ഈ നശിച്ച കാലവും നാം മറികടക്കും, നശിച്ച ഭാഷയെ നാം മറികടന്നതു പോലെ 

ഭാഷ ആയുധമാണ്. പ്രഹരിക്കാനും മുറിവേൽപ്പിക്കാനും ശേഷിയുള്ള  മൂർച്ചയുള്ള ആയുധം. അതവർക്ക് നന്നായറിയാം. ഷിബുവും ഫെമിനിച്ചിയും മഹിഷിയും അത്തരം നിർമിതികളാണ്. ഭാഷ കൊണ്ട് അശ്ലീലം  കളിക്കുന്നവരുടെ ഗൂഢോദ്ദേശ്യത്തോടെയുള്ള നിർമിതികൾ. സന്ദീപാനന്ദ ഗിരിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വാക്കാണ്‌ ഷിബു. തുളസീദാസ് എന്നാണ് പൂർവ്വാശ്രമത്തിലെ തന്റെ പേരെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും അവർ ഷിബു എന്ന് തന്നെ ആവർത്തിച്ച് വിളിക്കും. ആശ്രമം ചുട്ടെരിച്ചും അപ്രഖ്യാപിത  ശത്രുവിനെ പ്രതീകാത്മകമായി സംഹരിച്ചും അതേ പേരിൽ അവർ  റീത്തുവെയ്ക്കും. ഷിബു എന്ന പേരിനൊപ്പം  ചേർക്കുന്ന ഇനീഷ്യൽ നോക്കൂ…ശബരിമലയുടെ ചരിത്രവസ്തുതകൾ വെളിപ്പെടുത്തിയും അവകാശത്തർക്കം ഉന്നയിച്ചും രംഗത്തുവന്ന മലയരയൻ വിഭാഗത്തിലെ ഗവേഷകനായ  സജീവന്റെ ഇനീഷ്യലാണ് ‘പി കെ’. അതോടെ ഇവരുടെ ലക്ഷ്യം മറനീക്കി പുറത്തുവരുന്നു.

സന്ദീപാനന്ദ ഗിരിയെ മാത്രമല്ല അവർ ലക്ഷ്യം വെയ്ക്കുന്നത്. മലയരയനായ പി കെ സജീവനെക്കൂടിയാണ്. അത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആയിരം ആവർത്തിക്കുന്ന നുണ സത്യമാണെന്ന് തെറ്റിദ്ധരിക്കപ്പെടും. ലോകത്തെവിടെയും അന്ധമായ വിശ്വാസത്തിന്റെ ചരിത്രം അങ്ങനെയാണ് പറഞ്ഞുതരുന്നത്. വസ്തുതകൾ പരിശോധിച്ചറിയാൻ ഒട്ടും മിനക്കെടാത്ത, കെട്ടുകഥകളിൽ മാത്രം വിശ്വാസവും  അസ്തിത്വവുമുള്ള ആൾക്കൂട്ടങ്ങളിലേക്കാണ് ഗൂഢമായ ഉദ്ദേശ്യത്തോടെ അശ്ളീല ഭാഷയുടെ ഇത്തരം ആയുധങ്ങളെ അവർ ഒളിച്ചുകടത്തുന്നത്. കാറ്റും വെളിച്ചവും കടന്നുചെല്ലാത്ത പാരമ്പര്യത്തിന്റെ ഇരുണ്ട ആവാസവ്യവസ്ഥകൾക്കകത്ത്  ഇത്തരം ഗൂഢ നിർമിതികൾക്കും നുണകൾക്കും നിലനിൽപ്പുണ്ടാകും. സത്യത്തേക്കാൾ വലിയവേഗത്തിൽ അത് പ്രചരിക്കും.

ഹൈന്ദവ ഫാസിസ്റ്റുകൾ ഏറെക്കാലമായി അനുവർത്തിച്ചുവരുന്ന ഈ ഗൂഢ  തന്ത്രത്തെക്കുറിച്ചാണ്  ശ്രീചിത്രൻ എം ജെ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നത്.


ഒരു നുണ നൂറാവർത്തിച്ചാൽ സത്യമെന്ന പ്രതീതീയുണ്ടാക്കാനാവും എന്ന ഗീബല്സിന്റെ പഴയ തന്ത്രം ഇന്നും പയറ്റിക്കൊണ്ടിരിക്കുകയാണ്  ഹിന്ദുതീവ്രവാദം. സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവർക്കറിയാം. ആയിരം തവണ അദ്ദേഹം തന്നെ ആവർത്തിച്ചതാണ് അച്ഛനമ്മമാർ തനിക്കിട്ട പേര് തുളസീദാസ് എന്നാണ് എന്ന്. എങ്കിലും അവർ വന്നിരുന്ന് ‘ഷിബൂ’ എന്നലറിക്കൊണ്ടിരിക്കും. ആയിരം തവണ ആവർത്തിക്കുമ്പോൾ കുറേപ്പേർ അതായിരിക്കും സന്ദീപാനന്ദഗിരിയുടെ പഴയപേരെന്നു ധരിക്കുമെന്ന് അവർക്കറിയാം. 

ഇനി അതാണ് പഴയ പേരെന്നു വെക്കുക, എന്താണ് കുഴപ്പമെന്ന് ചിന്തിക്കാനുള്ള ശേഷിയോ ചരിത്രജ്ഞാനമോ ഇല്ലാത്ത ഒരു സമൂഹത്തെയാണ് തങ്ങൾ നേരിടുന്നത് എന്നാണ്  ഇവർ കരുതുന്നത്.  നാരായണഗുരുവിനെ നാണുവെന്നോ, വൈകുണ്ഠസ്വാമികളെ മുത്തുക്കുട്ടിയെന്നോ, വാഗ്ഭടാനന്ദനെ കുഞ്ഞിക്കണ്ണനെന്നോ വിളിക്കുന്നതുകൊണ്ട് അവർക്കെന്തെങ്കിലും ഇടിവുവരുന്നു എന്നു കരുതേണ്ടതില്ലല്ലോ. 

നവോത്ഥാനപാരമ്പര്യത്തിൽ നിന്ന് കടന്നുവന്ന ഏതു സന്യാസിയുടെയും പൂർവ്വാശ്രമത്തിലെ പേര് അവരെ കളിയാക്കാനായി ഉപയോഗിച്ചിരുന്നു. അതവരുടെ ആശയങ്ങളെ സ്പർശിച്ചതുപോലുമില്ല. ‘ഷിബു’ എന്നോ, ‘ശശി’ എന്നോ മുഖം ഒരു വശത്തേക്കു കോട്ടി പുളിച്ച പരിഹാസത്തോടെ വിളിക്കുമ്പോൾ തങ്ങൾ പ്രസരിപ്പിക്കുന്ന അപരനിന്ദയുടെ വിഷം സമൂഹം ഏറ്റെടുക്കും എന്ന ധാരണയാണ് ഇവരുടേത്. കേരളത്തിൽ അതു തെറ്റിദ്ധാരണയാണ്.

ചില മനുഷ്യരുടെ പേരുകൾ മാത്രമല്ല ഇങ്ങനെ പരനിന്ദയ്ക്കായി ചവിട്ടിയരയ്ക്കപ്പെടുന്നത്. ഫെമിനിസത്തിന്റെ അടിസ്ഥാനമെന്തെന്നു പോലും അറിയാത്തവരാണ് ഈയിടെയായി ഫെമിനിച്ചികൾ എന്നൊരു വാക്ക് കൊരുത്തെടുത്തത്.  ഫെമിനിസ്റ്റ് എന്ന വാക്കുതന്നെ ഒരു തെറിവാക്കായി ഉപയോഗിക്കുന്നവർ ശബരിമല വിധിക്കു ശേഷം സുലഭമായിക്കഴിഞ്ഞു. മലകയറാൻ നാട്ടിൽ സ്ത്രീകളെ കിട്ടാതായപ്പോൾ സർക്കാർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ഫെമിനിസ്റ്റുകളെ ആട്ടിത്തൊളിച്ചുകൊണ്ടുവന്നു മലകയറ്റുന്നു എന്നാണ് ഒരു സനാതനഹിന്ദുനേതാവ് കഴിഞ്ഞ ദിവസം പറയുന്നതുകേട്ടത്. ഫെമിനിസ്റ്റ് എന്നാൽ എന്തോ വംശനാശം വന്ന ജീവിവർഗമെന്നോണമാണ് പ്രയോഗങ്ങൾ.

മലകയറാൻ വരുന്ന സകലസ്ത്രീകൾക്കുമായി നൽകപ്പെട്ട ടാഗ് അതാണ് താനും. ഒരു പഴയ വാക്കിന്റെ സദൃശപദം പിന്നീടുണ്ടാക്കിയാൽ ആദ്യവാക്കിന്റെ സാംസ്കാരികമൂലധനം രണ്ടാമത്തെ പുതിയ വാക്കിൽ പ്രതിഫലിക്കും എന്ന ചോംസ്കിയുടെ നിരീക്ഷണം മനസ്സിലാവാൻ ‘ഫെമിനിച്ചി’ എന്ന വാക്ക് നോക്കിയാൽ മതി. ‘ച്ചി’ എന്ന അന്ത്യശബ്ദത്തിന് ‘കൂത്തച്ചി’ എന്ന പഴയവാക്കിന്റെ ധ്വനിയുണ്ട്. കൂത്ത് ആടിയിരുന്ന അച്ചിമാരുടെ, നർത്തകീനാമധേയത്തിൽ നിന്ന് തരംതാണ് തെറിയായി പരിണമിച്ച കൂത്തച്ചിയുടെ ഓർമ്മ കേൾക്കുന്നവരിലുണർത്തുകയാണ് ഫെമിനിച്ചിയുടെ ലക്ഷ്യം.

വീട്ടിൽ അടങ്ങിയിരിക്കുന്ന സ്ത്രീകൾ മല ചവിട്ടില്ല – അപ്പോൾ മല ചവിട്ടുന്ന സ്ത്രീകൾ ഉത്തമകുടുംബിനികളല്ല- അതിനാൽ അവർ ഫെമിനിച്ചികളാകുന്നു. ഇതാണ് ഈ ചിന്തയുടെ റൂട്ട്. ഈ ധാരണയുമായാണ് പാവം സ്ത്രീകളെ നിരത്തിലിറക്കി തെറിജബഘോഷയാത്ര നടത്തിയത്.

ഇനി, ഇപ്പോഴും മലകയറാൻ വരുന്ന സ്ത്രീകളെ ഇവർ വിശേഷിപ്പിക്കുന്ന മറ്റൊരു പേര് നോക്കൂ – ‘മഹിഷി’.  അയ്യപ്പകഥകളിലൊന്നായ മഹിഷീനിഗ്രഹത്തിൽ നിന്ന് എടുത്തതെന്ന് പ്രത്യക്ഷത്തിൽ തോന്നും. വാസ്തവത്തിൽ അതിന്റെ വേര് അവിടെയല്ല. കേരളനവോത്ഥാനത്തിന്റെ ചരിത്രത്തിൽ മഹിഷി എന്ന പേരുണ്ട്. നമ്പൂതിരിസ്ത്രീകൾ അന്തർജനസമാജമുണ്ടാക്കിയപ്പോൾ യോഗക്ഷേമസഭയുടെ യാഥാസ്ഥിതികപക്ഷം അതിനെ  എതിർത്തു. കാണിപ്പയ്യൂർ ഉണ്ണിനമ്പൂതിരിയിൽ ലേഖനമെഴുതി. ലേഖനത്തിൽ അദ്ദേഹം എഴുതിയ ഒരു കഥയുണ്ട്. കാള പശുവിനോട് പറഞ്ഞു, നീയെന്നെപ്പോലെ കഷ്ടപ്പെട്ട് പുറത്തെല്ലാം പോയി നിലമുഴുതും പണിയെടുത്തും കഷ്ടപ്പെടണ്ട, തൊഴുത്തിൽ നിന്നോളൂ എന്ന്. കുലസ്ത്രീയായ പശു അതനുസരിച്ചു.

അതുകൊണ്ടിന്നും പശുവിനെ ആരും നിലമുഴാൻ കൂട്ടാറില്ല. ഇതുകണ്ട പോത്ത്  എരുമയോടും ഇതുതന്നെ പറഞ്ഞു. അപ്പോൾ എരുമ പറഞ്ഞത് അങ്ങനെ നിങ്ങൾ മാത്രം പുറത്തുപോയി ഇഷ്ടം പോലെ നടന്ന് സുഖിക്കണ്ട, എനിക്കും അതിന് അവകാശമുണ്ട് എന്നൊക്കെയാണ്.

‘ആ മഹിഷികളുടെ പിൻതലമുറക്കാരാണ് നമ്പൂതിരിസമാജമുണ്ടാക്കി പുറത്തേക്കിറങ്ങുന്ന അന്തർജനങ്ങൾ’ എന്നായിരുന്നു കാണിപ്പയ്യൂരിന്റെ ലേഖനം. ആ മഹിഷിയെന്ന വിശേഷണമാണ് ഇന്ന് മലയിലേക്ക് കയറാനൊരുങ്ങുന്ന സ്ത്രീകളിലേക്കെത്തുന്നത്. ആ വാക്കിൽ വർണ്ണവിദ്വേഷവും ജാതിവിദ്വേഷവും സ്ത്രീവിദ്വേഷവും ഒരുപോലെ നുരയ്ക്കുന്നു. അതൊരു അഭിമാനകരമായ പ്രയോഗമായി ഇവർ എടുത്തണിയുകയും ചെയ്യുന്നു.

വാക്കുകൾക്ക് പിന്നിൽ ചരിത്രം തിരയടിക്കുന്നു. ഈ നശിച്ചകാലവും നാം മറികടക്കും. നശിച്ച ഭാഷയെ നാം മറികടന്നതുപോലെ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കുകിഴക്കനേഷ്യയിൽ ആസ്ത്മ രോഗികളുടെ എണ്ണം വർധിക്കുന്നു.