വിദ്യാർഥികൾ ശാസ്ത്രാന്വേഷികളാകണം: മന്ത്രി എം എം മണി

തിരുവനന്തപുരം: ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ശാസ്ത്രീയ കാഴ്ചപ്പാടോടെ അന്വേഷണം നടത്തുന്നവരാകണം വിദ്യാർഥികളെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.

പ്രപഞ്ച പ്രതിഭാസങ്ങളോടുള്ള ചോദ്യങ്ങളും അവയ്ക്ക് ഉത്തരങ്ങളും കണ്ടെത്തപ്പെട്ടതാണ് ആധുനിക ലോകത്തിലെ പല കണ്ടുപിടിത്തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിർമിക്കുന്ന ശാസ്ത്ര പാർക്കിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട് മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മാനവരാശിക്ക് ഉത്തരംകാണാൻ കഴിയാത്ത പല പ്രതിഭാസങ്ങളും ഇപ്പോഴും പ്രപഞ്ചത്തിലുണ്ട്. വരുംതലമുറ അതിന് ഉത്തരം കണ്ടെത്തും. അതിനു വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനാണു സമഗ്രമായ ശാസ്ത്ര വിദ്യാഭ്യാസം വിദ്യാലങ്ങളിൽ ഒരുക്കുന്നത്. സ്‌കൂൾ ശാസ്ത്ര പാർക്ക് പോലുള്ള പദ്ധതികൾ ഇതിനു മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാലയങ്ങളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും ശാസ്ത്ര ചിന്തയും അന്വേഷണവും വിദ്യാർഥികളിൽ വളർത്തുന്നതിനുമായാണു സ്‌കൂൾ ശാസ്ത്ര പാർക്ക് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 90 വിദ്യാലയങ്ങളിലാണു ശാസ്ത്ര പാർക്ക് നിർമിക്കുന്നത്. 11 സ്‌കൂളുകളിൽ നിർമാണം പൂർത്തിയായി. ഇവിടേയ്ക്കുള്ള ഉപകരണങ്ങളുടെ വിതരണവും ഉദ്ഘാടന വേദിയിൽ നടന്നു.

കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫിസർ ബി. ശ്രീകുമാരൻ, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്. ജവാദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.എം. ഷൈലജ ഭായി, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എ. നജീബ്, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ആർ. സുരേഷ് കുമാർ, പ്രിൻസിപ്പാൾ ജെ.കെ. എഡിസൺ, ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു എന്നിവരും പ്രസംഗിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഒ ആര്‍ സി പദ്ധതി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വ്യാപിപ്പിക്കും

നമ്പര്‍ പ്ലേറ്റുകളിൽ അലങ്കാരം വേണ്ടെന്ന് കേരള പോലീസ്