സമഗ്ര മാനസികാരോഗ്യ പരിപാടി ‘സുരക്ഷ’ക്ക് തുടക്കം

ചിറയിൻകീഴ്: സാമൂഹ്യനീതി വകുപ്പിന്റെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗത്തിന്റെയും സഹായത്തോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ സമഗ്ര മാനസികാരോഗ്യ പരിപാടി തുടങ്ങി. സുരക്ഷ എന്നു പേരിട്ടിരിക്കുന്ന പരിപാടി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്ന ബ്ലോക്ക് പഞ്ചായത്താണു ചിറയിൻകീഴ്.

മാനസിക വൈകല്യമുള്ളവർക്കു മാന്യമായ ജീവിതം, ചികിത്സ, സാമൂഹ്യ സുരക്ഷ എന്നിവ ലഭ്യമാക്കുന്ന പദ്ധതിയാണ് സുരക്ഷ. കുട്ടികളുടെ പഠന വൈകല്യങ്ങൾ മുതൽ വയോജനങ്ങളുടെ മറവിരോഗം വരെയുള്ള പ്രശ്‌നങ്ങൾക്കു സൗജന്യ ചികിത്സയും കൗൺസലിംഗ് സേവനങ്ങളും സൈക്കോ തെറാപ്പിയും സുരക്ഷ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു.

അംഗൻവാടി, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സുരക്ഷ വാർഡുതല സമിതികൾ വഴിയാണു രോഗികളെ  കണ്ടെത്തി സേവനം ലഭ്യമാക്കുന്നത്.

മാനസികാരോഗ്യ സംരക്ഷണം, മാനസിക പ്രശ്‌നങ്ങളുടെ ആരംഭ ലക്ഷണങ്ങൾ തുടങ്ങിയവ മനസിലാക്കി ചികിത്സ നേടുന്നതിനെക്കുറിച്ചു ജനങ്ങൾക്ക് പരമാവധി അറിവ് പകരുന്നു. തുടർന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രത്യേക സുരക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചു ചികിത്സയും തുടർ സേവനങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്ലോക്ക് ഓഫീസിലും സുരക്ഷ മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.  തുടർ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്കും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും റഫർ ചെയ്യും.

തീവ്ര വൈകല്യം അനുഭവിക്കുന്നവരെ പരിചരിക്കുന്നവർക്കു ബോധവത്കരണവും പരിശീലനവും ഒപ്പം ആശ്വാസകിരണം പദ്ധതി വഴി  ധനസഹായവും നൽകുന്നു. മാനസികരോഗം ഭേദമാകുന്ന മുറയ്ക്ക് തൊഴിലധിഷ്ഠിത പുനരധിവാസവും നൽകി മാതൃകയാവുകയാണു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്ലീനിങ് ഡ്രൈവ്:  നഗരസഭയും ലോറി, ജെ.സി.ബി. ഉടമകളുടെ സംഘടനയും കൈകോർക്കുന്നു 

വിദ്യാർഥികൾക്കു സ്മാർട്ട് ക്ലാസ് റൂമും കൗൺസിലിങും