21-ാം നൂറ്റാണ്ടിലും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ ദുഃഖം: നന്ദിത ദാസ്

കൊച്ചി: സിനിമ-നാടക രംഗത്തെ പ്രമുഖര്‍ കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു. വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ ശക്തമായ പ്രമേയങ്ങളാണ് ബിനാലെ നാലാം ലക്കം മുന്നോട്ടു വയ്ക്കുന്നതെന്ന് മുതിര്‍ന്ന നാടക പ്രവര്‍ത്തകരായ അമല്‍ അല്ലാനയും ഭര്‍ത്താവ് നിസാര്‍ അല്ലാനയും പറഞ്ഞു. 

ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാക്കളായ നന്ദിത ദാസ്, ഗീതു മോഹന്‍ദാസ്, ചലച്ചിത്രതാരം കുണാല്‍ റോയ് കപൂര്‍ തുടങ്ങിയവരും ബിനാലെ കാണാനെത്തി.

പ്രശസ്ത നാടക പ്രവര്‍ത്തക ദമ്പതികളായ അമല്‍ അല്ലാന, നിസാര്‍ അല്ലാന എന്നിവര്‍ കൊച്ചി-മുസിരിസ് ബിനാലെ പ്രധാനവേദിയിൽ.

വര്‍ത്തമാനകാലമാണ് ബിനാലെ പ്രതിനിധീകരിക്കുന്നതെന്ന് അല്ലാന ദമ്പതികള്‍ പറഞ്ഞു. പേടിപ്പെടുത്തുന്ന എന്നാല്‍ ചില സമയങ്ങളില്‍ പ്രതീക്ഷയുടെ നാളം തെളിയിക്കുന്നതാണ് ഈ കാലം. അതിനെ മനോഹരമായി ബിനാലെ അവതരിപ്പിച്ചിരിക്കുന്നു.

ശുഭപ്രതീക്ഷാദായകങ്ങളായ കഥകളും ബിനാലെയിലുണ്ടെന്ന് അമല്‍ അല്ലാന പറഞ്ഞു. വിക്കി റോയിയുടെ സൃഷ്ടിയും കഥയും പ്രചോദനദായകങ്ങളാണെന്നും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവ് കൂടിയായ അവര്‍ പറഞ്ഞു.

ജീവിതത്തിന്‍റെ ആഘോഷമാണ് കലയെന്ന് നിസാര്‍ അല്ലാന ചൂണ്ടിക്കാട്ടി. ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ഇതിനെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചരിക്കുന്ന പ്രദര്‍ശനമായിരുന്നെങ്കില്‍ ബിനാലെയെന്ന് ആശിക്കുകയാണ് പ്രശസ്ത നടി നന്ദിത ദാസ്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും ബിനാലെ പ്രദര്‍ശനങ്ങള്‍ എത്തണമെന്നും അവര്‍ പറഞ്ഞു. നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഗീതു മോഹന്‍ദാസുമൊത്താണ് അവര്‍ ബിനാലെ കാണാനെത്തിയത്. 21-ാം നൂറ്റാണ്ടിലും സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിലെ ദു:ഖം അവര്‍ പങ്കുവച്ചു.

ഗീതു മോഹന്‍ദാസും നന്ദിത ദാസും ബോസ് കൃഷ്ണമാചാരിക്കൊപ്പം

വനിത സംവിധായികയെന്ന് തന്നെ ആരും വിളിക്കരുതെന്ന് അവര്‍ പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തക മാത്രമാണ് താന്‍. ആണോ പെണ്ണോ എന്നത് കാര്യമല്ലെന്നും അവര്‍ പറഞ്ഞു. മികച്ച പ്രദര്‍ശനം ഒരുക്കിയതിന് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെ പ്രശംസയര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

സിനിമയും കലയും ലിംഗവ്യത്യാസമില്ലാത്ത മേഖലകളാണെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. നിങ്ങള്‍ കലാകാരനെയേ കാണുന്നുള്ളൂ, അല്ലാതെ ആണോ പെണ്ണോ എന്നതല്ല, ഗീതു പറഞ്ഞു.

കാഴ്ചയില്‍ പ്രമേയങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും ഇവയ്ക്കെല്ലാം ഏകീകൃതമായ സ്വഭാവമുണ്ടെന്ന് കുണാല്‍ കപൂര്‍ പറഞ്ഞു. ഒരു പ്രമേയത്തിനനുസരിച്ച് കലാകാരന്മാരെ കൂട്ടിയിണക്കുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു

ആരോഗ്യ മേഖലയിലെ പുരോഗതി നിലനിര്‍ത്തണം: ഡോ ബി ഇക്ബാല്‍