in , ,

ക്യാമറ കൊണ്ടു ബാക്ക്സ്ട്രീറ്റിന്റെ കഥ പറയുന്നൊരാൾ 

ചുറ്റുമുള്ള നൂറായിരം കാഴ്ചകളിൽ നിന്ന് ഒരേയൊരു  ഇമേജിനെയാണ് പിടിച്ചെടുക്കേണ്ടത് . ഒരു ഫോട്ടോഗ്രാഫറുടെ  ഭാഷയിൽ  ഒരു ‘ഡിസിസീവ് മൊമന്റ് ‘ ആണത്. കാലത്തിലേയ്ക്കുള്ള കരുതിവെപ്പാണ്; തീർത്തും ‘ഡിസിസീവ് ‘ തന്നെ. നമ്മുടെയെല്ലാം കൺമുന്നിലുണ്ട് ഇവയൊക്കെ. എന്നാൽ പ്രതിഭാധനനായ ഒരു ഫോട്ടോഗ്രാഫർക്ക് മാത്രമേ ആ നിമിഷത്തെ  കണ്ടെടുക്കാനാവൂ. പിടിച്ചെടുക്കാനാവൂ. മനോഹരമായി വിവർത്തനം ചെയ്യാനാവൂ. തികച്ചും സാധാരണമായി ഏതൊരാളുടേയും കൺമുന്നിലൂടെ കടന്നുപോകുമായിരുന്ന ഒരു നിമിഷാനുഭവത്തെ  അസാധാരണവും  അനശ്വരവുമായ ഒരു  കലാസൃഷ്ടിയാക്കുന്ന കഴിവാണത്. എക്സെപ്ഷണൽ കഴിവു വേണം ഈ ഭാഷയിൽ സംസാരിക്കാൻ…

Sudhir_uralath” തെരുവ് എന്നത്  സുധീറിന് നീണ്ടു നിവർന്നു കിടക്കുന്ന വെറുമൊരു  നിരത്തല്ല .പാഞ്ഞു പോകുന്ന വാഹനങ്ങളോ തലങ്ങും വിലങ്ങുമുള്ള  സീബ്രാവരകളോ മാനം  മുട്ടി നിൽക്കുന്ന  കെട്ടിടങ്ങളോ അല്ല .മറിച്ച് അവിടെ തളിരിടുന്നതും തകരുന്നതും കൊഴിയുന്നതുമായ ജീവിതങ്ങളാണ്. ഇവിടെ  സംസ്കൃതികളുണ്ട്. ജനപഥങ്ങളുണ്ട് .സംഘർഷങ്ങളുണ്ട്. നഷ്ട ലോകങ്ങളുണ്ട്. അവയുടെ  സ്പന്ദനങ്ങളാണ് സുധീർ ‘ സ്ക്രിപ്റ്റിംഗ് ദി സ്ട്രീറ്റി ‘ലൂടെ അടയാളപ്പെടുത്തുന്നത്.സെൽഫിയുടെ ആഘോഷമായി ഫോട്ടോഗ്രാഫി മാറിയ ഇക്കാലത്ത് അതിന്റെ  എതിർദിശയിലേയ്ക്കാണ് സുധീറിന്റെ സഞ്ചാരം,” എന്ന് നിരൂപകൻ ടി .ആർ .രമേശ് പറയുന്നു.

മലയാളത്തിന് പുറമെ തായ്‌, ഇൻഡോനേഷ്യൻ, റഷ്യൻ, ഫ്രഞ്ച്, ചൈനീസ്  മാഗസിനുകളിൽ ചിത്രങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുള്ള , ഇന്ത്യയുൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ  ഇതിനോടകം  പ്രദർശനം നടത്തിയ, കിഴക്കൻ ചൈനയിലെ  നിങ്‌ബോ നഗരത്തിൽ  താമസിക്കുന്ന, തെരുവിന്റെ ആന്തരികതകളെ  മനോഹരമായി അടയാളപ്പെടുത്തുന്ന പ്രശസ്ത മലയാളി ഫോട്ടോഗ്രാഫർ സുധീർ ഊരാളത്തുമായി നടത്തിയ  ഒരു ചെറു  കൂടിക്കാഴ്ചയിൽ നിന്ന്.

sudhir_5

പലരും പറഞ്ഞത്, ചിത്രങ്ങളെല്ലാം  പെയ്ന്റിങ്ങുകൾ പോലെ മനോഹരമാണെന്നാണ്…

ഫോട്ടോഗ്രഫിയ്ക്ക്  ഒരു റിയാലിറ്റി തലം മാത്രമല്ല ഉള്ളത് . പെയ്ന്റിങിങ്  സാദ്ധ്യതകളും ഉണ്ട്. അത്   ഉപയോഗപ്പെടുത്താൻ  ഞാൻ ശ്രമിക്കുന്നു.

വെളിച്ചത്തെയും ഇരുട്ടിനെയും നന്നായി ഇട  കലർത്തിയാൽ  അതൊരു  പെയിന്റിംഗ് ആവും. വ്യത്യസ്ത ഭാവങ്ങളും മാനങ്ങളും കൈവരും. വാസ്തവത്തിൽ ഈ രണ്ടു മീഡിയത്തിനും ഇടയിൽ നിൽക്കുന്നവയാണ് എന്റെ ചിത്രങ്ങൾ എന്ന് പറയാം.

നഗരക്കാഴ്ചകളാണ് കൂടുതലും. എന്നാൽ, അതിൽ ഒട്ടും അഭിരമിക്കുന്നതായി തോന്നുന്നില്ല. ജനനിബിഡമല്ല മിക്കവാറും കാഴ്ചകൾ. 

IMG-20171114-WA0054വൻനഗരങ്ങളിലാണ് ചിത്രങ്ങളെല്ലാം എടുത്തിട്ടുള്ളത്.ബാങ്കോക്ക്, തായ് പേയ്, ജക്കാർത്ത, ഹോചിമിൻ സിറ്റി, ഇന്ത്യയിൽ തന്നെ ന്യൂ ദില്ലി പോലുള്ള സ്ഥലങ്ങൾ. Under Developed രാജ്യങ്ങളിലെ മഹാനഗരങ്ങളാണ് ഇവയെല്ലാം. അതാവുമ്പോൾ  അതിനുള്ളിൽ തന്നെ വളരെ വളരെ റിച്ചായ, ഫോട്ടോ ജെനിക്കായ, പോഷായ ഒട്ടേറെ സ്ഥലങ്ങളും കാഴ്ചകളും ആൾക്കൂട്ടപ്പെരുപ്പവും ഉണ്ട്. വേണമെങ്കിൽ അത് ചിത്രീകരിക്കാം. എന്നാൽ അതെല്ലാം ഒഴിവാക്കുന്നു. ജീവിതത്തിന്റെ ആന്തരികതയ്ക്കാണ് ഊന്നൽ . Under Development നാണ്  ഊന്നൽ.

ചിത്രങ്ങൾക്കെല്ലാം ഓരോരോ കഥകൾ പറയാനുള്ളതുപോലെ. മനുഷ്യരോടൊപ്പം മറ്റു ജീവികളെയും കാണാം. ജീവിതം നിറയുന്നുണ്ട്. കളർഫുൾ  ആണ് പശ്ചാത്തലം. എന്നാൽ മനുഷ്യരെ കണ്ടാൽ പ്രതീക്ഷയറ്റതുപോലെ തോന്നും. ഇരുണ്ട ജീവിതങ്ങൾ, നിഷ്കളങ്കത, ഏകാന്തത, യാതന 

ഒരു ബാക്ക് സ്ട്രീറ്റ്  കൺസെപ്റ്റിലാണ് ഇത് കൂടുതലായും ചെയ്യുന്നത്. മുഖ്യ വീഥികൾ ഒഴിവാക്കുന്നു.  സ്കൈ സ്ക്രേപ്പേഴ്സ് പരമാവധി  ഒഴിവാക്കുന്നു. അവിടെ നിന്നും ബാക്ക്സ്ട്രീറ്റിലേക്കാണ് പോകുന്നത്. രസകരമായ കാര്യം ഞാൻ സഞ്ചരിച്ച രാജ്യങ്ങളിലെല്ലാം ബാക്ക്സ്ട്രീറ്റിന്റെ സ്വഭാവം ഒന്നാണ് എന്നുള്ളതാണ്. ഒരേ സ്വഭാവമുളള മനുഷ്യർ, ഒരേ ജീവിതം ജീവിക്കുന്ന ആളുകൾ, അവരുടെ സ്റ്റോറികളെല്ലാം ഏതാണ്ട് സമാനമാണ്‌. പുറത്ത് നമുക്കിത് വളരെ വ്യത്യാസമായി തോന്നും. തായ്പേയിലെ തിരക്കു നിറഞ്ഞ ഒരു പ്രധാന വീഥിയിലോ ബാങ്കോക്കിലെ ഒരു ബ്രോഡ് വേയിലോ നിങ്ങൾ ചെല്ലുന്നു. വളരെ വ്യത്യസ്തമായ ജീവിതം അറിയുന്നു. അനുഭവിക്കുന്നു. എന്നാൽ ഈ രണ്ടിടത്തും ബാക്ക്സ്ട്രീറ്റിലെത്തിയാൽ നിങ്ങൾ കാണുന്നത് സമാനമായ ജീവിതം ജീവിക്കുന്ന ഏതാണ്ടൊരേ സ്വഭാവമുള്ള മനുഷ്യരേയാണ്. ഈ സമാനതകൾ കണ്ടെത്താനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്.

sudhir_4

സ്വാധീനിച്ചവർ 

സ്റ്റീഫ് മാക്കറിയുടെ  സ്റ്റൈലിനോട് എനിക്ക് പ്രത്യേകിച്ച് അടുപ്പം തോന്നിയിട്ടുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലൊക്കെ തന്നെ അദ്ദേഹം ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ഒരു കളർ പാറ്റേൺ  പ്രത്യേകതയുള്ളതാണ്. അതെനിക്ക് വളരെ ശ്രദ്ധേയമായി തോന്നുന്നു.

ഒരു പക്ഷേ, ഇന്ത്യൻ ഫോട്ടോഗ്രാഫേഴ്സ് പലരും ഈ aspect ൽ പോയവരല്ല. പുതിയവരുടെ കാര്യമല്ല ഞാൻ പറയുന്നത്; അവർ അഡാപ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പഴയവർ, അതായത് രഘു റായിനെപ്പോലുള്ളവർ കളറുകൾ അല്ല, കൂടുതലും ജീവിതം പകർത്താനാണ് ശ്രമിച്ചത്. എന്നാൽ മാക്കറിയൊക്കെ ഇന്ത്യയിൽ വരുമ്പോൾ ഇവിടത്തെ നിറങ്ങൾ അദ്ദേഹത്തെ ആകർഷിക്കുന്നുണ്ട്. നമ്മുടെ ഫോട്ടോഗ്രാഫേഴ്സ്  ഇത് അവഗണിച്ചു. ഒരു പക്ഷേ ചിരപരിതമായതുകൊണ്ടാവാം. ഞാൻ നിറങ്ങളിൽ ആകൃഷ്ടനാണ്. നിറങ്ങളുടെ പിറകേ പോകുന്ന സ്വഭാവം എനിക്കുണ്ട്. പക്ഷേ, ശരിക്കും മാക്കറിയാണ് എന്റെ റോൾ മോഡൽ എന്നു പറയാൻ കഴിയില്ല. സെബാസ്റ്റിയാവോ സെൽഗാഡോ, ബ്രൂസ് ഡേവിഡ്‌സൺ,രഘു റായ്  പോലെ മറ്റു ചിലരുടെ സ്വാധീനം ഉണ്ടെന്നും പറയാം.

സിനിമയും സൗഹൃദവും യാത്രകളും. ടി.വി.ചന്ദ്രന്റെ പാഠം  ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ജയരാജിന്റെ ദൈവനാമത്തിൽ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടല്ലോ

IMG-20171114-WA0050സിനിമയുടെ സ്വാധീനം ഒട്ടും ചെറുതല്ല. വളരെ ഏറെയാണ്. പ്രത്യേകിച്ചും ഫിലിം  സൊസൈറ്റി മൂവ്മെന്റിന്റെ ഒപ്പം ഉണ്ടായിരുന്നതിന്റെ സ്വാധീനം. പങ്കെടുത്ത  ഫെസ്റ്റിവലുകൾ. പിന്നെ  അസ് ലുവിനെപ്പോലുള്ള ആളുകളെ  കണ്ടുമുട്ടുന്നത്. അസ് ലു ഗ്രേറ്റാണ്. പക്ഷേ വലിയ മടിയനാണ്. ക്യാമറ നമ്മുടെ കയ്യിൽ തന്ന് മടിയനായ അസ് ലു രക്ഷപ്പെടും. അക്കാലത്തെ ഏറ്റവും മോഡേൺ ക്യാമറയായിരുന്നു അസ് ലുവിന്റെ കയ്യിൽ ഉണ്ടായിരുന്നത്‌. മുമ്പ് നമ്മൾ ഫോട്ടോയെടുത്താൽ വൈൻഡ് ചെയ്യണം. ഇതിൽ വൈൻഡ് ചെയ്യണ്ട. വെറുതെ ഞെക്കിയാൽ മതി. കാനൺ ഡി ഫിഫ്റ്റി . അത് അക്കാലത്തെ മോഡേൺ ക്യാമറയാണ്. യാത്രകൾ വലിയതോതിൽ പ്രചോദിപ്പിക്കുന്നു .അവ motivating factors മാത്രമല്ല, എനർജി ബൂസ്റ്ററുകൾ കൂടി  ആണ്.സ്ട്രീറ്റിൽ concentrate ചെയ്യുന്നതുകൊണ്ട് യാത്ര ചെയ്തേ തീരൂ. യാത്രകൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറ്റും .

ഡിജിറ്റൽ കാലമാണ്. ആർക്കും സിനിമ ചെയ്യാം;മൊബൈലിൽ പോലും. ഫോട്ടോഗ്രഫിയെക്കുറിച്ചും ഇത് പറയാം. അങ്ങിനെ ആർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണോ ഇത്?

അങ്ങനെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമല്ല ഫോട്ടോഗ്രാഫി. സെക്സ് എല്ലാവർക്കും പറ്റും. എന്നാൽ അത് മനോഹരമായി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്  ഞാൻ ഈയിടെ ഒരു നോവലിൽ  വായിച്ചു (ചിരിക്കുന്നു).  പടം പതിക്കൽ  മാത്രമാണ്  ഫോട്ടോഗ്രഫിയെങ്കിൽ അത് എല്ലാവർക്കും ചെയ്യാം. ഇവിടെ ഒരു സ്റ്റോറി ടെല്ലിങ്ങുണ്ട്. അത് ഇഫക്റ്റീവ് ആയി ചെയ്യണം. സ്ട്രീറ്റ് ഫോട്ടോഗ്രഫിയിലേക്ക് എന്നെ ആകർഷിച്ചതും അതാണ്.  തെരുവിൽ നിന്ന്  ഒരു കഥ നാം തെരഞ്ഞെടുക്കുന്നു. തെരുവിൽ  ഒരു പാട് കഥകൾ കാണും. അതിൽ ഏത് തെരഞ്ഞെടുക്കണം എന്ന ചോദ്യം വരും.

IMG-20171114-WA0060

ഒട്ടു മിക്ക ചിത്രങ്ങളിലും ഈയൊരു കോൺട്രാസ്റ്റ് ഉണ്ട്. മറ്റൊരു തരത്തിൽ ചിത്രങ്ങൾ രാഷ്ട്രീയം പറയുന്നു 

അതിൽ  നമ്മുടെ സമീപനത്തിന്റെ പ്രശ്നം ഉണ്ട്. നമ്മുടെ രാഷ്ട്രീയം അതിൽ കടന്നു വരും. എന്നെ സംബന്ധിച്ച് ഈ പൊളിറ്റിക്സ് പറയലാണ് ഫോട്ടോഗ്രഫി. മെയിൻ സ്ട്രീറ്റിൽ പോകണോ, ബാക്ക് സ്ട്രീറ്റിൽ പോകണോ  എന്നത് ഒരു തെരഞ്ഞെടുപ്പാണ്. മാളുകൾക്കുള്ളിൽ പോകാം. അവിടെ ചൂടില്ല. തണുപ്പാണ്. തണുപ്പിൽ ജീവിക്കുന്ന ആളുകളുടെ  കഥ പറയാം. തണുപ്പിൽ കാണുന്ന കാഴ്ചകൾ പങ്കു വെയ്ക്കാം. അതെ സമയം ചൂടിൽ ജീവിക്കുന്ന ആളുകളുടെ കഥയും പറയാം. ചൂടിൽ ജീവിക്കുന്ന ആളുകളെ കണ്ടെത്താനും അവരുടെ കഥ പറയാനുമാണ് ഞാൻ ബാക്ക്സ്ട്രീറ്റിൽ പോകുന്നത്. അതായത് വളരേ കളർഫുള്ളായ പശ്ചാത്തലമാണ് ഇവിടെയും. പക്ഷേ കളർലെസ്സ് ആയ ജീവിതങ്ങളാണ് ഏറെയും. തിരഞ്ഞു പോകുന്നത്  തീർത്തും കളർ ലെസ്സായ ഈ ജീവിതങ്ങളെയാണ്. ഈ കോൺട്രഡിക്ഷൻ, നഗരജീവിതത്തിലെ  ഈ കോൺട്രാസ്റ്റ് – അതിനുള്ളിലെ ഈ വൈരുദ്ധ്യങ്ങൾ അത് എന്റെ  ചിത്രങ്ങളിൽ ഉണ്ട്.

– എൻ ബി രമേശ് 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Artificial intelligence, Robotics, Technopark

യന്ത്രമനുഷ്യശാസ്ത്രം: വ്യാഴാഴ്ച്ച ടെക്‌നോപാര്‍ക്കില്‍ കൂട്ടായ്മ

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടി രാജി വച്ചു