ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക സംവിധാനം 

തിരുവനന്തപുരം: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന ഗര്‍ഭകാലം മുതല്‍ ഗര്‍ഭാനന്തരം വരെയുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യക ഹോം അഥവാ ഇന്റഗ്രേറ്റഡ് കെയര്‍ സെന്റര്‍ (Integrated Care Centre) ആരംഭിക്കുന്നതിനുള്ള പദ്ധതിയ്ക്ക് 27.66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്നത്. ഇതിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിനുമാണ് ഇത്തരത്തിലുള്ള കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിര്‍ഭയ സെല്ലിന്റെ കീഴില്‍ നിലവില്‍ 12 ഷെല്‍ട്ടര്‍ ഹോമുകളില്‍ ഏകദേശം 350 താമസക്കാരാണുള്ളത്. ഇവരില്‍ ഗര്‍ഭിണികള്‍ക്കും പ്രസവാനന്തരം അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ആവശ്യമായ സംരക്ഷണവും പ്രത്യേക പരിചരണവും ഉറപ്പുവരുത്തണം. ഇത്തരം പ്രത്യേക പരിരക്ഷയും സംരക്ഷണവും ലഭ്യമാക്കാന്‍ അവരെ പ്രത്യേകമായി മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്നാണ് പ്രത്യേക ഹോമിന് വനിത ശിശുവികസന വകുപ്പ് പദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

യോഗ്യതയുള്ള അംഗീകൃത സര്‍ക്കാരിതര സംഘടനെയാണ് ഹോമിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള നിര്‍ഭയ ഹോമുകളെ സമൂലമായി പരിഷ്‌ക്കരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇവിടത്തെ അന്തേവാസികളുടെ സ്വകാര്യതയ്ക്കായി നിര്‍ഭയയുടെ പേര് മാറ്റി വിമന്‍ ആന്റ് ചൈല്‍ഡ് കെയര്‍ ഹോം എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിചരണം നല്‍കന്നതിന് വേണ്ടി മോഡല്‍ ഹോം സ്ഥാപിക്കുന്നതിന് 11.40 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.

സാമൂഹ്യനീതി വകുപ്പിന്റെ അധീനതയിലുള്ള പുലയനാര്‍കോട്ട ഗവ. കെയര്‍ഹോം സ്ഥിതി ചെയ്യുന്ന വസ്തുവില്‍ 2.78 കോടി രൂപ ചെലവഴിച്ച് പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നതിനും ഭരണാനുമതി നല്‍കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബിനാലെയ്ക്ക് ഒരുങ്ങി കൊച്ചി; ഡിസംബർ 12ന് തുടക്കമാകും 

ആരാധകരുടെ മനംകവർന്ന്  തയ്മൂർ