കശ്മീര്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി ബിനാലെയ്ക്കുള്ളിലെ ബിനാലെ

കൊച്ചി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയിലെ സ്വര്‍ഗമായിരുന്ന സ്ഥലം ഇന്ന് അശാന്തിയുടെ വിളനിലമായി മാറിയ കഥ പറയുകയാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ശ്രീനഗര്‍ ബിനാലെ പ്രതിഷ്ഠാപനം. സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ത്ഥികളായി കഴിയുന്ന ഒരു ലക്ഷത്തിലധികം പേരുടെ യാതനകളുടെയും അതെത്തുടര്‍ന്ന് കശ്മീരിന് അനുഭവിക്കേണ്ടി വരുന്ന ദുര്‍ഗതിയുടെയും കഥയാണ് വീര്‍ മുന്‍ഷി ഒരുക്കിയ ശ്രീനഗര്‍ ബിനാലെ പറയുന്നത്.

കശ്മീരിലെ രണ്ട് സമുദായങ്ങള്‍ അനുഭവിച്ചു വരുന്ന യാതനകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടിയാണ് വീര്‍ മുന്‍ഷി ശ്രീനഗര്‍ ബിനാലെയെ പ്രതിനിധീകരിച്ച് ഈ പ്രമേയം തന്നെ തെരഞ്ഞെടുത്തത്. രണ്ട് മതവിഭാഗങ്ങളില്‍ നിന്നുമുള്ള 14 കലാകാരډാരാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ ശ്രീനഗര്‍ ബിനാലെയുടെ ഭാഗമായി പങ്കെടുക്കുന്നത്.

മട്ടാഞ്ചേരിയിലെ ടികെഎം വെയര്‍ഹൗസിലാണ് ശ്രീനഗര്‍ ബിനാലെയുടെ പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സൂഫി ദര്‍ഗയുടെ മാതൃകയിലാണ് പ്രധാന പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ വാസ്തുകലയുടെയും മതേതരത്വത്തിന്‍റെയും പ്രതീകമായാണ് അദ്ദേഹം ഈ നിര്‍മ്മിതി രൂപകല്‍പന ചെയ്തത്.

സൂഫി ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും പ്രവേശിക്കാമെന്നതാണ് പ്രത്യേകതയെന്ന് വീര്‍ മുന്‍ഷി പറഞ്ഞു. ഇത്തരം ഇടങ്ങള്‍ എങ്ങിനെയാണ് മാറ്റി നിറുത്തപ്പെട്ടതെന്ന് അന്വേഷിക്കുകയാണ് കലാകാരന്‍. ഈ ദര്‍ഗയ്ക്കുള്ളില്‍ ചെറിയ ശവപ്പെട്ടികള്‍ ഒരുക്കിയിരിക്കുന്നു. അതിലെല്ലാം എല്ലും തലയോട്ടിയുമുണ്ട്. കൊല്ലപ്പെട്ട കശ്മീരിയുടേയോ, പണ്ഡിറ്റിന്‍റെയോ, പട്ടാളക്കാരന്‍റെയോ, തീവ്രവാദിയുടെയോ അവശിഷ്ടമാണോ ഇതെന്ന ചോദ്യവും അദ്ദേഹം സന്ദര്‍ശകരോട് ഉന്നയിക്കുന്നുണ്ട്. മരണത്തിനപ്പുറം വിദ്വേഷങ്ങള്‍ക്കും താന്‍പോരിമയ്ക്കും പ്രസക്തിയില്ലെന്ന വലിയ സന്ദേശമാണ് വീര്‍മുന്‍ഷി ഇതിലൂടെ നല്‍കുന്നത്.

കലാപ്രകടനം, ചിത്രരചന, ഫോട്ടോഗ്രഫി, കടലാസ് കലാസൃഷ്ടികള്‍, വീഡിയോ പ്രതിഷ്ഠാപനം തുടങ്ങിയ സൃഷ്ടികളാണ് ശ്രീനഗര്‍ ബിനാലെയിലുള്ളത്. വീര്‍ മുന്‍ഷിയെക്കൂടാതെ അല്‍ത്വാഫ് കാദരി, എഹ്തിഷാം അസര്‍, ഗാര്‍ഗി റെയ്ന, ഹീന ആരിഫ്, ഇന്ദര്‍ സലീം, ഖൈതുല്‍ അബ്യാദ്, മൗമൂന്‍ അഹമ്മദ്, മുജ്താബ റിസ്വി, നീരജ് ബക്ഷി, രാജേന്ദര്‍ ടികു, സന്ന ഇര്‍ഷാദ് മാട്ടൂ, ഷൗക്കിബ് ഭട്ട്, ഷൗക്കത്ത് നന്ദ എന്നിവരാണ് മറ്റ് കലാകാരډാര്‍.

വംശീയ കലാപത്തെത്തുടര്‍ന്നുണ്ടായ പലായന സമയത്ത് കശ്മീരില്‍ ഉണ്ടായിരുന്നവരാണ് കലാകാരില്‍ പലരുമെന്ന് 63 കാരനായ വീര്‍ മുന്‍ഷി പറഞ്ഞു. കശ്മീരിലെ ന്യൂനപക്ഷമായിരുന്ന ഹിന്ദു സമൂഹം സംസ്ഥാനത്തിന് വെളിയിലേക്ക് പലായനം ചെയ്തപ്പോള്‍ മുസ്ലീം സമുദായം അവിടെ തന്നെ നിന്നു. പക്ഷെ ഇവര്‍ക്കുണ്ടായ സാംസ്കാരിക ശോഷണം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹവും വിശ്വാസവും തിരികെയെത്തിച്ചാല്‍ കശ്മീര്‍ വീണ്ടും സ്വര്‍ഗമാകുമെന്നാണ് ബറോഡ സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ വീര്‍ മുന്‍ഷിയുടെ പക്ഷം.

കാക്കകളെ സന്ദേശവാഹകരായി അവതരിപ്പിച്ചു കൊണ്ടാണ് ഗാര്‍ഗി റെയ്നയുടെ കലാസൃഷ്ടി. കലാപങ്ങളും അക്രമങ്ങളും എങ്ങിനെയാണ് ഓര്‍മ്മകളായി മാറുന്നതെന്നും പിന്നെ ആ ഓര്‍മ്മകള്‍ എങ്ങിനെയാണ് അത്യാഹിതങ്ങളായി മാറുന്നതെന്നുമുള്ളതാണ് ഷൗക്കിബ് ഭട്ടിന്‍റെ പ്രമേയം.

കശ്മീരില്‍ നിന്നും അപ്രത്യക്ഷരായ വ്യക്തികളുടെ ഫോട്ടോ കോര്‍ത്തിണക്കിയാണ് മുജ്താബ റിസ്വിയുടെ പ്രതിഷ്ഠാപനം. അദ്ദേഹം തന്നെയെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനത്തിന് ചുംബനം നല്‍കാന്‍ ഒരു മകനുണ്ടായിരുന്നെങ്കില്‍ (ഇഫ് ദെയര്‍ ഇസ് എ സണ്‍ ദാറ്റ് ഷീ കുഡ് കിസ്) എന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന പേര്. സുരക്ഷ ഭടډാര്‍ പിടിച്ചു കൊണ്ടു പോയ ജാവേദ് അഹങ്കാര്‍ എന്ന ചെറുപ്പക്കാരനെയാണ് ഇതില്‍ പ്രമേയമാക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ ഈ ഫോട്ടോ കണ്ട് ഇതിലുള്ളവരെ കുറിച്ച് അന്വേഷിക്കാന്‍ ശ്രമിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

കശ്മീരിലെ ശ്മശാനത്തിലെ കുഴിവെട്ടുകാരന്‍റെ മാനസിക വേദനയാണ് സന്ന ഇര്‍ഷാദ് മാട്ടൂ വിന്‍റെ  പ്രമേയം. കശ്മീരിലെ വര്‍ത്തമാനകാല സാഹചര്യം വിവരിക്കുന്ന പ്രമോണിഷന്‍സ് എന്ന വരകളാണ് നീരജ് ബക്ഷിയുടെ സൃഷ്ടി.

പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനത്തില്‍ ഷൗക്കിബും ഹീനയും ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപ്രകടനം നടത്തിയിരുന്നു. ഈ പ്രദര്‍ശനത്തിന് എത്തുന്നവരുടെ ദേഹപരിശോധന നടത്തുകയാണ് ഇരുവരും ചെയ്യുന്നത്. വരുന്നത് ആരായാലും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദേഹപരിശോധന നടത്തും. പലര്‍ക്കും ഇത് അസഹനീയമായും തങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായും തോന്നാം. പക്ഷെ കശ്മീരികള്‍ എല്ലാദിവസവും പല പ്രാവിശ്യം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിതെന്ന് പരിശോധന കഴിഞ്ഞ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ മനസിലാകും. ഒപ്പം നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വില മതിക്കാനാകാത്തതാണെന്നും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുതുവർഷം അനന്തപുരിക്ക് ‘വസന്തോത്സവ’മാകും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രമേഹത്തിനുള്ള മരുന്നുകൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം