
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ ( Varapuzha Sreejith ) മരണത്തിനു പിന്നില്‍ ഉരുട്ടിക്കൊലയ്ക്ക് സമാനമായ മര്‍ദ്ദനമാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു.
ഈ കേസില്‍ സിപിഎമ്മും പോലീസും ഒരു പോലെ പ്രതിസ്ഥാനത്താണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ഇനി സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായും പോലീസ് ഇപ്പോള്‍ കഥകള്‍ മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓരോ ദിവസവും പോലീസ് ഓരോ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നതായും പല രീതിയില്‍ മൊഴികള്‍ മാറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
പ്രതികള്‍ പോലീസുകാരായതിനാലും പാര്‍ട്ടി ബന്ധം പുറത്തു വരും എന്നതുകൊണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാണ് കേസ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അതുകൊണ്ടുതന്നെ പോലീസില്‍ നിന്ന് ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കില്ലെന്ന കാര്യം വ്യക്തമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കേസ് സിബിഐ.ക്ക് വിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തില്‍ ബാരിക്കേഡുകള്‍ തകര്‍ത്തതിന് പുറമെ യൂത്ത് കോണ്‍ഗ്രസ്പ്ര വര്‍ത്തകര്‍ പോലീസിന് നേര്‍ക്ക് കല്ലുകളും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞു.
സംഘര്‍ഷം രൂക്ഷമായപ്പോള്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.