
ലണ്ടൻ: ലോക പ്രശസ്ത ഭൗതിക ശാസ്തജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. കോടീശ്വരനായ റിച്ചാർഡ് ബ്രാൻസണിന്റെ ബഹിരാകാശ പദ്ധതിയിലാണ് ശരീരത്തിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട സ്റ്റീഫൻ ഹോക്കിംഗ് കൂടി പങ്കെടുക്കാനൊരുങ്ങുന്നത്.
‘ബഹിരാകാശ യാത്ര എന്നത് തന്റെ ഒരു വലിയ സ്വപ്നമായിരുന്നു എന്നും, എന്നാൽ തന്റെ ശാരീരിക ആരോഗ്യ അവസ്ഥ കണക്കിലെടുത്ത് ആരും അതിന് തയ്യാറാവില്ലെന്നുമാണ് താൻ കരുതിയിരുന്നതെന്നും’ അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ റിച്ചാർഡ് ബ്രാൻസൺ തന്നെ ബഹിരാകാശത്ത് എത്തിക്കാമെന്ന് വാക്ക് നൽകിയതായി ബ്രിട്ടീഷ് ഭൗതിക-ജ്യോതി ശാസ്തജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് അറിയിച്ചു.
റിച്ചാർഡ് ബ്രാൻസൺ തന്റെ ബഹിരാകാശ വാഹനമായ വിർജിൻ ഗാലക്ടികിൽ സ്റ്റീഫൻ ഹോക്കിംഗിന് ഒരു സീറ്റ് വാഗ്‌ദാനം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. വിർജിൻ ഗാലക്ടികിൽ ബഹിരാകാശ യാത്ര നടത്തുവാനുള്ള അവസരത്തിനായി 700 ആളുകളാണ് കാത്തിരിക്കുന്നത്.
ഒരു ടിക്കറ്റിന് ഏകദേശം 2,50,000 ഡോളറാണ് (1.6 കോടിയിലധികം രൂപ) ഈടാക്കുന്നത്. “മോട്ടോർ ന്യൂറോണ്‍ ഡിസീസ്” എന്ന അത്യപൂർവ്വ രോഗബാധിതനായ സ്റ്റീഫൻ ഹോക്കിംഗ് ശാരീരിക വൈകല്യത്തെ അതിജീവിച്ച് ‘വികസിക്കുന്ന പ്രപഞ്ചം’ ഉൾപ്പെടെയുള്ള ധാരാളം സുപ്രധാന ഗവേഷണ പ്രബന്ധങ്ങൾ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.