in ,

ജാതിയുടെ രാഷ്ട്രഭരണം 

ഇന്ത്യൻ സാമൂഹ്യ ജീവിതത്തെ വലയം ചെയ്യുന്ന ഏറ്റവും വിനാശകാരവും മാരകവുമായ വിപത്താണ് ജാതി. ശ്രെണീകൃതമായ അസമത്വം എന്ന് അംബേദ്‌കർ വിശദീകരിക്കാൻ ശ്രമിച്ച ജാതിയെന്ന ഈ പ്രതിഭാസമാണ് ഇന്ത്യൻ ജീവിതത്തിന്റെ സർവതലങ്ങളെയും നൂറ്റാണ്ടുകളായി ഭരിച്ചുപോരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ രൂപങ്ങളിൽ ഇന്ത്യൻ ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും അത് കടന്നുകയറുകയും പിടിമുറുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യൻ ജീവിതത്തെ വിഴുങ്ങുന്ന സർവസംഹാരകമായ മാരകശക്തിയായി നിലകൊള്ളുന്ന ജാതിയുടെ ആധുനിക ജീവിതത്തെയും രാഷ്ട്ര ശരീരത്തിലെ അതിന്റെ തുടർച്ചകളെയും സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഗ്രന്ഥമാണ് ഡോ. ആനന്ദ് തെൽതുംബ്‌ദെയുടെ ജാതിയുടെ റിപ്പബ്ലിക്. നിയോലിബറൽ ഹിന്ദുത്വത്തിന്റെ കാലത്തെ സമത്വ വിചാരങ്ങൾ  എന്ന ഉപശീർഷകം കൂടിയുള്ള ഈ ഗ്രന്ഥം ആധുനിക രാഷ്ട്ര ജീവിതത്തിലും രാഷ്ട്ര ശരീരത്തിലും വേരുപിടിച്ച ജാതിയുടെ സൂക്ഷ്മജീവിതത്തെ സമഗ്രമായി പരിശോധിക്കുന്നു.

ഡോ. ആനന്ദ് തെൽതുംബ്‌ദെയുടെ  ജാതിയുടെ റിപ്പബ്ലിക് (Republic of Caste ) എന്ന ഗ്രന്ഥത്തെ സുനിൽ പി ഇളയിടം വായിക്കുന്നു.


ഡോ. ആനന്ദ് തെൽതുംബ്‌ദെ

ഇന്ത്യൻ സാമൂഹ്യജീവിതത്തെ വലയം ചെയ്യുന്ന ഏറ്റവും വിനാശകാരവും മാരകവുമായ വിപത്താണ് ജാതി. വർഗീയ ഫാസിസത്തിന്റെ അടിസ്ഥാന സ്രോതസായും പ്രത്യയശാസ്ത്ര ഭൂമികയായും നിലകൊള്ളുകയും സാമൂഹ്യ നീതിയെന്ന സങ്കൽപ്പത്തെ എന്നന്നേക്കുമായി അട്ടിമറിക്കുകയും ചെയ്യുന്ന ഒന്നാണത്.

ശ്രെണീകൃതമായ അസമത്വം ( Graded Inequality ) എന്ന് അംബേദ്‌കർ വിശദീകരിക്കാൻ ശ്രമിച്ച ജാതിയെന്ന ഈ പ്രതിഭാസമാണ് ഇന്ത്യൻ ജീവിതത്തിന്റെ സർവതലങ്ങളെയും നൂറ്റാണ്ടുകളായി ഭരിച്ചുപോരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ രൂപങ്ങളിൽ ഇന്ത്യൻ ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും അത് കടന്നുകയറുകയും പിടിമുറുക്കുകയും ചെയ്തിരിക്കുന്നു.

ദൈവദർശനം മുതൽ സൗന്ദര്യവിചാരം വരെയും ഭാഷ മുതൽ ഉൽപ്പാദനവ്യവസ്ഥ വരെയും സമസ്ത ജീവിത മേഖലകളും അത് വേരാഴ്ത്തിനിൽക്കുന്നു. ബുദ്ധൻ മുതൽ ആരംഭിക്കുന്നതും മധ്യകാല ഭക്തി പാരമ്പര്യവും അവധൂത ജീവിതങ്ങളും മുതൽ ആധുനിക കാലത്തെ നവോത്ഥാന ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ വരെ പടർന്നു കിടക്കുന്നതുമായ ജാതിവിരുദ്ധ സമരങ്ങളുടെ ഒരു സുദീർഘ പാരമ്പര്യം നിലനിൽക്കുമ്പോൾ തന്നെ, ജാതി ഇന്നും ഇന്ത്യൻ ജീവിതത്തെ വിഴുങ്ങുന്ന മാരകരൂപമായി തുടരുന്നു. ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള ഏതുവിധത്തിലുള്ള പരിശ്രമത്തിന്റെയും അടിസ്ഥാനങ്ങളിലൊന്ന്, ഇന്നും ,ജാതിവിരുദ്ധ സമരമാണ് എന്നുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇങ്ങനെ, ഇന്ത്യൻ ജീവിതത്തെ വിഴുങ്ങുന്ന സർവസംഹാരകമായ മാരകശക്തിയായി നിലകൊള്ളുന്ന ജാതിയുടെ ആധുനിക ജീവിതത്തെയും രാഷ്ട്രശരീരത്തിലെ അതിന്റെ തുടർച്ചകളെയും സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഗ്രന്ഥമാണ് ഡോ. ആനന്ദ് തെൽതുംബ്‌ദെയുടെ ജാതിയുടെ റിപ്പബ്ലിക് (Republic of Caste ) എന്ന രചന.

പ്രമുഖ പൗരാവകാശ പ്രവർത്തകനായ ഡോ. ആനന്ദ് തെൽതുംബ്‌ദെ ഇന്ന് ഹിന്ദുത്വ ശക്തികളുടെ കണ്ണിലെ കരടാണ്. കഴിഞ്ഞ മാസങ്ങളിൽ സുധ ഭരദ്വാജ് ഉൾപ്പെടെയുള്ള പൗരാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനൊപ്പം ഡോ. ആനന്ദ് തെൽതുംബ്‌ദെയെയും അറസ്റ്റ് ചെയ്യാൻ ശ്രമം  നടന്നതാണ്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അധ്യാപകനായ ഡോ.  ആനന്ദ് തെൽതുംബ്‌ദെ ഏറെക്കാലമായി എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി (EPW) യുടെ കോളമിസ്റ്റുമാണ്.

ദളിതർ: ഭൂതം, വർത്തമാനം, ഭാവി (Dalits: Past,Present and Future),  മഹദ്: ആദ്യ ദളിത് കലാപത്തിന്റെ നിർമിതി (Mahad: The Making of First Dalit Revolt), ജാതിയുടെ നൈരന്തര്യം (The Persistence of Caste) തുടങ്ങിയ പഠനങ്ങളിലൂടെ ഇന്ത്യയിലെ ധൈഷണിക ജീവിതത്തിൽ ആഴത്തിൽ ഇടപെടുന്നുണ്ട് അദ്ദേഹം. ദളിത് ജീവിതത്തെയും ചരിത്രത്തെയും മുൻനിർത്തിയുള്ള നാനാതരം സൂക്ഷ്മാന്വേഷണങ്ങളിലൂടെ, നമ്മുടെ സമൂഹത്തെയും അതിന്റെ സൂക്ഷ്‌മ ബലതന്ത്രത്തെയും തുറന്നു കാണിക്കുന്നതിൽ ഡോ. ആനന്ദ് തെൽതുംബ്‌ദെ നൽകിയ സംഭാവനകൾ അത്യന്തം വിപുലമാണ്.

‘വിമോചനത്തിന്റെ രാഷ്ട്രീയത്തിന് ഏറ്റവും അത്യാവശ്യമായ ഇടപെടൽ ‘ എന്ന് പ്രമുഖ സാമൂഹ്യ ദാർശനികനായ ഗോപാൽഗുരുവും ‘തെൽതുംബ്‌ദെയുടെ ഗ്രന്ഥത്തിനുശേഷം നമ്മുടെ സംഘടിത സ്മൃതിനാശത്തിന് ഒരു ന്യായീകരണവും ഇല്ലാതായിരിക്കുന്നു’ എന്ന് ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ മീരാനന്ദയും വിശേഷിപ്പിച്ച ഗ്രന്ഥമാണ് ജാതിയുടെ റിപ്പബ്ലിക്. പ്രമുഖ പ്രസാധകരായ നവായനയാണ് 2018 ഏപ്രിലിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.

നിയോലിബറൽ ഹിന്ദുത്വത്തിന്റെ കാലത്തെ സമത്വ വിചാരങ്ങൾ (Thinking of Equality in the Time of Neo Liberel Hindutva) എന്ന ഉപശീർഷകം കൂടിയുള്ള ഈ ഗ്രന്ഥം ആധുനിക രാഷ്ട്ര ജീവിതത്തിലും രാഷ്ട്ര ശരീരത്തിലും വേരുപിടിച്ച ജാതിയുടെ സൂക്ഷ്മജീവിതത്തെ സമഗ്രമായി പരിശോധിക്കുന്നു. പ്രസാധകർ വിശദീകരിക്കും പോലെ ഭരണഘടന സ്വീകരിക്കുന്നതുമുതൽ ഹരിതവിപ്ലവം വരെയും പിന്നാക്ക ജാതി വിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് മുതൽ നവഉദാരവൽക്കരണവും ഹിന്ദുത്വവും തമ്മിലുള്ള കൈകോർക്കൽ  വരെയുമുള്ള സുപ്രധാന സംഭവങ്ങളെയും സന്ദർഭങ്ങളെയും  മുൻനിർത്തിക്കൊണ്ടും അവയെ കോർത്തിണക്കിക്കൊണ്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രശരീരം എങ്ങനെ ജാതിശരീരമായി തുടരുന്നു എന്ന് വിശദീകരിക്കാനാണ് ഡോ. ആനന്ദ് തെൽതുംബ്‌ദെ ഗ്രന്ഥത്തിൽ ശ്രമിക്കുന്നത്.

ഇത്തരം ഒരു പരിശോധനയുടെ സന്ദർഭത്തിൽ ദളിത് രാഷ്ട്രീയത്തിന്റെ വിശുദ്ധ സ്ഥാനങ്ങളായി പലരും കരുതിപ്പോരാറുള്ള പലതിനെയും നിശിതമായ പുനർവിചാരണക്ക് വിധേയമാക്കാനും  അദ്ദേഹം മുതിരുന്നുണ്ട്. ഭരണഘടന, പാർലമെന്ററി ജനാധിപത്യം, സംവരണം, സ്വത്വ രാഷ്ട്രീയം തുടങ്ങിയവയെല്ലാം ഈ ഗ്രന്ഥത്തിൽ വിമർശനാത്മക വിചിന്തനത്തിന്റെ വിഷയങ്ങളാകുന്നുണ്ട്. ആ നിലയിൽ ദളിത് പ്രമേയത്തെ മുൻനിർത്തിയുള്ള നിശിതമായ സാമൂഹ്യ വിമർശനം ആയിരിക്കുന്നതുപോലെ, ദളിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള ആത്മ പരിശോധനയായും ഈ കൃതി മാറുന്നു.

സംവരണത്തെക്കുറിച്ചുള്ള വിവാദപരമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പ്രബന്ധം (Reservation:A Spark and a Blaze ) മുതൽ ആം ആദ്മി പാർട്ടിയെയും നവലിബറൽ കാലയളവിലെ അതിന്റെ രാഷ്ട്രീയ യുക്തികളെയും കുറിച്ചുള്ള അവസാന പ്രബന്ധം വരെയുള്ള 13 പഠനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.

അവക്കിടയിൽ ജാതിയും വർഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യാത്മക വിനിമയങ്ങൾ, അംബേദ്ക്കറൈറ്റുകളുടെയും അദ്ദേഹത്തിന്റെ പാത പിന്തുടർന്നതായി അവകാശപ്പെട്ട പ്രസ്ഥാനങ്ങളുടെയും ഗതിപരിണാമങ്ങൾ, ദളിത് ജനവിഭാഗങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ, മാവോയിസവും അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും, ഗുജറാത്തിലെ ദളിത് പ്രതിരോധം, ജാതിരഹിത നിയോ ലിബറലിസം എന്ന മിത്ത്, അംബേദ്കറെ സ്വംശീകരിക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങൾ, പുതിയ വിദ്യാഭ്യാസ  സമീക്ഷയിലെ പ്രവർജക തന്ത്രങ്ങൾ, സ്വച്ഛ ഭാരതം എന്ന വ്യാജ മുദ്രാവാക്യം, ബി എസ് പി രാഷ്ട്രീയം, കോൺഗ്രസ്സിന്റെയും അംബേദ്കറൈറ്റുകളുടെയും ജാതിസമീക്ഷയിലെ വ്യാജങ്ങൾ എന്നിങ്ങനെ വൈവിധ്യപൂർണവും സമകാലിക ഇന്ത്യൻ ജീവിതത്തിന്റെ വിവിധ വിതാനങ്ങളെ അഭിസംബോധന ചെയ്യുന്നതുമായ പ്രബന്ധങ്ങളാണവ.

പരസ്പര ഭിന്നമായ പ്രമേയങ്ങളായിരിക്കെത്തന്നെ  ഈ പ്രബന്ധത്തിലെ പ്രമേയങ്ങളെ കൂട്ടിയിണക്കുന്ന സുപ്രധാനമായ ചില അടിസ്ഥാനങ്ങളുണ്ട്. അതിൽ ആദ്യത്തേത് ജാതിയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെയും അതിന്റെ പ്രയോഗ രൂപങ്ങളുടെയും പരിപ്രേക്ഷ്യത്തിലൂടെ ഇന്ത്യൻ ജീവിതത്തെ നോക്കി കാണാനും വിശകലന വിധേയമാക്കാനും  ഈ പഠനങ്ങൾ ഉടനീളം ശ്രമിക്കുന്നു എന്നതാണ്. ആ നിലയിൽ ആധുനിക ഇന്ത്യൻ ജീവിതത്തിൽ സന്നിഹിതമായ ജാതി ബന്ധങ്ങളുടെ ബഹുരൂപിയായ വർത്തമാന ജീവിതത്തെക്കുറിച്ചുള്ള സമഗ്ര വിശകലനമാണ്‌ ഈ ഗ്രന്ഥം.

മറ്റൊരു പൊതുവായ സവിശേഷതയുള്ളത് ഈ പുസ്തകത്തിലെ ഓരോ പഠനങ്ങളിലുമുള്ള പ്രാഥമിക വസ്തുതകളുടെയും വിവരങ്ങളുടെയും സമൃദ്ധിയാണ്. ദീർഘകാലത്തെ പഠനാന്വേഷണങ്ങളിലൂടെ കൈവന്ന വിവരങ്ങളെ സന്ദർഭാനുസൃതമായി വിന്യസിച്ച് മുന്നേറുന്നതാണ് ഓരോ പഠനവും.

അതുപോലെ ദളിത് രാഷ്ട്രീയത്തിന്റെ ചരിത്രസംഗ്രഹമോ കണക്കെടുക്കലോ ഒന്നുമാകാതെ, സമകാലിക സാമൂഹ്യ യാഥാർഥ്യത്തിന്റെ അനാവരണമാണ്‌ ഇതിലെ ഓരോ പ്രബന്ധവും എന്നതും ശ്രദ്ധേയം. അതുകൊണ്ടുതന്നെ, വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തെയും അതിന്റെ ദളിത് വിമർശനത്തെയും ശ്രദ്ധാപൂർവം വീക്ഷിക്കുന്ന ആർക്കും ഒഴിവാക്കാനാവാത്ത  ഒന്നായി ഈ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു.

ജാതിബന്ധങ്ങളും ആധുനിക ഇന്ത്യൻ ജീവിതവും തമ്മിലുള്ള സൂക്ഷ്മ വിനിമയങ്ങളെ മുൻനിർത്തി എഴുതിയതായിരിക്കെത്തന്നെ, ദളിത് രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത  നിലപാടുകളെ അതേപടി ആവർത്തിക്കുന്നവയല്ല ഇതിലെ പ്രബന്ധങ്ങൾ. ഈ സമാഹാരത്തിലെ ആദ്യ രണ്ടു പ്രബന്ധങ്ങളിൽ തന്നെ ഇതിന്റെ പ്രബലമായ അടയാളങ്ങളുണ്ട്. സംവരണം, ഭരണഘടനയിൽ അതിനു ലഭിച്ച സ്ഥാനം, സംവരണത്തിന്റെ സാമൂഹിക അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള  ദളിത് നിലപാടുകളോടുതന്നെ വിമർശനാത്മകമായ നിലപാടുകളാണ് തെൽതുംബ്‌ദെ സ്വീകരിക്കുന്നത്.

സംവരണം ഭരണഘടനയിൽ ഉൾച്ചേർക്കുന്ന സമയത്ത് അംബേദ്‌കർ വിഭാവനം ചെയ്ത കാര്യങ്ങൾ പിൽക്കാലത്ത് അതിലൂടെ നിറവേറ്റാനായോ എന്ന് പരിശോധിക്കേണ്ടതാണെന്ന നിലപാടാണ് തെൽതുംബ്‌ദെ സ്വീകരിക്കുന്നത്. അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളേറെയും അദ്ദേഹത്തെ ഒരു നിശ്ചല ബിംബമാക്കി മാറ്റുകയും ജാതി നിർമൂലനം എന്ന ആശയം കൈയൊഴിയുകയും ചെയ്തതായും അംബേദ്കറൈറ്റ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചയുടെ സന്ദർഭത്തിൽ തെൽതുംബ്‌ദെ ചൂണ്ടിക്കാണിക്കുന്നുമുണ്ട് .

സംവരണത്തിന്റെയും ദളിത് രാഷ്ട്രീയത്തിന്റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളുടെ വിപുല ശേഖരമായിരിക്കെത്തന്നെ, അതിന്റെ ആത്മ പ്രതിഫലനപരമായ വിമർശനാത്മക പരിശോധനയാണ് ഈ പഠനം.

ഇതുപോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രബന്ധമാണ് ജാതിയും വർഗ്ഗവും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ചുള്ളത്. സ്വത്വരാഷ്ട്രീയത്തിന്റെ പതിവ് വഴികളിൽനിന്ന് വ്യത്യസ്തമായി മാർക്സിസ്റ്റ് വിശകലനത്തോട് ആഭിമുഖ്യം പുലർത്തുന്ന ഒരാളാണ്  ഡോ. ആനന്ദ് തെൽതുംബ്‌ദെ. സ്വത്വരാഷ്ട്രീയത്തിന്റെ കൃത്രിമ വാചോടോപം നാഗരിക-ദളിത്-ബൗദ്ധിക മധ്യവർഗത്തിന്റെ ആത്മസംരക്ഷണമാണെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.

സുനിൽ പി ഇളയിടം

വർഗ്ഗരാഷ്ട്രീയവുമായുള്ള ദളിത് രാഷ്ട്രീയത്തിന്റെ വിനിമയങ്ങളെ ചെറുക്കുന്നതിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ഈ വിഭാഗമാണെന്നും അവരുടെ സ്വാർത്ഥമായ നിലപാടുകളാണ് അതിന്റെ പ്രേരണയെന്നും തെൽതുംബ്‌ദെ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം തന്നെ മാർക്സിസ്റ്റ് വർഗ്ഗരാഷ്ട്രീയത്തിന്റെ പ്രതിനിധികൾക്ക് ജാതിയെ മനസ്സിലാക്കുന്നതിൽ വന്ന പരാജയവും തെൽതുംബ്‌ദെയുടെ വിമർശനത്തിന് വിധേയമാകുന്നുണ്ട്.

അടിത്തറ-ഉപരിഘടനാ സങ്കല്പത്തെയും അതിന്റെ ലഘൂകൃത യുക്തികളെയും ആശ്രയിച്ചതുവഴി, ജാതിയുടെ നിർണായക പ്രകൃതമോ ഭൗതിക സ്വരൂപമോ ശരിയായി തിരിച്ചറിയാൻ കഴിയാതെപോയതെങ്ങനെ എന്ന് അദ്ദേഹം ചർച്ചചെയ്യുന്നുണ്ട്. ജാതിയെയും വർഗ്ഗത്തെയും കുറിച്ചുള്ള മാർക്സിസ്റ്റ് സമീക്ഷകളെത്തന്നെ ശരിയായി അഭിസംബോധന ചെയ്യുന്നതിലുണ്ടായ പരാജയവും തെൽതുംബ്‌ദെ ചൂണ്ടിക്കാട്ടുന്നു.

ഈ നിലയിൽ സമകാലിക ഇന്ത്യൻ ജീവിതത്തിന്റെ നാനാതലങ്ങളെ , ആധുനിക ഇന്ത്യയുടെ നിർമ്മിതിക്ക് ആധാരമായി സങ്കൽപ്പിക്കപ്പെട്ട സമത്വം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ടും ജാതിബന്ധങ്ങൾ അതിനെ ഏതെല്ലാം നിലകളിൽ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു എന്നന്വേഷിച്ചുകൊണ്ടും പഠനവിധേയമാക്കുകയാണ് ഈ ഗ്രന്ഥം.

ഇതിന്റെ ആമുഖത്തിൽ സുനിൽ ഖിലാനി പറയുന്നതുപോലെ ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിലുള്ള നമ്മുടെ കൂട്ടായ അതിജീവനം എങ്ങനെയാണ് സാധ്യമാകുക എന്നതിനെക്കുറിച്ചുള്ള ഉൽക്കണ്ഠയും ആ അതിജീവനത്തെ അസാധ്യമാക്കുന്ന ഒന്നായി ജാതി എങ്ങനെ നമ്മെ വലയം ചെയ്യുന്നു എന്ന അന്വേഷണവുമാണ് ഈ ഗ്രന്ഥത്തിന്റെ ആധാര ശ്രുതി. വർത്തമാനകാല ഇന്ത്യൻ ജീവിതത്തിന്റെ ഉള്ളടക്കവും മറ്റൊന്നല്ലല്ലോ.

കടപ്പാട്: ദേശാഭിമാനി ബുക്സ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വൃദ്ധസദനം: സൂക്ഷ്മ രാഷ്ട്രീയത്തിന്റെ കലാത്മകമായ ആവിഷ്കാരം

മത്സ്യത്തൊഴിലാളികൾക്ക് നാവികും സാറ്റലൈറ്റ് ഫോണും: പ്രൊപ്പോസൽ അംഗീകരിച്ചു