തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും

തിരുവനന്തപുരം: പരമ്പരാഗതമേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്നതിന് ശക്തമായ ഇടപെടല്‍ നടത്താന്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. തൊഴില്‍ജന്യരോഗങ്ങള്‍ തടഞ്ഞ് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ്, ഇഎസ്‌ഐ അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

വിവിധ തൊഴില്‍ മേഖലകളിലെ നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണം. കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗതമേഖലകളിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇത്തരം മേഖലകള്‍ പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. ഈ രീതി മാറണം.

ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പിനു കീഴിലുള്ള ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. കൊല്ലം ആശ്രാമത്തെ ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യകരമായ തൊഴിലിടങ്ങള്‍ ഉറപ്പുവരുത്തി തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്  മന്ത്രി  വ്യക്തമാക്കി.

വിവിധ തൊഴില്‍മേഖലകളില്‍  തൊഴില്‍ജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച്  പഠനം നടത്തുന്ന പദ്ധതി ഏകോപിപ്പിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. ഇഎസ്‌ഐ ഡയരക്ടര്‍ ഡോ. അജിത എസ് നായര്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയരക്ടര്‍ പി പ്രമോദ്, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരോഗ്യവിഭാഗം ജോ. ഡയരക്ടര്‍ ഡോ. റൂബിന്‍ സി സിറിള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പഠനത്തിനും തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്നതിനും ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ സഹായവും തേടും. ഇഎസ്‌ഐ, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍മാര്‍ക്കും ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരോഗ്യവിഭാഗം ജോ. ഡയറക്ടര്‍ക്കും പുറമെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ സമീറയും യോഗത്തില്‍ സംബന്ധിച്ചു.

കശുവണ്ടി, കയര്‍ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പഠനം നടത്തുക. തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സ്, ക്രഷര്‍, സിമന്റ്അധിഷ്ഠിത വ്യവസായങ്ങള്‍, തടിമില്‍, പാക്കേജിങ്, ഫിഷറീസ് മേഖലകളിലും പഠനം നടത്തും. പഠനത്തിന് കമ്മ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിന്റെ സഹായവും തേടും. പരിശോധനകള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.  ആശ്രാമം  ഓക്കുപ്പേഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനും ലേബാറട്ടറി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും അടിയന്തരനടപടിയെടുക്കാനും തീരുമാനിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി 11 കോടി രൂപ 

പ്രഥമ നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു പരിസമാപ്തി