്നു. വാസ്തുകലയുമായി ബന്ധപ്പെട്ടാണ് മിക്ക സൃഷ്ടികളും. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതാണ് വാസ്തുകലയെന്ന് അദ്ദേഹം പറഞ്ഞു.

ഉട്ടോപ്യന്‍ സൃഷ്ടികളുടെ ഭാവി സാധ്യതകളാണ് ബിനാലെയില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. മുതലാളിത്തം, വ്യവസായവത്കരണം എന്നിവയുടെ ഫലം പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ സംഭാഷണങ്ങളിലൂടെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എത്തിയന്‍ കാബെ ഇക്കാറിയയിലേക്ക് പോകാനായി നടത്തുന്ന തയ്യാറെടുപ്പുകളാണ് വോയേജ് എന്‍ ഇക്കറിയ പ്രതിപാദിക്കുന്നത്. തോമസ് മൂര്‍ 1551 ല്‍ എഴുതിയ ഉട്ടോപ്യ അടിസ്ഥാനമാക്കിയാണ് ഈ സൃഷ്ടി. ഹെല്‍സിങ്കി ഹൗസ് ഓഫ് കള്‍ച്ചറിലെ വിസ്മരിക്കപ്പെട്ട ചരിത്രമാണ് റാകെന്‍ടാജെന്‍ കാസി പ്രതിപാദിക്കുന്നത്.  തൊഴിലാളികള്‍ക്ക് വേണ്ടി ഫിന്‍ലാന്‍ററിലെ കാലിയോയില്‍ ആല്‍വര്‍ ആള്‍ട്ടോ 1958 ല്‍ രൂപകല്‍പ്പന ചെയ്ത വേദിയാണ് ഹെല്‍സിങ്കി ഹൗസ് ഓഫ് കള്‍ച്ചര്‍. ഫിന്‍ലാന്‍റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനം കൂടിയായിരുന്നു അതെന്ന് ഡോമെനെക് ചൂണ്ടിക്കാട്ടുന്നു.

ആധുനിക വാസ്തുകലയുടെ അടിത്തറയിലൂടെ ഉട്ടോപ്യന്‍ ആധുനികതയെ കാണാന്‍ തന്‍റെ സൃഷ്ടികള്‍ കാരണമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 60 കളിലെ ആധുനികത അനുഭവിച്ച പ്രതിസന്ധിയാണ് തന്‍റെ കലാസൃഷ്ടികള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രതിമാനിര്‍മ്മാണത്തിന്‍റെ സാധ്യത വലുതാക്കിയതിലൂടെ സ്വന്തമായ ലോകം പണിയാനാണ് ശ്രമിച്ചത്.  മഹത്തായ ആധുനികരചനകളിലെ സാമൂഹ്യവീക്ഷണം കുറയുന്നത് പ്രതിഫലിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞുവെന്ന് ഡൊമെനെക് പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മികച്ച ക്യാന്‍സര്‍ ചികിത്സയ്ക്ക് മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡും സമ്പൂര്‍ണ ക്യാന്‍സര്‍ രജിസ്ട്രിയും

കേരളത്തിന്റെ ലാപ്‌ടോപ് പദ്ധതി മുന്നോട്ട്