in , ,

ഞാൻ ജീവിതത്തെ, മനുഷ്യരെ, സിനിമയെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയപരാജയങ്ങളില്ല: സണ്ണി ജോസഫ് 

സിനിമയുടെ ലോകത്തു ഒരു പക്ഷെ സവിധായകരെ കഴിഞ്ഞാൽ ലോകമെമ്പാടും പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന പേരുകൾ ഛായാഗ്രാഹകരുടെ പേരുകൾ തന്നെയാണ്. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ഛായാഗ്രാഹകന്റെ നേതൃത്വപാടവം തന്നെയാണ് ആ സിനിമയുടെ ചിത്രീകരണത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത്. ഇക്കാര്യം സംവിധായകനും അഭിനേതാക്കൾക്കും എല്ലാം അറിയാം, പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് [ Sunny Joseph ] പറയുന്നു. എൻ ബി രമേശ് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്...

‘സിനിമാട്ടോഗ്രാഫി ഇസ് സംതിങ് ഓഫ് ആൻ അണ്ടർ റേറ്റഡ് ആർട് ഫോം’ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്… അതായത് “ദ പേഴ്സൺ ബിഹൈൻഡ് ദ കാമറ ഗോസ് അൺ നോട്ടീസ്ഡ്, ഇഫ് നോട്ട് അദർവൈസ് റിക്കഗ്‌നൈസ്ഡ്”. എന്ത് തോന്നുന്നു?

കേരളത്തിന്റെയും ഇന്ത്യയുടേയും കാര്യത്തിൽ സാമാന്യമായി ഇത് ശരിയാണെന്നു തോന്നിയേക്കാം. പക്ഷെ ആഗോളതലത്തിൽ നോക്കിയാൽ ഇതൊരു സത്യപ്രസ്താവനയല്ല. സിനിമയുടെ ലോകത്തു ഒരുപക്ഷെ സവിധായകരെ കഴിഞ്ഞാൽ ലോകമെമ്പാടും പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന പേരുകൾ ഛായാഗ്രാഹകരുടെ പേരുകൾ തന്നെയാണ്. വിറ്റോറിയോ സ്റ്റൊരാരോ, ക്രിസ്റ്റഫർ ഡോയൽ, റോജർ ഡിക്കിൻസ്, ഗ്രെഗ് ടോളണ്ടു, വാദിം യുസോവ്, സുബ്രത മിത്ര തുടങ്ങിയ പേരുകൾ തിരിച്ചറിയപ്പെടുന്ന പേരുകൾ തന്നെയാണ്. ഇന്ത്യയിൽ പോലും, വി.കെ. മൂർത്തി, പി.സി. ശ്രീറാം, ബാലു മഹേന്ദ്ര, കെ.കെ. മഹാജൻ, രാമചന്ദ്രബാബു,  വേണു, സന്തോഷ് ശിവൻ, അനിൽ മേത്ത, രവി കെ. ചന്ദ്രൻ തുടങ്ങിയ നിരവധി ഛായാഗ്രാഹകരുടെ പേരുകൾ സിനിമ ആസ്വാദകരുടെ ഇടയിൽ ചിരപരിചിതമാണ്.  വമ്പൻ താരങ്ങളുടെ കാര്യം ഇതിൽപ്പെടുന്നില്ല. അവർ ആൾ ദൈവങ്ങളെ പോലെയാണ്. മറ്റൊരു ജനുസ്സിൽപ്പെട്ടവർ.

Sunny Joseph_2

നമ്മുടെ സിനിമകളിൽ പലപ്പോഴും നടിനടന്മാരുടെ താരപ്പൊലിമയിൽ സംവിധായകർ പോലും തമസ്ക്കരിക്കപ്പെടുന്നു. അങ്ങിനെയുള്ള ഒരു യാഥാർഥ്യത്തിൽ, ഛായാഗ്രാഹകരുടെ പേരുകൾ മറന്നുപോകുന്നത് സ്വാവാഭികം മാത്രം. ഇങ്ങിനെയൊക്കെയെങ്കിലും, ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ക്യാമറാമാന്റെ നേതൃത്വപാടവം തന്നെയാണ് ആ സിനിമയുടെ ചിത്രീകരണത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത്. ഇക്കാര്യം സംവിധായകനും അഭിനേതാക്കൾക്കും എല്ലാം അറിയാം. അതുകൊണ്ടുതന്നെ അവരെല്ലാവരും ആ ബഹുമാനത്തോടെ തന്നെയാണ് പെരുമാറുക. ഒട്ടു മിക്ക ഛായാഗ്രാഹകരും പ്രശസ്തിയുടെയും, ആഘോഷങ്ങളുടെയും പുറകെ പോകുന്നവരുമല്ല. അതുകൊണ്ടുകൂടി വന്നുചേരുന്ന ഒരു അവസ്ഥയാണ് ഇത്.

Sunny Joseph_Aravindan_adoor_shajiസംവിധായകനും ക്യാമറാമാനും  തമ്മിലുള്ള സവിശേഷ ബന്ധം സിനിമയിൽ വളരെ പ്രധാനമാണ്. ഒപ്പം പ്രവർത്തിച്ച  പ്രഗൽഭരുടെ  നിര നീണ്ടതാണ്… ക്യാമറാമാൻ  എന്ന നിലയിൽ അവരെ എങ്ങിനെ കാണുന്നു?

ഓരോ വ്യക്തികളെ പോലെ ഓരോ സംവിധായകരും ഭിന്ന രൂപ, ഭാവങ്ങൾ ഉൾക്കൊള്ളുന്നവരാണ്. അവരോടൊപ്പം നമ്മൾ എങ്ങിനെ ചേർന്ന് പോകുന്നു എന്നുള്ളതാണ് പ്രധാന കാര്യം. അവരുടെ  ഉണ്മയ്ക്കൊപ്പം നമ്മൾ എപ്രകാരം രൂപാന്തരപ്പെടുന്നു എന്നുള്ളത് ഒരു സിനിമയുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. രണ്ടു തരത്തിലുള്ള സംവിധായകരുണ്ട്. ദൃശ്യങ്ങൾ കൊണ്ട് കഥ പറയുന്നവരും അല്ലാത്തവരും. ഇതിൽ ദൃശ്യങ്ങൾ കൊണ്ട് കഥ പറയുന്നതിന് മുൻ‌തൂക്കം കൊടുക്കുന്നവരാണ് ബുദ്ധദേബ് ദാസ്‌ഗുപ്‌ത, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പി. എൻ. മേനോൻ, വേണു,  മലയ്യ്‌ ഭട്ടാചാര്യ തുടങ്ങിയ സംവിധായകർ. ഇവരോടൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും കലാപരമായ,  സന്തോഷകരമായ ഒരു വെല്ലുവിളി ഏറ്റെടുക്കുന്നത് പോലെയാണ്.

ഉദാഹരണത്തിന്, പി. എൻ. മേനോൻ – മേനോൻ ചേട്ടൻ മുന്നേ തന്നെ ഒരു ചിത്രകാരനും, കലാസംവിധായകനും ആയിരുന്ന ആളാണ്. അദ്ദേഹത്തിന് ഓരോ ദൃശ്യവും പകർത്തേണ്ടത് എങ്ങിനെ എന്നുള്ളതിനെപറ്റി ഉറച്ച ധാരണകൾ ഉണ്ട്. അതുകൊണ്ടു തന്നെ ഒരു ദൃശ്യം ഫ്രെയിം ചെയ്യുമ്പോൾ അണുവിട തെറ്റാതെ കൃത്യമായി പറയും, അദ്ദേഹത്തിന് ലൈറ്റിംഗിനെപ്പറ്റിയും നല്ല ധാരണകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഞാൻ ചെയ്ത ലൈറ്റിംഗ് അധികമായിപ്പോയി എന്ന് തോന്നിയാൽ, ചില ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യുവാൻ പോലും അദ്ദേഹം ആവശ്യപ്പെടും. ഇരുട്ടിനെ പേടിയില്ലാത്ത ഒരു സംവിധായകനായിരുന്നു പി. എൻ. മേനോൻ.

ഇനി ബുദ്ധദായുടെ കാര്യമെടുക്കുക. സ്ഥലത്തെയും സമയത്തെയും ഇത്രത്തോളം സൂക്ഷ്മമായി കണക്കിലെടുത്തു  ദൃശ്യങ്ങൾ ചമയ്ക്കുന്ന സംവിധായകർ ഇന്ത്യയിൽ വിരളമാണ്. ദൃശ്യങ്ങൾക്കുള്ളിലെ സ്ഥലത്തിന്റെ വിന്യാസത്തിലൂടെ  അദ്ദേഹം കൊടുക്കുന്ന ചാരുത വലുതാണ്. ലെൻസിങ്ങിലുള്ള അദ്ദേഹത്തിന്റെ പ്രാഗല്ഭ്യവും അച്ചടക്കവും എടുത്തു പറയേണ്ടതാണ്. അരവിന്ദേട്ടനും ദൃശ്യങ്ങളുടെ രൂപീകരണത്തെ കുറിച്ച് നല്ല തിട്ടമുള്ള സംവിധായകനാണ്. ഒരു ഫ്രെയിമിനുള്ളിലുള്ള വൈകാരിക അംശത്തെ ഇത്രത്തോളം സൂക്ഷ്മമായി നിരീക്ഷിക്കുന്ന മറ്റൊരാളില്ല എന്ന് തന്നെ പറയാം. അടൂർ സർ ആവട്ടെ, തന്റെ മിസ്-എൻ-സീൻ രൂപീകരണത്തിൽ കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും (വീടിനകത്തുള്ളതായാലും വാതില്‍പ്പുറക്കാഴ്‌ചകളായാലും) വളരെ വിദഗ്‌ധമായി ഉൾച്ചേർക്കുന്നു.

എന്റെ ഛായാഗ്രാഹക ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ രണ്ടു സന്ദർഭങ്ങൾ ഷാജിച്ചേട്ടന്റെ കൂടെയും വേണുവിന്റെ കൂടെയും ‘പിറവി’യിലും ‘ദയ’യിലും ചായാഗ്രാഹകനായി ജോലി ചെയ്തതാണ്. ഇന്ത്യയിലെ തന്നെ അതുല്യരായ ഛായാഗ്രാഹകരുടെ മുൻനിരയിലുള്ള അവരോടൊപ്പം വർക്ക് ചെയ്തപ്പോൾ അത് ഏറ്റവും ചലഞ്ചിങ് ആയ ഒന്നായി മാറി. ലൈറ്റിംഗിലും മറ്റും ധൈര്യപൂർവം പരീക്ഷണങ്ങൾ നടത്താനും മറ്റും അപ്പോഴായി. എനിക്കെന്തെങ്കിലും തെറ്റ് പറ്റിയാൽ അവർ തിരുത്തുമെന്ന വിശ്വാസവും ഉണ്ടായിരിന്നു.

‘Sunny Joseph breathes cinema, his passion since childhood’ എന്ന് ഒരഭിമുഖത്തിൽ കണ്ടു . സിനിമയിലേക്ക് ആകർഷിക്കപ്പെടാനുള്ള  സാഹചര്യം എന്തായിരുന്നു? അക്കാലത്തു കണ്ട സിനിമകൾ ഏതെല്ലാം?

Sunny Joseph_1എന്റെ അച്ഛന്റെ (സി.വി. ജോസഫ്) മെഡിക്കൽ ഷോപ്പിനു എതിർവശത്തായിരിന്നു ചേർത്തലയിലെ പ്രധാന സിനിമ തിയേറ്റർ ആയിരുന്ന ഭവാനി തിയേറ്റർ. അവിടുത്തെ പ്രൊജക്ഷനിസ്റ്റ് ആയിരിന്നു രാജപ്പൻ ചേട്ടൻ. അദ്ദേഹം ചാച്ചന്റെ സുഹൃത്ത് ആയിരിന്നു. അങ്ങിനെ ഞാൻ എന്നും തിയേറ്ററിൽ പോയി സിനിമ പ്രൊജക്റ്റ് ചെയൂന്നുന്നതു എങ്ങിനെ എന്ന് കണ്ടു പഠിച്ചു. അന്ന് ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം (1972 -74 ). ഒടുവിൽ ഞാനൊരു വിദഗ്ദ്ധനായ പ്രൊജക്ഷനിസ്റ് ആയി മാറി എന്ന് തന്നെ പറയാം. കോളേജ് വിട്ടു വന്നാൽ ഫസ്റ്റ് ഷോയും, സെക്കന്റ് ഷോയും ഞാൻ തന്നെ പ്രൊജക്റ്റ് ചെയ്യും. പച്ച പെയിന്റ് അടിച്ച ഒരു ദേവി പ്രൊജക്ടർ ആണ് അവിടെ സ്ഥാപിച്ചിരുന്നത്. അങ്ങിനെ 1974 – ഇൽ ഞാൻ 400  സിനിമയോളം കണ്ടു. അന്ന് ഞാൻ എല്ലാത്തരം സിനിമകളും കാണുമായിരുന്നു. തെലുങ്കു ഭാഷയിൽ നിർമ്മിക്കപ്പെട്ടിരുന്ന ആക്ഷൻ ചിത്രങ്ങൾ, മലയാളത്തിലെ സി ഐ ഡി  സിനിമകൾ തുടങ്ങിയവ അക്കാലത്തു വളരെ ആകർഷിച്ചിരുന്നു. അതോടൊപ്പം, സത്യൻ മാഷിന്റെയും ശിവാജി ഗണേശന്റെയും അഭിനയം എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങിനെ സത്യൻ മാഷിനെപ്പോലെ ഒരു നടൻ ആവണം എന്നായി എന്റെ ചിന്ത.

Sunny Joseph_4

അങ്ങനെയിരിക്കുമ്പോഴാണ് 1975 – ൽ തൃശൂർ വച്ച് ‘ഐക്കഫ്’ന്റെ [ഓൾ ഇന്ത്യ കാത്തലിക്ക് യൂത്ത് ഫെഡറേഷൻ] നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി ഒരു ചലച്ചിത്ര ആസ്വാദന  ക്യാമ്പ് നടത്തുന്നത്. ഫാദർ ജോർജ് കെ. ജോർജ് ആയിരിന്നു ക്യാമ്പ് ഡയറക്ടർ.  അവിടെ വച്ചാണ് എന്റെ പതിനെട്ടാമത്തെ വയസ്സിൽ വിഖ്യാതങ്ങളായ ലോക സിനിമകൾ – ബാറ്റിൽഷിപ്പ് പൊട്ടേംകിൻ പൊറ്റെമ്പ്കിൻ, വൈൽഡ് സ്ട്രാബെറിസ്, ഇൻസിഡന്റ് അറ്റ് ഔൾക്രീക്, ബിഗ് സിറ്റി ബ്ലൂസ് തുടങ്ങിയ സിനിമകൾ കാണുന്നത്. അതിനടുത്ത വർഷം ഇതേ പോലെ തേവര സേക്രഡ്ഹാർട്ട് കോളേജിൽ വച്ച് മറ്റൊരു ചലച്ചിത്രസ്വാദന ക്യാമ്പിലും പങ്കെടുത്തു. ഇത്തവണ ഫാദർ ജേക്കബ് സ്രാമ്പിക്കൽ ആയിരിന്നു ക്യാമ്പ് ഡയറക്ടർ. അക്കാലത്തു രണ്ടു ക്രിസ്ത്യൻ പുരോഹിതന്മാർ സിനിമ പഠിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചു എന്നത് ഇന്ന് ഒരു അദ്‌ഭുതമായി തോന്നുന്നു.

പത്താം  ക്‌ളാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേരണമെന്ന് നിശ്ചയിച്ചിരുന്നു. അന്ന് അവിടെ മിനിമം ക്വാളിഫിക്കേഷൻ പ്രീ ഡിഗ്രി ആയിരിന്നു. 1974 – ഇൽ ആണ് ഞാൻ എഫ് ടി ഐ ഐ  – യുടെ പ്രവേശന പരീക്ഷ എഴുതുന്നത്. ആ വർഷം സെലെക്ഷൻ കിട്ടിയില്ല. പിന്നീട് അഞ്ചു വർഷങ്ങൾക്ക് ശേഷം 1979 ൽ ആണ് എനിക്ക് പ്രവേശനം ലഭിക്കുന്നത്. ഇക്കാലയളവിനുള്ളിൽ ഞാൻ നിരവധി സിനിമ പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞിരുന്നു. പൂനയിൽ എത്തുമ്പോഴേക്കും ഞാൻ ഗൗരവമായി സിനിമ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായി മാറിക്കഴിഞ്ഞിരുന്നു.

ചേർത്തലയിൽ ഞാൻ മുൻകൈ എടുത്തു തുടങ്ങിയ ‘ഫ്രീ സർക്കിൾ ഫിലിം സൊസൈറ്റി’ നിരവധി ക്ലാസിക് സിനിമകൾ കാണിച്ചിരുന്നു. അവയും മറ്റു ഫിലിം സൊസൈറ്റികൾ കാണിച്ചിരുന്ന സിനിമകളും എന്നെ ഒരു നല്ല ചലച്ചിത്ര ആസ്വാദകനായി മാറ്റിയിരുന്നു. പ്രീഡിഗ്രി-ഡിഗ്രി പഠനകാലത്തു ഞാൻ കണ്ട പ്രധാന സിനിമകൾ സ്വയംവരം, അതിഥി, ഉത്തരായണം, നിർമ്മാല്യം, നെല്ല്, കബനി നദി ചുവന്നപ്പോൾ എന്നിവ ആയിരിന്നു. ഇതിൽ ഉത്തരായണം ആയിരിന്നു എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ. അങ്ങിനെ ഞാൻ ഒരു അസിസ്റ്റന്റ് ആയി കൂടെ കൂട്ടണമെന്ന് പറഞ്ഞു അരവിന്ദേട്ടനെ സമീപിക്കുകയും, അദ്ദേഹം എന്നെ  പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് പഠിക്കുന്നതിനായി പ്രേരിപ്പിക്കുകയും ചെയ്തു.

Sunny Joseph_Adoor

സംവിധായകനാവാനാണ് പൂനെയിൽ പോയത്. ക്യാമറാമാൻ ആയി തിരികെ വന്നു. ഇടയ്ക്ക് എന്താണ്  സംഭവിച്ചത്?

അതല്പം തമാശ ആയിട്ടാണ് ഇപ്പോൾ തോന്നുന്നത്. നല്ലതുപോലെ പഠിച്ചതുകൊണ്ടു ഉണ്ടായ ഒരു ‘വഴിതെറ്റലാ’യിരിന്നു അത്. ഇന്സ്റ്റിട്യൂട്ടിൽ രണ്ടാം വർഷ പരീക്ഷയിൽ ക്ലാസ്സിൽ ഒന്നാമത് വന്നത് ഞാനായിരുന്നു. സിനിമാട്ടോഗ്രഫി സബ്ജെക്ടിലും ഞാൻ തന്നെ ആയിരിന്നു ഒന്നാമൻ. അതുകൊണ്ടു ഞങ്ങളുടെ  സിനിമാട്ടോഗ്രഫി പ്രൊഫസർ ഭാനു മൂർത്തി സർ എനിക്ക് സിനിമാട്ടോഗ്രഫിയിൽ ഒരു സീറ്റ് ഓഫർ ചെയ്തു. അദ്ദേഹം ഈ കാര്യം ‘വിസ്‌ഡം ട്രീ’ യുടെ ചുവട്ടിൽ വച്ചാണ് എന്നോട് പറഞ്ഞത്. അക്കാരണം ഒന്നുകൊണ്ടു മാത്രമാണ് ഞാൻ സിനിമാട്ടോഗ്രഫി എടുത്തു പഠിച്ചത്.

പിന്നിടും സംവിധാനത്തിലേക്ക് മാറണം എന്ന് കരുതിയപ്പോഴൊക്കെ ഓരോ നല്ല സിനിമകളുടെ സിനിമാട്ടോഗ്രാഫർ ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിൽ നിന്ന് സംവിധായകർ അവരുടെ ചിത്രങ്ങളിലേക്ക് എന്നെ ക്ഷണിച്ചു. അതങ്ങനെ മുപ്പതു കൊല്ലത്തിലേറെയായി നീണ്ടു  പോവുന്നു. ഇതിനിടെ ഇന്ത്യയിലെ പതിനൊന്നു ഭാഷകളിലായി അറുപതോളം ഫീച്ചർ ഫിലിമുകൾ ചെയ്തു. നിരവധി ഡോക്യൂമെന്ററികളും. ഇതിനിടയിലും ഞാൻ പത്തോളം ലഘു ചിത്രങ്ങളും, നൂറു എപ്പിസോഡുകൾ വരുന്ന രണ്ടു ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്യുകയും ചെയ്തു. ഇതിനെല്ലാം ഒപ്പം കഴിഞ്ഞ പത്തു വർഷമായി ഒരു മുഴുവൻ സമയ  ചലച്ചിത്ര അദ്ധ്യാപകനായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

അരവിന്ദനുമായി വല്ലാത്തൊരടുപ്പം ഉണ്ടായിരുന്നു. അരവിന്ദനാണോ മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട   ചലച്ചിത്രകാരൻ?

തീർച്ചയായും. ഞാൻ മുൻപ് സൂചിപ്പിച്ചതു പോലെ അരവിന്ദേട്ടൻ ആണ് എന്റെ മാര്‍ഗ്ഗദര്‍ശി ആയി എപ്പോഴും ഉണ്ടായിരുന്നത്. അരവിന്ദേട്ടൻ എനിക്ക് പിതൃതുല്യനായിരിന്നു. ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നതിന്റെ പ്രധാന ക്രെഡിറ്റ് അരവിന്ദേട്ടനാണ്. അതേപോലെ അതിനർഹരായ എന്റെ മറ്റു രണ്ടു ഗുരുക്കന്മാരാണ് സുബ്രത മിത്രയും, ഗുരു നിത്യയും.

Sunny Joseph_Piravi still

സണ്ണി ജോസഫ് എന്ന സിനിമാട്ടോഗ്രാഫർ എക്കാലത്തും ഓർമിക്കപ്പെടുന്നത് പിറവിയുടെ പേരിലാവും. ഷാജി എൻ കരുണിന്റെ സിനിമ…  വിഖ്യാത ചലച്ചിത്രകാരൻ ക്രിസ്റ്റോഫ് സനൂസിയെ ഉൾപ്പെടെ വിസ്മയം കൊള്ളിച്ച സിനിമാട്ടോഗ്രാഫി… പിറവിയെ ക്കുറിച്ച് ഏറെ പറയാനുണ്ടാവും…

എന്റെ ആദ്യ ചിത്രം പ്രശസ്ത സംവിധയകാൻ മോഹൻ സംവിധാനം ചെയ്ത ‘തീർത്ഥം’ എന്ന സിനിമ ആയിരിന്നു. ‘പിറവി’ ഞാൻ ചെയ്ത നാലാമത്തെ ചിത്രമായിരുന്നു. എന്നെ, അന്നത്തെ യുവ ഛായാഗ്രാഹകരുടെ മുൻനിരയിലേക്ക് കൊണ്ടെത്തിച്ച സിനിമ ആയിരിന്നു അത്. വളരെ രസകരവും, അനായാസവുമായി ചെയ്ത ഒരു ചിത്രമായിരുന്നു ‘പിറവി’. ഷാജിച്ചേട്ടനെ പോലെ ഒരു മാസ്റ്റർ സിനിമാട്ടോഗ്രാഫർ ഡയറക്ടർ ആയി എന്നോടൊപ്പം ഉള്ളത് കൊണ്ട് കൂടിയായിരുന്നു അത്. ഇന്നും വിദേശങ്ങളിലും, ഫിലിം ഇന്സ്ടിട്യൂട്ടിലെ പുതിയ കുട്ടികളും എല്ലാം ‘പിറവി’യുടെ ഛായാഗ്രഹണത്തെ പറ്റി സംസാരിക്കുന്നു എന്നുള്ളത് വലിയ ഒരു അംഗീകാരമായി ഞാൻ കാണുന്നു. ‘പിറവി’യോടൊപ്പമോ, അതിനെ കടന്നു പോയതോ ആയ സിനിമാട്ടോഗ്രാഫിക് വർക്കുകൾ ഞാൻ മറ്റു ഭാഷകളിൽ ചെയ്തിട്ടുണ്ട്. എന്റെ ഏറ്റവും മികച്ച അഞ്ചു സിനിമകളിൽ ഒന്ന് പിറവി തന്നെയാണ്. ഇതേ അനുഭവം തന്നെ ആയിരിന്നു വേണുവിന്റെ ‘ദയ’ എന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചപ്പോഴും ഉണ്ടായത്.

 ക്രിസ്റ്റോഫ് സാനുസ്സിയുമായുള്ള എന്റെ വ്യക്തി ബന്ധം തുടങ്ങുന്നത് പിറവിയിലൂടെയാണ്. പിറവി എന്ന സിനിമ തന്നെയാണ് എനിക്ക് മറ്റു ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ചെയ്യാൻ അവസരം ഉണ്ടാക്കി തന്നതും. സുബ്രത ദാദയുമായുള്ള എന്റെ സ്നേഹബന്ധം തുടങ്ങുന്നതും പിറവിയിലൂടെയാണ്. അത് എന്നെ സിനിമാട്ടോഗ്രഫിയിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. കുറെ വർഷങ്ങൾക്ക് മുന്നേ അദ്ദേഹത്തിന്റെ പത്താം ചരമ വാർഷികത്തിന് ഇറ്റലിയിലെ കുറച്ചു സിനിമ ആസ്വാദകർ, അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കുകയുണ്ടായി.അതോടൊപ്പം അദ്ദേഹത്തിന്റെ രചനാശൈലിയുടെ പിൻഗാമി എന്ന വിശേഷത്തോടെ അവർ പിറവിയും പ്രദർശിപ്പിക്കുകയുണ്ടായി. സുബ്രത ദാദയുടെ അനുഗ്രഹമായി ഞാനതിനെ കാണുന്നു.

“മൊബൈൽ ക്യാമറ കൊണ്ടുപോലും സിനിമയെടുക്കാം. എന്തിനും ഏതിനും ഒട്ടേറെ ആപ്ലിക്കേഷനുകൾ. സിനിമയെടുക്കലൊക്കെ എന്തൊരുഎളുപ്പമാണ്.” എന്നാണ് ലാഘവത്തോടെ പറഞ്ഞുപോകുന്നത് . ഡിജിറ്റൽ കാലത്തെ സിനിമയെടുക്കൽ പ്രക്രിയയെപ്പറ്റി എന്ത് തോന്നുന്നു?

 അങ്ങിനെയെങ്കിൽ കവിതയെഴുത്തും, കഥാരചനയുമൊക്കെ അല്ലെ അതിലും എളുപ്പമുള്ള കാര്യങ്ങൾ? ഒരു പെൻസിലോ, പേനയോ ഇല്ലാത്ത മനുഷ്യർ ആരെങ്കിലും ഉണ്ടോ? എന്നുവെച്ചു സാഹിത്യ രചന എല്ലാവർക്കും സാധിക്കുന്ന ഒരു പ്രവർത്തി ആണോ? ഒരു സിനിമ നിർമാണം അതിനേക്കാൾ എത്രയോ സങ്കീര്‍ണ്ണമായ ഒരു രചനയാണ്‌! തീർച്ചയായും സിനിമ നിർമ്മാണത്തിലെ സാങ്കേതികത കുറെ കൂടെ എളുപ്പമുള്ളതായിട്ടുണ്ട്. അത് കംപ്യൂട്ടറുകളുടെയും മറ്റും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റേതൊരു കലയെയും പോലെ പൂർണ മനസോടെ നടത്തുന്ന പഠനം കൊണ്ടും, തീഷ്ണമായ സാധന കൊണ്ടും സ്വായത്തമാകേണ്ടുന്ന ഒന്നാണ് സിനിമയെന്ന കലയും.

ഭൂമിയുടെ ഉപ്പിനെപ്പറ്റി…  വലിയ പ്രതീക്ഷയോടെയാണ് ഞങ്ങളുടെ കാത്തിരിപ്പ് …

Sunny Joseph_Bhoomiyude Uppuരേവതി കലാമന്ദിർ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വളരെ ചെറിയ ഒരു ബഡ്ജറ്റിൽ ചെയ്ത (ബജറ്റ് ഇല്ലാതെ എന്ന് തന്നെ പറയാം) ഒരു സിനിമയാണ് അത്.

കാലികമായ ഒരു വിഷയം തന്നെയാണ് അത് പ്രതിപാദിക്കുന്നത്. അമിതമായ മത വിശ്വാസം എങ്ങിനെ ഒരാളെ നീചനാക്കുന്നു എന്നതാണ് എന്റെ സിനിമയുടെ പ്രമേയം.

പക്ഷെ, അത് പ്രതീക്ഷയുടെയും, സ്നേഹത്തിന്റെയും കഥ കൂടിയാണ്. ഇമ്മാനുവേൽ എന്ന ഒരു ദൈവശാസ്ത്ര വിദ്യാർത്ഥിയുടെ സത്യാന്വേഷണമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സിനിമയുടെ നിർമ്മാണ വേളയിൽ ഞാൻ സന്തോഷവാനായിരുന്നു. ബാക്കി ചെയ്യുന്നതിനുള്ള പണം ഇല്ല എന്നതാണ് പ്രശ്നം. ഇനി പത്തു ലക്ഷം രൂപയുണ്ടെങ്കിൽ സിനിമ പൂർത്തീകരിക്കാം.

ഞാൻ ജീവിതത്തെയും മനുഷ്യരെയും, സിനിമയെയും അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയങ്ങളോ പരാജയങ്ങളോ ഇല്ല. ഇവിടെ ഇപ്പോൾ ജീവിക്കുന്നു എന്നതിൽ തന്നെ ഞാൻ വളരെ സന്തോഷിക്കുന്നു. Cinema is love 24 times per second.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാര്‍ കോഴക്കേസന്വേഷണം; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി