Spy case, Nambi Narayanan, book, controversy, Sibi Mathews,
in ,

ചാരക്കേസിൽ കുറ്റസമ്മതമെന്ന വാദത്തിൽ വീണ്ടും വിവാദം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് (ISRO spy case) സംബന്ധിച്ച് സിബി മാത്യൂസ് (Sibi Mathews) തന്നോട് കുറ്റസമ്മതം നടത്തിയെന്ന മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ (Nambi Narayanan) വെളിപ്പെടുത്തലിനെ തുടർന്ന് വീണ്ടും വിവാദം. ചാരക്കേസിൽ കുറ്റാരോപിതനായിരുന്ന നമ്പി നാരായണന്റെ വ്യാഴാഴ്ച്ച പുറത്തിറങ്ങുന്ന ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് കുറ്റസമ്മതം നടത്തിയാതായി പരാമർശമുള്ളത്.

പൊതുസുഹൃത്തിന്റെ വീട്ടില്‍ വച്ച് സിബി മാത്യൂസിനെയും ഭാര്യയെയും കണ്ടതായും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ലെന്ന് സിബി മാത്യൂസ് പറഞ്ഞതായും നമ്പി നാരായണൻ വ്യക്തമാക്കുന്നു. ഡി.ജി.പി.യായിരുന്ന ടി.വി. മധുസൂദനന്റെ ബോധപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്വേഷണം ഏറ്റെടുത്തതെന്ന് സിബി മാത്യൂസ് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിബിയുടെ ഭാര്യ മാപ്പുചോദിച്ചതായും പുസ്തകത്തിലുണ്ട്.

എന്നാൽ നമ്പി നാരായണന്റെ വെളിപ്പെടുത്തല്‍ വസ്തുതാപരമല്ലെന്നും നാലു വര്‍ഷം മുൻപ് സാംസ്‌കാരിക പ്രവര്‍ത്തകനായ സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നമ്പി നാരായണനെ കണ്ടിരുന്നതായും സിബി മാത്യൂസ് വെളിപ്പെടുത്തി. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇതെന്നും അന്ന് തെറ്റിദ്ധാരണകള്‍ തിരുത്താനായിരുന്നു ശ്രമിച്ചതെന്നും അതെങ്ങനെ കുറ്റസമ്മതമാകുമെന്ന് അറിയില്ലെന്നും സിബി മാത്യൂസ് പറഞ്ഞു.

അതേസമയം പുസ്തകത്തിലുള്ളത് യാഥാര്‍ഥ്യമാണെന്ന് നമ്പി നാരായണന്‍ അറിയിച്ചു. തന്നെ കാണാന്‍ താത്പര്യം അറിയിച്ചത് സിബി മാത്യൂസാണെന്നും കുറ്റസമ്മതം നടത്താനല്ലെങ്കില്‍ എന്തിനാണ് തന്നെ കാണണമെന്ന് പലവട്ടം അറിയിച്ചതെന്നും അദ്ദേഹം ആരാഞ്ഞു. തനിക്ക് സിബിയെക്കുറിച്ച് തെറ്റിദ്ധാരണകളില്ലെന്നും അദ്ദേഹം പറഞ്ഞു.

സിബി മാത്യൂസും നമ്പി നാരായണനും തന്റെ വീട്ടില്‍ വച്ച് പരസ്പരം കണ്ടിട്ടുണ്ടെന്നും എന്നാൽ തീയതി ഓര്‍ക്കുന്നില്ലെന്നും സൂര്യാ കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി. താനും നമ്പി നാരായണനും ഐ.എസ്.ആര്‍.ഒ.യില്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സിബി മാത്യൂസിനറിയാമെന്നും അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവര്‍ തമ്മില്‍ സംസാരിച്ചത് ശ്രദ്ധിച്ചില്ലെന്നും കുറ്റസമ്മതം നടത്തിയോ എന്ന് അറിയില്ലെന്നും സൂര്യാ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി എന്‍. ശേഷൻ അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തിൽ ചാരക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെയും പോലീസ് ക്യാമ്പുകളിലെ പീഡനത്തിന്റെയും വിശദവിവരങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്പി നാരായണനും ഐ.എസ്.ആര്‍.ഒ.യിലെ ചില ശാസ്ത്രജ്ഞരും ചേര്‍ന്ന് ശാസ്ത്രരഹസ്യങ്ങള്‍ മാലിദ്വീപ് സ്വദേശിനിയ്ക്ക് ചോര്‍ത്തിക്കൊടുത്തെന്നാണ് ചാരക്കേസിനാസ്പദമായ ആരോപണം.

1996-ല്‍ നമ്പി നാരായണനെ സി.ബി.ഐ. കുറ്റവിമുക്തനാക്കിയിരുന്നു. 1998-ല്‍ സുപ്രീംകോടതി ഇത് ശരി വച്ചു. 2012-ല്‍ അദ്ദേഹത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസിലെ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് നമ്പി നാരായണന്‍.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ടിഎം ജേക്കബിന്റേത് സര്‍ഗാത്മക നിയമസഭാ പ്രവര്‍ത്തനം: സ്പീക്കര്‍

Car ride controversy, karat Faisal, Kodiyeri, enquiry,

വിവാദ കാർ യാത്ര പാര്‍ട്ടി അന്വേഷിക്കും: കോടിയേരി