Movie prime

സ്വച്ഛ്ഭാരത് പദ്ധതിയുടെ വിജയം വിലയിരുത്തേണ്ടത് പൊതുജനാരോഗ്യത്തിന്റെ കൂടി അടിസ്ഥാനത്തില്‍

തിരുവനന്തപുരം: രാജ്യത്ത് എത്രമാത്രം നടപ്പിലാക്കി എന്നതിന്റെയോ അതിന്റെ ഫലമായുണ്ടായ പ്രയോജനത്തിന്റെയോ അടിസ്ഥാനത്തില് മാത്രമല്ല സ്വച്ഛ്ഭാരത് പദ്ധതിയുടെ വിജയം വിലയിരുത്തേണ്ടത്. മറിച്ച് കുട്ടികള് ഉള്പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യത്തില് പദ്ധതി വരുത്തിയ ഗുണകരമായ മാറ്റത്തിന്റെ കൂടി അടിസ്ഥാനത്തിലാകണം. ശ്രീചിത്ര തിരുനാള് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെഡിക്കല് സയന്സസ് ആന്റ് ടെക്നോളജിയുടെ പൊതുജനാരോഗ്യ പഠന വിഭാഗമായ അച്യുതമേനോന് സെന്റര് ഫോര് ഹെല്ത്ത് സയന്സ് സ്റ്റഡീസിലെ ഗവേഷകര് നടത്തിയ പഠനത്തില് അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ പരിരക്ഷയില് കാര്യമായ പുരോഗതി കൊണ്ടുവരാന് More
 
സ്വച്ഛ്ഭാരത് പദ്ധതിയുടെ വിജയം വിലയിരുത്തേണ്ടത് പൊതുജനാരോഗ്യത്തിന്റെ കൂടി അടിസ്ഥാനത്തില്‍

തിരുവനന്തപുരം: രാജ്യത്ത് എത്രമാത്രം നടപ്പിലാക്കി എന്നതിന്റെയോ അതിന്റെ ഫലമായുണ്ടായ പ്രയോജനത്തിന്റെയോ അടിസ്ഥാനത്തില്‍ മാത്രമല്ല സ്വച്ഛ്ഭാരത് പദ്ധതിയുടെ വിജയം വിലയിരുത്തേണ്ടത്. മറിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യത്തില്‍ പദ്ധതി വരുത്തിയ ഗുണകരമായ മാറ്റത്തിന്റെ കൂടി അടിസ്ഥാനത്തിലാകണം.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുടെ പൊതുജനാരോഗ്യ പഠന വിഭാഗമായ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ പരിരക്ഷയില്‍ കാര്യമായ പുരോഗതി കൊണ്ടുവരാന്‍ പദ്ധതിക്ക് കഴിയുമെന്ന് കണ്ടെത്തി. പഠനഫലം ‘കോവേരിയേറ്റ്‌സ് ഓഫ് ഡയറിയ എമോങ് അണ്ടര്‍-ഫൈവ് ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ: ആര്‍ ദേ ലെവല്‍ ഡിപ്പന്‍ഡന്റ്?’ എന്ന ശീര്‍ഷകത്തില്‍ ശാസ്ത്ര ജേണലായ PLOS ONE ല്‍ പ്രസിദ്ധീകരിച്ചു. അതിസാരം കണ്ടുവരുന്ന ജില്ലകളിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യത്തെ ശുചിത്വശീലങ്ങളും ശുദ്ധമായ കുടിവെള്ളവും എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് പഠനത്തില്‍ വിലയിരുത്തിയത്.

വ്യത്യസ്ത തോതില്‍ അതിസാരം കാണപ്പെടുന്ന ജില്ലകളില്‍, വ്യക്തി ശുചിത്വത്തിനും ശുദ്ധമായ കുടിവെള്ളത്തിനും സമാനമായ രീതിയില്‍ രോഗസാധ്യത കുറയ്ക്കാന്‍ കഴിയുമോ എന്ന് മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി 19 സംസ്ഥാനങ്ങളിലെയും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 275 ജില്ലകളെ ഉള്‍പ്പെടുത്തി നടത്തിയ ജില്ലാതല സര്‍വ്വേയിലൂടെ ( DLHS 4) ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. വീടുകള്‍ സന്ദര്‍ശിച്ചായിരുന്നു വിവരശേഖരണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയും ശുചിത്വവും മെച്ചപ്പെടുന്നതിന് അനുസരിച്ച് അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അതിസാര സാധ്യതയിലുണ്ടാകുന്ന മാറ്റം ലെവല്‍ സെന്‍സിറ്റിവിറ്റി രീതിയിലൂടെ കണക്കാക്കി.

അതിസാര ബാധ കൂടുതലുണ്ടായിരുന്ന ജില്ലകളില്‍ മെച്ചപ്പെട്ട ശുചിത്വശീലങ്ങള്‍ ഗുണകരമായ മാറ്റം കൊണ്ടുവന്നു. സ്ത്രീകളില്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കും (ഇത് ശുചിത്വശീലങ്ങള്‍ മെച്ചപ്പെടുത്തുന്ന ഘടകമാണ്) ശുദ്ധമായ കുടിവെള്ള ലഭ്യതയും ജില്ലകളില്‍ അതിസാര സാധ്യത വന്‍തോതില്‍ കുറയ്ക്കാന്‍ സാധിച്ചു. എല്ലാ വീടുകളിലും ശുദ്ധജലവും 71 ശതമാനത്തില്‍ അധികം വീടുകളില്‍ ശൗചാലയവും ലഭ്യമായതോടെ ജില്ലയിലെ അതിസാര സാധ്യത ഗണ്യമായി കുറഞ്ഞതായി ഗവേഷകര്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ ജില്ലകള്‍ മാത്രം പരിഗണിച്ചാല്‍, ആവശ്യമായ ശൗചാലയങ്ങളുടെ എണ്ണത്തില്‍ ജില്ലകള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. സ്വച്ഛ്ഭാരത് ഉദ്യമവുമായി ബന്ധപ്പെട്ട വലിയൊരു സന്ദേശമാണ് പഠനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. എല്ലാവര്‍ക്കും ശുദ്ധജലവും ശൗചാലയവും ലഭ്യമാകുന്നത് വരെ പദ്ധതി തുടരേണ്ടതാണ്. ജില്ലകളിലെ 75 ശതമാനം വീടുകള്‍ക്കെങ്കിലും ശൗചാലയം ലഭ്യമായാല്‍ മാത്രമേ അതിസാര സാധ്യതയില്‍ കാര്യമായ മാറ്റം പ്രകടമാകൂ. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍, അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികളിലെ അതിസാര സാധ്യത കുറയുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.