Movie prime

എസ് ഒ എഫ് ഒളിമ്പ്യാഡിൽ നേട്ടം കൊയ്ത് കേരളത്തിലെ സ്‌കൂൾ വിദ്യാർഥികൾ

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ എസ് ഒ എഫ് ഒളിമ്പ്യാഡിൽ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ. തിരുവനന്തപുരം ലൊയോള സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർഥി രോഹിത് സുജൻ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഇന്റർനാഷണൽ സോണൽ ഒന്നാം റാങ്ക് നേടിയപ്പോൾ, കൊച്ചിയിലെ സേക്രഡ് ഹാർട്ട് ഓമി പബ്ലിക് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി ഇഷാന്ത് ഗാർബ്, ഭവൻസ് വിദ്യാമന്ദിറിലെ നാലാം ക്ളാസ് വിദ്യാർഥി പ്രിയാൻഷ് നായർ എന്നിവർ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിംപ്യാഡിൽ ഇന്റർനാഷണൽ സോണൽ രണ്ടാം More
 
എസ് ഒ എഫ് ഒളിമ്പ്യാഡിൽ നേട്ടം കൊയ്ത് കേരളത്തിലെ സ്‌കൂൾ വിദ്യാർഥികൾ

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ എസ് ഒ എഫ് ഒളിമ്പ്യാഡിൽ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കി കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ. തിരുവനന്തപുരം ലൊയോള സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർഥി രോഹിത് സുജൻ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഇന്റർനാഷണൽ സോണൽ ഒന്നാം റാങ്ക് നേടിയപ്പോൾ, കൊച്ചിയിലെ സേക്രഡ് ഹാർട്ട് ഓമി പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർഥി ഇഷാന്ത് ഗാർബ്, ഭവൻസ് വിദ്യാമന്ദിറിലെ നാലാം ക്‌ളാസ് വിദ്യാർഥി പ്രിയാൻഷ് നായർ എന്നിവർ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിംപ്യാഡിൽ ഇന്റർനാഷണൽ സോണൽ രണ്ടാം റാങ്ക് നേടി. മെഡലും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.
മുപ്പത് രാജ്യങ്ങളിലെ ആയിരത്തി നാനൂറ് നഗരങ്ങളിൽനിന്നായി അമ്പതിനായിരത്തിലേറെ സ്‌കൂളുകൾ പങ്കാളികളായ ഒളിമ്പ്യാഡിൽ അമ്പത് ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പങ്കെടുത്തത്. ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായി.

ജീവിതത്തിലെ മുഴുവൻ നേട്ടങ്ങളുടെയും അടിസ്ഥാനം ധീരതയാണ് എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജീവിതത്തിലുടനീളം ധീരത പുലർത്താൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ഏതു പ്രതികൂല അവസ്ഥയെയും നേരിടാൻ നാം ജാഗരൂകരായിരിക്കും. ജീവിതത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളാണ് പരാജയങ്ങൾ. ഭയം കൂടാതെ അവ മറികടക്കാനുള്ള പ്രാപ്തി വിദ്യാർഥികൾ നേടിയെടുക്കണം. ഒളിമ്പ്യാഡുകൾ അതിനുള്ള അവസരമാണ് പ്രദാനം ചെയ്യുന്നത്. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ആദരിക്കാനുള്ള പൗരന്മാരുടെ കടമകളെപ്പറ്റിയും അദ്ദേഹം ഓർമിപ്പിച്ചു.

അന്താരാഷ്ട്ര തലത്തിലുള്ള പുരസ്‌കാരങ്ങൾക്ക് പുറമേ 6300 വിദ്യാലയങ്ങളിലെ 61000 വിദ്യാർഥികൾക്ക് സംസ്ഥാന തല അവാർഡുകൾ സമ്മാനിച്ചതായി എസ് ഒ എഫ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മഹാബീർ സിങ്ങ് പറഞ്ഞു. അതോടൊപ്പം 2000 അധ്യാപകർക്കും എട്ടുലക്ഷം കുട്ടികൾക്കും സ്‌കൂൾ തല മികവിനുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. ചടങ്ങിൽ മൈക്കേൽ കിങ്ങ് (എക്‌സാമിനേഷൻസ് ഡയറക്ടർ, ബ്രിട്ടീഷ് കൗൺസിൽ, ഇന്ത്യ); രൺജീത് പാണ്ഡെ (പ്രസിഡണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ്, ഇന്ത്യ); വി രാമസ്വാമി (ഗ്ലോബൽ ഹെഡ്, ടി സി എസ് ഐ ഒ എൻ) എന്നിവർ സംബന്ധിച്ചു. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും അവരിൽ ഉയർന്ന മത്സരക്ഷമത വളർത്താനും ലക്ഷ്യമിട്ട് സയൻസ്, ഗണിതം, ഇംഗ്ലീഷ് ഉൾപ്പെടെ ആറു വിഷയങ്ങളിൽ സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (എസ് ഒ എഫ്) ഏർപ്പെടുത്തിയിട്ടുള്ളതാണ് അന്താരാഷ്ട്ര പ്രശസ്തമായ ഒളിമ്പ്യാഡ് അവാർഡുകൾ.