ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികള്‍ എടുക്കുന്നതിന് തീരുമാനമായി. ചീഫ് സെക്രട്ടറിയുടേയും ദുരന്തനിവാരണ അതോറിറ്റിയുടേയും നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഈ നടപടികള്‍.

തമിഴ്നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ ഏകദേശം പൂര്‍ണ്ണമായ നിലയില്‍ എത്തിയിരിക്കുന്നതിനാല്‍ ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ടു സ്ല്യയിസ് ഗേറ്റ് കളും ജില്ലാ ഭരണാധികാരികളുടെ അനുമതിയോടെ തുറന്ന് ചെറിയ തോതിൽ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്.

ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 160 മീറ്റര്‍ താഴെയാണെങ്കില്‍ തന്നെയും അവിടെയും ഡാമിന്റെ ഗേറ്റുകള്‍ തുറന്നു വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് നില്‍ക്കുന്നതിനാല്‍ ബാണാസുരസാഗര്‍ ഡാമില്‍ നിന്നും കുറ്റ്യാടി ഡാമില്‍ നിന്നും ആവശ്യമെങ്കിൽ ജലം കുറേശ്ശയായി പുറത്തേയ്ക്ക് ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളില്‍ നിന്നും ആവശ്യമെങ്കില്‍ ജലം പുറത്തേയ്ക്ക് ഒഴുക്കുക.

ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് –ഉം അതി തീവ്ര മഴയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി നിരപ്പായ 2403 അടിയേക്കാള്‍ 15 അടി കുറവാണെങ്കില്‍ പോലും കുറേശ്ശയായി വെള്ളം ആവശ്യമെങ്കിൽ പുറത്തേയ്ക്ക് ഒഴുക്കി വിടണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഏതു സാഹചര്യത്തിലും ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനുമുന്‍പായി ജില്ലാ ഭരണാധികാരികളെയും ദുരന്തനിവാരണ അതോറിറ്റിയെയും മൂന്‍കൂട്ടി അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതിതീവ്രമഴയും ഡാമുകളിലേയ്ക്കുള്ള നീരൊഴുക്കും പ്രതീക്ഷിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കാനും ഇപ്പോള്‍ തുറന്നിരിക്കുന്ന മാട്ടുപ്പെട്ടി, പൊന്‍മുടി, കുണ്ടള ഡാമുകളില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് ആവശ്യമെങ്കില്‍ ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്.

കൃത്യമായ നിരീക്ഷണത്തോടെ ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനായി ചീഫ് എന്‍ജിനീയര്‍ ഡാം സേഫ്റ്റിയെ ബോര്‍ഡ് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാട്ടാക്കടയിൽ ഇനി ഹരിത വിദ്യാലയങ്ങൾ മാത്രം

പുനര്‍ജ്ജനി: ഭവന സന്ദര്‍ശനത്തിന് തുടക്കമായി