ദളിത് പീഡനം തുടർക്കഥയാവുന്ന പടിഞ്ഞാറൻ തമിഴ്നാട് 

തിരുപ്പൂരിലെ  ഒരു സർക്കാർ വിദ്യാലയത്തിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിൽ  നിന്ന് ഒരു  ദളിത് സ്ത്രീയെ വിലക്കിയത് അടുത്തിടെയാണ്. സേലം കുപ്പൻ കോട്ടയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ പാചകപ്പണി ചെയ്തിരുന്ന പട്ടികജാതിയിൽ ഉൾപ്പെട്ട   ജ്യോതിക്കും ഇതേ അനുഭവം ഉണ്ടായി. ഹെഡ് മാസ്റ്ററേയും  ചില രക്ഷിതാക്കളേയും പ്രതിചേർത്ത് പട്ടികജാതി പീഡന വിരുദ്ധ നിയമപ്രകാരം  പോലീസ് കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട്  മൂന്നു പേരെ ഇതിനോടകം  അറസ്റ്റ് ചെയ്തു.

നാലുമാസം മുൻപാണ് തിരുപ്പൂരിലെ തിരുമലൈ ഗൗണ്ടൻ പാളയത്ത് പാപ്പാൾ എന്ന ദളിത് സ്ത്രീ ഭീഷണിയും അക്രമവും നേരിട്ടത്. തങ്ങളുടെ കുട്ടികൾക്ക് ഒരു പട്ടിക ജാതിക്കാരി വെച്ചുവിളമ്പുന്നതിൽ വിറളി പൂണ്ട മേൽജാതിക്കാരായ രക്ഷിതാക്കളാണ് പാപ്പാളിനെതിരെ തിരിഞ്ഞത്. അവർ തുടരുകയാണെങ്കിൽ കുട്ടികളെ ഇനിമുതൽ സ്‌കൂളിൽ വിടില്ലെന്നുവരെ  ഒരു വിഭാഗം രക്ഷിതാക്കൾ  തീരുമാനം എടുത്തു. ഉന്നത ജാതി വിഭാഗങ്ങളുടെ ഭീഷണിയെത്തുടർന്ന് അധികൃതർ  പാപ്പാളിന്റെ നിയമനം റദ്ധാക്കി. എന്നാൽ സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന എതിർപ്പുകളെത്തുടർന്ന് പിന്നീടവർക്ക്  ആ തീരുമാനത്തിൽ നിന്ന് പിന്തിരിയേണ്ടി വന്നു.  ദേശീയ പട്ടിക ജാതി കമ്മീഷൻ വിഷയത്തിൽ ഇടപെട്ട് അവരുടെ നിയമനം സ്ഥിരപ്പെടുത്തുകയും ചെയ്തു.

ദളിതുകൾക്കെതിരെയുള്ള വിവേചനവും അക്രമവും തമിഴ്നാടിൻറെ പടിഞ്ഞാറൻ ഭാഗമായ കൊങ്കു മേഖലയിൽ വർധിക്കുകയാണെന്നാണ് ഈ  റിപോർട്ടുകളെല്ലാം പറയുന്നത്.

ഇളവരശൻ എന്ന ദളിത്  യുവാവിന് സ്വന്തം ജീവൻ തന്നെ നഷ്ടമായത് അഞ്ചു വർഷം  മുൻപാണ്. മേൽജാതി  വണ്ണിയാർ വിഭാഗത്തിൽ പെട്ട ദിവ്യ എന്ന യുവതിയെ പ്രണയിച്ചതാണ് ഇളവരശൻ ചെയ്ത കുറ്റം. ശക്തമായ ഭീഷണിയെ വകവെയ്ക്കാതെ ഇരുവരും വിവാഹിതരായി. ഒരു റെയിൽവേ ട്രാക്കിനടുത്തുള്ള കലുങ്കിനരികിലാണ് പിന്നീട് ഇളവരശന്റെ മൃതദേഹം കണ്ടെത്തുന്നത്.

ജാതി സംഘർഷങ്ങളെ തുടർന്ന് ഗോകുൽരാജ്,  ശങ്കർ  തുടങ്ങി  നിരവധി ദളിത് യുവാക്കളാണ്  ഈ പ്രദേശത്ത് കൊലചെയ്യപ്പെട്ടത്.

മതൊരു ഭഗൻ എന്ന നോവലിലെ ചില പരാമർശങ്ങളെ തുടന്ന് പെരുമാൾ മുരുകന് എഴുത്തു നിർത്തേണ്ടിവന്നതും പടിഞ്ഞാറൻ തമിഴ് നാടിൻറെ സമീപകാല ചരിത്രമാണ്.  ഹിന്ദു വർഗീയവാദികളുടെയും സവർണ്ണ ജാതി സംഘടനകളുടെയും ഭീഷണിയെത്തുടർന്ന് പെരുമാൾ മുരുകന്  ജന്മനാടായ ഈറോട്ടിലെ തിരുച്ചെങ്കോട്ടിലെ ജന്മ  വീട് ഉപേക്ഷിച്ച്  പലായനം ചെയ്യേണ്ടിവന്നു.

 

സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊങ്കു മേഖലയിലെ ജാതി സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും പ്രത്യേകതയുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ട് . സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളോടൊപ്പം സാമ്പത്തിക വശങ്ങളും ഇതിനു പിറകിലുണ്ട്.  മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ് മെന്റിലെ പ്രൊഫസറായ സി ലക്ഷ്മണൻ പറയുന്നത് തെക്കൻ തമിഴ്നാട്ടിലെയും വടക്കൻ തമിഴ്നാട്ടിലെയും സാഹചര്യങ്ങളല്ല പടിഞ്ഞാറൻ മേഖലയായ കൊങ്കുവിലേത് എന്നാണ്. തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ  അന്തരീക്ഷമാണ് അവിടെയുള്ളത്.

വലിയ തോതിലുള്ള സാമൂഹ്യ സാമ്പത്തിക വിടവുകൾ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ കണ്ടെത്താനാവും. അതിസമ്പന്ന വിഭാഗമാണ് മേൽജാതി ഹിന്ദുക്കളായ ഗൗണ്ടർമാർ. സമ്പത്തും സ്വാധീനവും അധികാരവും കൈവശമുള്ള അത്തരം ഒരു പ്രമാണിവർഗത്തെ ചെറുക്കാൻ അടിത്തട്ടിൽ കഴിയുന്ന കീഴ് ജാതി വിഭാഗങ്ങൾക്കാവുന്നില്ല. അത്രമാത്രം പ്രബലരാണ് തമിഴ് രാഷ്ട്രീയത്തിലും ഗണ്യമായി  പിടിമുറുക്കിയിട്ടുള്ള ഗൗണ്ടർമാർ. കൊങ്കു മേഖല പൂർണമായും ശക്തരായ ഗൗണ്ടർ വിഭാഗത്തിന്റെ നിയന്ത്രണത്തിലും സ്വാധീനവലയത്തിലുമാണ് എന്ന് പറയാം.

പറയരും പല്ലരും അരുന്ധതിയാരും അടങ്ങുന്നതാണ് തമിഴകത്തെ  പ്രധാന ദളിത് വിഭാഗങ്ങൾ . ഇതിൽ പറയരെയും പല്ല രേയും സംസ്ഥാനത്തുടനീളം കാണാമെങ്കിലും അരുന്ധതിയാർ വിഭാഗം  മുഖ്യമായും പടിഞ്ഞാറൻ മേഖലയിലാണ്കേന്ദ്രീകരിച്ചിട്ടുള്ളത്. ദളിതുകളിൽ ഏറ്റവുമധികം അടിച്ചമർത്തലും അവഗണനയും അതിക്രമങ്ങളും നേരിടുന്നതും അവരാണ്.

തോട്ടിപ്പണിയാണ് ഈ ജനവിഭാഗങ്ങളുടെ മുഖ്യമായ തൊഴിൽ മേഖല എന്ന് പറയാം. എന്നാൽ 2013 ലെ നിരോധനത്തോടെ  സർക്കാർ രേഖകളിൽ തോട്ടിപ്പണിയില്ലാത്തതിനാൽ ഇവരെല്ലാം കൂലിപ്പണിക്കാർ എന്ന ലേബലിൽ  തുടരുന്നു. ഏറെ വിവാദമായ കക്കൂസ് എന്ന തന്റെ ഡോക്യുമെന്ററിയിൽ ദിവ്യഭാരതി ഇത്തരം  ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങളെ  യാഥാർഥ്യബോധത്തോടെ  ചിത്രീകരിക്കുന്നുണ്ട്.

ശുചീകരണ ജോലികൾ മാറ്റിനിർത്തിയാൽ  കൃഷിപ്പണികളും വ്യവസായശാലകളിലും മറ്റുമുള്ള  തുച്ഛമായ കൂലിപ്പണികളുമാണ് ഈ വിഭാഗത്തിൽപ്പെട്ടവരുടെ ഉപജീവനമാർഗം .

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ  തുടക്കം മുതൽ തമിഴ്‌നാടിന്റെ പല മേഖലകളിലും ദളിത് രാഷ്ട്രീയം ശക്തിപ്പെടുന്നതായി കാണാനാവും. എന്നാൽ കൊങ്കു മേഖലയിൽ അതിന്  ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഗൗണ്ടർമാരുടെ ചരിത്രപരമായ  അപ്രമാദിത്യം വെല്ലുവിളികളില്ലാതെ തുടർന്ന് പോരുകയാണ് ചെയ്യുന്നത്.

മുൻപൊക്കെ ദളിത് പീഡന കഥകൾ പുറത്തുവരാതെ കുഴിച്ചുമൂടപ്പെടുകയായിരുന്നു പതിവെങ്കിൽ ഇന്ന് മിക്കവാറും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നുള്ളതാണ് ആകെയുള്ള മാറ്റം.   പടിപടിയായി ദളിതുകൾക്കിടയിൽ  രാഷ്ട്രീയമായ ജാഗ്രത ശക്തിപ്പെടുന്നതിന്റെ സൂചനയായി ഇതിനെ കാണാം.

കടപ്പാട് : The Mint

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സി ബി ഐ യിലെ രണ്ടാമനെതിരെ അഴിമതിക്കേസെടുത്ത് സി ബി ഐ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു