in ,

പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട്;  ജനപിന്തുണ തേടി സുരേഷ് കീഴാറ്റൂര്‍

കീഴാറ്റൂര്‍ സമരം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരെ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ നിലപാട് ബി ലൈവ് ന്യൂസിനോട് സംസാരിക്കുന്നു. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് തീരുമാനിച്ചത് എന്തു കൊണ്ടാണ്? പ്രത്യേകിച്ച് പ്രാദേശിക വിഷയങ്ങളില്‍ ഉപരിയായി ദേശീയ രാഷ്ട്രീയം ചര്‍ച്ചയാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ?

നമ്മുടെ രാജ്യത്ത് ഇടതുപക്ഷം, വലതു പക്ഷം, തീവ്രവലതു പക്ഷം എന്നതാണ് തെരഞ്ഞെടുപ്പ് പാറ്റേണ്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് പാറ്റേണ്‍. ഇവര്‍ എല്ലാം തന്നെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തില്‍ യോജിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. കീഴാറ്റൂര്‍ വിഷയത്തില്‍ കണ്ടതും അത് തന്നെയാണ്. കീഴാറ്റൂരില്‍  മാത്രമല്ല സമാനമായ മറ്റ് സമരങ്ങള്‍ വിലയിരുത്തുമ്പോള്‍  അവരുടെ നിലപാട് അതാണെന്ന് മനസ്സിലാവും.സാധാരണ തെരഞ്ഞെടുപ്പ് കെട്ടുകാഴ്ചകള്‍ക്കും പരസ്പ്പരമുള്ള ചളി വാരിയെറിയലുകള്‍ക്കുമപ്പുറം പാരിസ്ഥിതിക വിഷയം ചര്‍ച്ചയാക്കുക എന്നതാണ് എന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കാനാണ് ഉദ്ദേശിക്കുന്നതും

എത്രത്തോളം പ്രാധാന്യം ഉണ്ടാകും തെരഞ്ഞെടുപ്പില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്? പ്രത്യേകിച്ച് കണ്ണൂര്‍ പോലുള്ളൊരു രാഷ്ട്രീയ ഭൂമികയില്‍ താങ്കള്‍ മത്സരിക്കുന്നതു കൊണ്ട് എന്ത് പ്രയോജനമാണുള്ളത്?

പാരിസ് കമ്മ്യൂണ്‍ കഴിഞ്ഞ് എത്രയോ വര്‍ഷം കഴിഞ്ഞാണ് 1917 ല്‍ സോവിയറ്റ് വിപ്ലവം നടക്കുന്നത്. കേരളം പോലൊരു സ്ഥലത്ത് പാരിസ്ഥിതിക ഭൂപടം അതായത് നമ്മുടെ നിലനില്‍പ്പിന് ആധാരമായ ഭൂപ്രദേശം സംരക്ഷിക്കാതെ മുന്നോട്ട് പോവാന്‍ കഴിയില്ല. അതിനൊരു തുടക്കമിടാന്‍ മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍  മത്സരിക്കുന്നത്

എത്രത്തോളം ജനപിന്തുണ കിട്ടും ഇത്തരം ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക്?

തെരഞ്ഞെടുപ്പിലെ പിന്തുണയോ വോട്ടോ ജയമോ പരാജയമോ ഒന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. പക്ഷേ യുവാക്കളടക്കമുള്ള 

വരും തലമുറയുടെ ശ്രദ്ധയില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ കൊണ്ടുവരാനും ചര്‍ച്ചയാക്കാനും തെരഞ്ഞെടുപ്പ് എന്ന അവസരം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

വയല്‍ക്കിളികള്‍ എന്ന പേരില്‍ തന്നെയാണോ മത്സരം? പരിസ്ഥിതി സംഘടനകളുടെ പിന്തുണയുണ്ടോ?

ഞാനെന്ന വ്യക്തി ഇവിടെ വിഷയമല്ല. വയല്‍ക്കിളികള്‍ ഉയര്‍ത്തിയ വിഷയം ഇടുങ്ങിയതുമല്ല. അതുകൊണ്ട് തന്നെ വയല്‍ക്കിളികളുടെ പ്രതിനിധിയായി തന്നെയാണ് മത്സരിക്കുന്നത്. പരിസ്ഥിതിപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇതിനോടകം പിന്തുണയറിയിച്ചിട്ടുണ്ട്. അതല്ല എന്നെ അതിശയിപ്പിച്ചത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരെ ആളുകള്‍ വിളിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജയമോ പരാജയമോ എന്നതിനപ്പുറം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതി വിഷയം ചര്‍ച്ചയാക്കുന്നതിന് എന്റെ സാന്നിധ്യം ഉണ്ടായേ മതിയാകൂ എന്ന അവരുടെയൊക്കെ അഭിപ്രായം ഞാന്‍ മുഖവിലക്കെടുക്കുകയായിരുന്നു

പക്ഷേ താങ്കള്‍ക്കെതിരെ വലിയ ക്യാമ്പയിൻ തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സഹായിക്കാനാണ് താങ്കളുടെ മത്സരം എന്നാണ് വിമര്‍ശനം

ഇടതുപക്ഷ സുഹൃത്തുക്കള്‍ തന്നെയാണ് അത്തരം ക്യാംപയ്‌നുകള്‍ക്ക് പിന്നില്‍. പക്ഷെ, ഇടതു പക്ഷം പോകുന്നത് വലതുപക്ഷത്തേക്കാണ് എന്നതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. കീഴാറ്റൂര്‍ സമരം കൊണ്ട് ഞാന്‍ പഠിച്ച വലിയ പാഠവും അതു തന്നെയാണ്. അതുകൊണ്ട് അത്തരം ആരോപണങ്ങളിലൊന്നും ഒരു കാര്യവുമില്ല. ഒരു പാര്‍ട്ടിയെയും സഹായിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഞാന്‍ കോണ്‍ഗ്രസിനെയോ ബിജെപിയെയോ സഹായിക്കാന്‍ അല്ല മത്സരിക്കുന്നത് എന്ന് ഉറപ്പിച്ച് പറയാനാവും.

താങ്കള്‍ എല്ലാക്കാലത്തും പറഞ്ഞിരുന്നത് കമ്യൂണിസ്റ്റ് ആണെന്നാണ്. സി പി ഐ പോലുള്ള മറ്റ് സംഘടനകള്‍ കീഴാറ്റൂര്‍ സമരത്തെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. അത്തരം ഇടത് സംഘടനകളുടെ പിന്തുണ സ്വീകരിക്കുമോ?

കീഴാറ്റൂര്‍ എന്ന ഗ്രാമം, അല്ല ആ നാലര കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്തെ മുഴുവന്‍ ജനങ്ങളും, എന്നോടൊപ്പമുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മനസ്സിലാകും. മാത്രമല്ല ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തെ അംഗീകരിക്കുന്നവരും പിന്തുണക്കുമെന്നുറപ്പാണ്. ഏതെങ്കിലും പാര്‍ട്ടി എന്നത് അവിടെ വിഷയമല്ല. ആശയമാണ് പ്രധാനം. പക്ഷേ സി പി എമ്മിനോട് പടവെട്ടിയിട്ടുള്ള ഷൊര്‍ണൂരിലെ വിമത നേതാവ് എം.ആര്‍.മുരളിയെപ്പോലുള്ളവരുടെ അവസ്ഥ മറക്കുന്നുമില്ല.

 ഒരു ഘട്ടത്തില്‍ ബിജെപിയുടെ പിന്തുണ കീഴാറ്റൂര്‍ സമരത്തിന് കിട്ടി. അതിന് വയല്‍ക്കിളികള്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു.ഇനി തെരഞ്ഞെടുപ്പില്‍  ബി ജെ പി സഹകരിച്ചാല്‍ സ്വീകരിക്കുമോ?

ഞങ്ങള്‍ക്ക് ഒരു വര്‍ഗീയ ശക്തികളുടെയും വോട്ട് വേണ്ട. അതു കൊണ്ട് ആ ചോദ്യത്തിന് പോലും പ്രസക്തിയില്ല.അനുഭവങ്ങളാണ് പാഠം. സി പി എം – ബി ജെ പി വിരുദ്ധത ഇല്ലെന്ന പാഠമാണ് ഞങ്ങള്‍ പഠിച്ചത്. കോര്‍പ്പറേറ്റ് വത്കരണത്തിന്റെ കാര്യത്തില്‍ ഇരു കൂട്ടര്‍ക്കും നിലപാട് ഒന്നാണ്. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന ചിന്താഗതിയുള്ളവരുടെ വോട്ട് മാത്രമേ വേണ്ടൂ എന്നതാണ് നിലപാട് . അതേസമയം തെരഞ്ഞെടുപ്പില്‍ ആളുകള്‍ക്കിടയിലേക്ക് നേരിട്ടിറങ്ങിയുള്ള വോട്ടഭ്യര്‍ത്ഥനയേക്കാള്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ക്യാമ്പയിനിങ്ങാണ് ഉദ്ദേശിക്കുന്നത്. 

കീഴാറ്റൂര്‍ സമരത്തിന്റെ അവസ്ഥയെന്താണ്? വയല്‍ക്കിളികള്‍ക്ക് പഴയ ശക്തിയുണ്ടോ?

വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ല.ഇനി ദേശീയ പാത അതോറിറ്റിയുടെ നടപടി എന്നു പറയുന്നത് ഓരോ ആളുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തുക എന്നതാണ്. സ്ഥലം അളക്കാന്‍ വന്നാല്‍ ഞങ്ങള്‍ തടയും. ഒരു കുറ്റിയും കോലും കീഴാറ്റൂരില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ വിടില്ല. അപ്പോളറിയാം വയല്‍ക്കിളികളുടെ ശക്തി.

ആലപ്പാടടക്കം സമരം തുടരുകയാണ്. വലിയ ജനപിന്തുണ കിട്ടിയിട്ടും പിന്നീടത് ഇല്ലാതായി. സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ ഒതുങ്ങുകയാണോ പരിസ്ഥി സമരങ്ങളോടുള്ള സമീപനം?

പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ആലപ്പാടിനെ എങ്ങനെ മറക്കാനാവും? എന്ത് ഭീതിതമായ അവസ്ഥയാണ് അവിടുത്തേത്? ആലപ്പാടും പൊന്തന്‍ പുഴയും വൈപ്പിനുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണ്ടേ? പരിസ്ഥിതിയെക്കുറിച്ച് ആകുലപ്പെടാന്‍ ആരും തയ്യാറാവാതിരിക്കുമ്പോള്‍ അത് ഉയര്‍ത്തിക്കൊണ്ടുവരിക തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കേവലം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഒതുങ്ങേണ്ടതല്ല  പരിസ്ഥിതി സമരങ്ങള്‍. മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പാട് ചെയ്യാനുണ്ട്. അവര്‍ ഇത്തരം സമരങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത് എന്ന് മാത്രമാണ് അപേക്ഷ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കറുപ്പ്, സ്വവര്‍ഗരതി, സ്ത്രീ: സനേലി മഹോലിയുടെ ചിത്രങ്ങളിലൂടെ 

പരീക്കറിന്റെ പിൻഗാമി ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി ജെപി