കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം: മന്ത്രി

വര്‍ക്കല: പഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപവത്കരിച്ച് കായികമേഖലയെ ജനങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ- കായിക- യുവജനകാര്യ വകുപ്പ് മന്ത്രി  ഇ പി ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമാക്കി ഇടവയില്‍ നിര്‍മ്മിക്കുന്ന ജില്ലാ സ്റ്റേഡിയമായ തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി 700 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കായികരംഗത്ത് കേരളം ഉണര്‍വിന്‍റെ പാതയിലാണ്. സമഗ്രമാറ്റങ്ങള്‍ക്കാണ് കേരളത്തിലെ കായികമേഖല സാക്ഷ്യം വഹിക്കുന്നത്. കേരളീയരുടെ കായികമനോഭാവത്തില്‍ മാറ്റംകൊണ്ടുവരാന്‍ സാധിച്ചു. കളികളുടെ ഉന്നമനത്തിനും കളിക്കാരുടെ ക്ഷേമത്തിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്വ. വി.ജോയി എംഎല്‍എ അധ്യക്ഷത വഹിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ യൂസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സുനിത എസ്.ബാബു, അസിം ഹുസൈന്‍, വി.സുമംഗല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ബാലിക്, ജി.എസ്.മെര്‍ലി, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രവികുമാര്‍, സി.പി.എം ഏരിയാ കമ്മിറ്റിയംഗം ശശാങ്കന്‍ എന്നിവര്‍ സംസാരിച്ചു. കായിക, യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ ഐഎഫ്എസ് സ്വാഗതവും ഇടവ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹര്‍ഷാദ് സാബു നന്ദിയും പറഞ്ഞു. ഇടവ മേഖലയിലെ വിവിധ സ്പോര്‍ട്സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മന്ത്രിക്ക് സ്വീകരണം നല്‍കി.

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പതിനാല് ജില്ലാ സ്റ്റേഡിയങ്ങളില്‍ ആദ്യത്തേതാണിത്. 2016 – 17 ലെ പരിഷ്കരിച്ച ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം ജില്ലാ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഇടവയിലെ 6.35 ഏക്കര്‍ സ്ഥലത്താണ്. 34.25 കോടി രൂപയാണ് ഇതിന്‍റെ അടങ്കല്‍ തുക.

ഈ ജില്ലാ സ്റ്റേഡിയസമുച്ചയത്തില്‍ രണ്ടായിരത്തി നാന്നൂറ് മീറ്റര്‍ കളിസ്ഥലത്തോടുകൂടിയ ഇരുനിലകളുള്ള ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയം, ഫിഫ നിലവാരത്തിലുള്ള സെവന്‍സ് ഫുട്ബോള്‍ ഗ്രൗണ്‍ണ്ട്, നീന്തല്‍ക്കുളം, ഗ്യാലറി എന്നിവ സജ്ജീകരിക്കും. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയസമുച്ചയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടുകൂടി ബാസ്ക്കറ്റ് ബോള്‍, വോളീബോള്‍, ബാഡ്മിന്‍റണ്‍, ഫുട്ബോള്‍, നീന്തല്‍ മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഇത് ഉപയോഗപ്രദമാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലോക തണ്ണീർത്തട ദിനാചരണം: പരിസ്ഥിതി സെമിനാറും പോസ്റ്റർ രചനാ മത്സരവും 

കശുവണ്ടി: പുനരുദ്ധാരണ പാക്കേജ് ഈ മാസം നടപ്പാക്കും