പുരോഹിതർക്കെതിരെയുള്ള പീഡന പരാതികൾ പരിശോധിക്കാൻ സീറോ മലബാർ സഭ ആഭ്യന്തര സമിതി

കൊച്ചി: പുരോഹിതർക്കെതിരെ പീഡന പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  അവ പരിശോധിക്കാൻ  ആഭ്യന്തര സമിതിയെ നിയോഗിക്കാൻ സീറോ മലബാർ സഭ തീരുമാനിച്ചു. കൊച്ചിയിൽ നടന്നുവരുന്ന സീറോ മലബാർ സഭയുടെ സിനഡിലാണ് തീരുമാനം കൈക്കൊണ്ടത് .55 ബിഷപ്പ്മാർ സിനഡിൽ പങ്കെടുക്കുന്നുണ്ട്. 

പള്ളികൾ, കന്യാസ്ത്രീ മഠങ്ങൾ, പള്ളിക്കു കീഴിലുള്ള വിവിധ  സ്ഥാപനങ്ങൾ എന്നിവയെല്ലാം ആഭ്യന്തര സമിതിയുടെ അധികാര പരിധിയിൽ പെടും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു കന്യാസ്ത്രീ നൽകിയ പരാതിയും അതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് സഭയെ ഇത്തരം ഒരു സുപ്രധാന തീരുമാനത്തിൽ എത്തിച്ചത് എന്ന് കരുതാം. കുറവിലങ്ങാട് മിഷനറീസ് ഓഫ് കോൺഗ്രഗേഷനിലെ കന്യാസ്ത്രീയാണ്‌ 2014 മുതൽ 2016 വരെയുള്ള രണ്ടുവർഷക്കാലം താൻ ജലന്ധർ ബിഷപ്പിന്റെ പീഡനങ്ങൾക്ക് നിരന്തരം ഇരയായതായി വെളിപ്പെടുത്തിയത്. സഭയ്ക്കുള്ളിൽ നൽകിയ പരാതികൾ എല്ലാം അവഗണിക്കപ്പെട്ട സന്ദർഭത്തിലാണ് നീതിക്കുവേണ്ടി അവർ പൊലീസിനെ സമീപിച്ചത്. 

സുരക്ഷിത അന്തരീക്ഷം ഒരുക്കുക എന്ന നയമാണ് സിനഡ് മുന്നോട്ടു വച്ചിട്ടുള്ളത്. അതിന്റെ  ഭാഗമായി എല്ലാ രൂപതകളിലും പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തും. സമിതികളിൽ ഓരോന്നിലും ഒരു സേഫ്റ്റി ഡയറക്ടർ ഉണ്ടായിരിക്കും. സഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന മുഴുവൻ കോൺഗ്രഗേഷനുകളുടെയും പ്രതിനിധികൾ സെല്ലിന്റെ ഭാഗമാകും. പുരോഹിതർക്ക് നേരെ ഉയർന്നു വരുന്ന പരാതികളെല്ലാം ഈ  സെല്ലാണ് പരിഗണിക്കുക.

കേരള കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് മുന്നോട്ടുവെയ്ക്കുന്ന മാർഗ നിർദേശക തത്വങ്ങൾക്കനുസരിച്ചാണ്  സമിതികൾ രൂപീകരിക്കുക.

ബാലപീഡന പരാതികൾ ഉടൻ തന്നെ പൊലീസിന് കൈമാറുമെന്ന് കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് വക്താവ് വർഗീസ് വെള്ളിക്കാട്ട് പറഞ്ഞു. കുട്ടികളും പീഡനങ്ങൾക്ക് ഇരയാവാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളുമാണ് സമിതിയുടെ മുൻഗണനയിൽ വരുന്നതെങ്കിലും പരാതിയുമായി സമിതിയെ സമീപിക്കാനുള്ള അവകാശം സഭാംഗങ്ങൾക്കെല്ലാം ഉണ്ടായിരിക്കും. പള്ളിക്കു പുറത്തുള്ളവർക്കും പരാതി നൽകാനാവും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വൃദ്ധ മന്ദിരങ്ങളുടെ നവീകരണം ഈ വർഷം പൂർത്തിയാകും

അവനവൻ ജനിച്ച നാട് ഭൂപടത്തിൽ നിന്ന് ഇല്ലാതാകുമ്പോഴേ ആലപ്പാട്ടുകാരുടെ വേദന  മനസ്സിലാവൂ