റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം: മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. അടിസ്ഥാന സൗകര്യങ്ങൾ കാലത്തിനൊപ്പം നവീകരിച്ച് നവകേരളം യാഥാർഥ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  പാറശാല കുടപ്പനമൂടിൽ മലയോര ഹൈവേയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പാറശാല മുതൽ കാസർകോഡ് വരെ നിർമിക്കുന്ന മലയോര ഹൈവേയുടെ കുടപ്പനമൂട് – പാറശാല റീച്ചിന്റെ നിർമാണോദ്ഘാടനമാണു മന്ത്രി നിർവഹിച്ചത്. കിഫ്ബിയിൽപ്പെടുത്തി 53.84 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. 47 റീച്ചുകളിലായി നിർമാണം നടക്കേണ്ട മലയോര ഹൈവേയിൽ കാസർകോഡ് രണ്ടു റീച്ചിലും പൂനലൂരിൽ ഒരു റീച്ചിലും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി നിർമാണ നടപടികൾ തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളിലും ഉടൻ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്നു മന്ത്രി പറഞ്ഞു. ഇതിന് ജനപ്രതിനിധികളും പൊതുജനങ്ങളും മുൻകൈയെടുക്കണം.

വികസന പദ്ധതികളാണു നാടിന്റെ വളർച്ചയുടെ അളവുകോൽ. അവയുടെ പൂർത്തീകരണത്തിന് തടസമായി വരുന്ന നീക്കങ്ങളെ തള്ളിക്കളയണം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാര പുരോഗതി കൈവരിക്കുന്നതിനുമുള്ള ചർച്ചകൾക്കാണു പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, പാറശാല നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ വി.വി. ബിനു, പൊതുമരാമത്ത് വകുപ്പ് ദക്ഷിണ മേഖലാ സൂപ്രണ്ടിങ് എൻജിനീയർ ജി. ഉണ്ണിക്കൃഷ്ണൻ നായർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാട്ടാക്കടയിൽ ഇനി ഹരിതവിദ്യാലയങ്ങൾ

കേരഗ്രാമം പദ്ധതിക്ക് തുടക്കമായി