in

കായിക രംഗത്ത്  അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സ്പോര്‍ട്സ് എക്സ്പോ  

തിരുവനന്തപുരം: രാജ്യാന്തര തലങ്ങളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.  

സ്കൂള്‍തലം മുതല്‍ സമഗ്രമായ കായിക പരിശീലനം ലഭ്യമാക്കുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണെന്നും ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച ത്രിദിന രാജ്യാന്തര സ്പോര്‍ട്സ് എക്സ്പോയോടനുബന്ധിച്ചു നടന്ന സെമിനാറില്‍ അവര്‍ അഭിപ്രായപ്പെട്ടു.

കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍  വിവിധോദ്ദേശങ്ങളില്‍ കേന്ദ്രീകരിച്ചവയായിരിക്കണമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ ഗ്രേറ്റ് സ്പോര്‍ട്സ് ടെക്  ലിമിറ്റഡ് എംഡി  അനില്‍കുമാര്‍ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ള മത്സരങ്ങള്‍ക്കായി വന്‍തുക മുടക്കി സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയും പിന്നീട്  അവ ഒഴിച്ചിടുകയും ചെയ്യുന്നതിനേക്കാള്‍ മിസോറാം മാതൃകയില്‍ താല്‍ക്കാലിക മോഡുലാര്‍ ഗാലറികള്‍ ചെലവു ചുരുക്കി നിര്‍മിക്കാം.  

സ്റ്റേഡിയങ്ങള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന്  ടര്‍ഫ് പ്രൊട്ടക്ഷന്‍  സംവിധാനം നടപ്പിലാക്കിക്കൊണ്ട് മറ്റു പരിപാടികളും നടത്താം. മോഡുലാര്‍ സ്പോര്‍ട് ഫ്ളോറിംഗ്, എയര്‍ സപ്പോര്‍ട്ടഡ് സ്ട്രക്ചര്‍,  ഹൈബ്രിഡ് ഗ്രാസ് സൊലൂഷന്‍, ഓട്ടോമേറ്റഡ് സക്ഷന്‍ സിസ്റ്റം തുടങ്ങിയ അത്യാധുനിക സങ്കേതങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ ഗ്രാമപ്രദേശങ്ങളിലും അത്യാധുനികമായ കായിക അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കാനായാല്‍ മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് മുന്‍ രാജ്യാന്തര താരം  കെഎം ബീനാമോള്‍ പറഞ്ഞു.

കേരളത്തില്‍ അത്യാധുനിക സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിനാണ് ഉന്നല്‍ നല്‍കേണ്ടതെന്നും അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയിക്കാന്‍  പ്രാദേശികമായി  ഇവ ലഭ്യമാക്കണമെന്നും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് മെമ്പര്‍  ഒ.കെ വിനീഷ് വ്യക്തമാക്കി.

കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്ഥലപരിമിതിയുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കായികവിഭാഗം മുന്‍ മേധാവി പ്രൊഫ. പഴനിയാപിള്ള അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കായി  പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും അവ പരിപാലിക്കുന്നതിനും മുന്‍തൂക്കം നല്‍കണം. ഹരിയാന ഈ രംഗത്ത് മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്ന സ്പോര്‍ട്സ് ഹബ്ബുകള്‍ രൂപപ്പെടുത്തണമെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

കായിക പരിശീലനവും ആധുനിക പ്രവണതകളും, കായിക രംഗത്തെ സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലും സെമിനാറുകള്‍ നടന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭിത്തികളില്‍ തൂങ്ങുന്ന കളിമണ്‍ പ്രതിമകൾ ഒരുക്കി അഭിജിത്ത്

കാന്തന്റെ കഥ; ഷെരീഫ് ഈസയുടെ സ്വപ്നം