television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,
in , ,

ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ; ടെലിവിഷൻ രംഗം ചർച്ചയാകുമ്പോൾ

അപ്പോൾ ഈ സ്ത്രീ വിരുദ്ധത എന്ന സംഭവം സിനിമയിൽ മാത്രമല്ലെന്ന് മനസിലായില്ലേ? സമസ്ത മേഖലകളിലും അതങ്ങു പടർന്നു പന്തലിച്ചു നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. സിനിമയിലെ സ്ത്രീ വിരുദ്ധത ആഗോളതലത്തിൽ ചർച്ചയായിട്ട് നാളധികമായിട്ടില്ല. അതിനെ കുറിച്ചുള്ള വിവാദങ്ങൾ കേരളത്തിലും   തുടരവെയാണ് ടെലിവിഷൻ ( television ) സീരിയൽ രംഗത്തു നിന്നും സ്ത്രീ വിരുദ്ധത റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സീരിയൽ രംഗത്തെ വിവാദം

ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ നായികയായ നിഷ സാരംഗാണ് ആ പരമ്പരയുടെ സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നും അത് എതിർത്തപ്പോള്‍ തന്നെ കുറിച്ച്‌ മോശകഥകള്‍ പ്രചരിപ്പിച്ചെന്നും താരം ആരോപിക്കുന്നു.

കൂടാതെ സീരിയല്‍ ഷൂട്ടിനിടെ മാനസികമായി പീഡിപ്പിച്ചെന്നും നിഷ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ കാരണം കൂടാതെ സീരിയലില്‍ നിന്ന് പുറത്താക്കുകയായിരുന്നുവത്രെ. മോശമായി പെരുമാറിയതിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് അയാള്‍ ഇത്തരത്തില്‍ പകവെച്ച്‌ പെരുമാറിയതെന്നും നിഷ പറയുന്നു.

ആരോപണം വിവാദമായപ്പോൾ

തുടർന്ന് നിഷയുടെ ആരോപണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. നിഷയെ ആ സീരിയലിൽ നിന്ന് മാറ്റിയെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് ഫ്ലവേഴ്സിന്റെ ഫേസ്ബുക്ക് പേജില്‍ പ്രേക്ഷകര്‍ തങ്ങളുടെ പ്രതിഷേധം അറിച്ചിരുന്നു.

പ്രതികരണവുമായി ചാനൽ

വിഷയം വിവാദമായതോടെ പ്രതികരണവുമായി ചാനല്‍ രംഗത്തെത്തി. നിഷ ആ സീരിയലില്‍ നീലുവായി തന്നെ തുടരുമെന്നും സീരിയലില്‍ നിന്ന് മാറ്റി എന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ചാനല്‍ അധികൃതര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിഷയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത് എന്നായിരുന്നു ചാനലിന്റെ കുറിപ്പില്‍ പറയുന്നത്. എന്നാല്‍ സംവിധായകനെ മാറ്റുന്ന കാര്യത്തില്‍ ചാനൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നീലുവിനെയും ബാലചന്ദ്രനെയും അവരുടെ അഞ്ച് മക്കളേയും ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഉപ്പും മുളകും എന്ന പരമ്പരയുടെ മുഖ്യ പ്രമേയം.

നിലപാട് വ്യക്തമാക്കി നടി

സംവിധായകനെ മാറ്റാം എന്നുള്ള ഉറപ്പ് ചാനല്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മുളകിലും തുടരുമെന്നാണ് നിഷ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സംവിധായകനെ മാറ്റണം എന്ന് കര്‍ശനമായി തന്നെ നിഷ ചാനല്‍ അധിതകൃരെ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ചാനലിന്റെ ചിത്രീകരണം കൊച്ചിയില്‍ ആണെങ്കിലും രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഷൂട്ടിങ്ങിന് എത്തുകയുളളുവെന്നും നിഷ അറിയിച്ചിട്ടുണ്ട്.

സംവിധായകനെതിരെ മറ്റൊരു നടിയും രംഗത്ത്

ആര്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി നടി രചന നാരായണന്‍ കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ‘മറിമായം’ എന്ന സീരിയലില്‍ നിന്ന് ഈ സംവിധായകൻ തന്നെ ഒഴിവാക്കുകയായിരുന്നു എന്നാണ് രചനയുടെ ആരോപണം. സിരിയലിനോടൊപ്പം സിനിമയിലും അഭിനയിക്കാന്‍ തുടങ്ങിയപ്പോൾ ഈ സംവിധായകന് ഈഗോ പ്രശ്നം ഉണ്ടായി എന്നാണ് രചനയുടെ ആക്ഷേപം.

അടുത്ത ഷെഡ്യൂള്‍ മുതല്‍ അഭിനയിക്കാന്‍ വരണ്ട എന്ന് സംവിധായകൻ ഫോണിലൂടെ അറിയിച്ചിരുന്നതായും രചന വെളിപ്പെടുത്തിയിട്ടുണ്ട്. സഹതാരമായ വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയതെന്നും രചന ആരോപിച്ചിട്ടുണ്ട്.

നടിക്ക് ‘അമ്മ’യുടെ പിന്തുണയും

സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ സീരിയൽ നടി നിഷ സാരംഗിന് താരസംഘടനയായ ‘അമ്മ’യുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് രചന പറയുന്നു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ സംഘടനയിലെ അംഗങ്ങള്‍ക്ക് വേണ്ടി നിഷയെ വിളിച്ചിരുന്നുവെന്നും എല്ലാവരുടെയും പിന്തുണ നിഷയ്ക്കുണ്ടെന്നും രചന വ്യക്തമാക്കുന്നു.

വിനോദവും വിജ്ഞാനവും പങ്കു വയ്‌ക്കേണ്ടവർ ചെയ്യുന്നതെന്ത്?

television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,

ഇക്കാലത്ത് സമൂഹത്തെ അത്യധികം സ്വാധീനിക്കുന്ന ടെലിവിഷനുകൾ എന്താണ് നമ്മുടെ സമൂഹത്തിന് പ്രദാനം ചെയ്യുന്നത്? വിനോദവും വിജ്ഞാനവും പങ്കു വയ്‌ക്കേണ്ടവർ പക്ഷേ ഈ മേഖലയെ അധോഗതിയിലേയ്ക്ക് നയിക്കുകയാണെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ?

മികച്ച റേറ്റിങ് മുന്നിൽക്കണ്ട് ഓരോരോ നിലവാരം കുറഞ്ഞ പരിപാടികൾ സംപ്രേക്ഷണം ചെയ്യുമ്പോൾ വിനോദവും വിജ്ഞാനവും പലപ്പോഴും പടിക്കു പുറത്തു നിൽക്കുന്ന കാഴ്ചയാണ് സർവ്വ സാധാരണയായി കണ്ടു വരുന്നത്.

സാംസ്കാരിക അധഃപതനം വ്യക്തമാക്കുന്ന അവാർഡ് നിശകൾ

സാംസ്കാരിക നായകന്മാരെയും മുതിർന്ന കലാകാരന്മാർ ഉൾപ്പെടെയുള്ളവരെയും ബഹുമാനിച്ചു പുരസ്കരിക്കാനെന്ന നാട്യത്തിൽ തട്ടിക്കൂട്ടുന്ന അവാർഡ് നിശകളിൽ അരങ്ങേറുന്ന കൂത്തരങ്ങുകൾ പലപ്പോഴും സംസ്കാരത്തിന് നേരെ പല്ലിളിച്ചു കാട്ടുന്നതായി തോന്നാറില്ലേ?

ആഭാസ നൃത്തങ്ങളും സ്‌കിറ്റുകൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന കോപ്രായങ്ങളും അരങ്ങു തകർക്കുമ്പോൾ അവതാരകരുടെ കൊലവിളി എട്ടു ദിക്കിലും മുഴങ്ങുന്നു.

വിനോദം കാത്തിരിക്കുന്നവർക്ക് ലഭിക്കുന്നത്

വർണ്ണശബളമായ അലങ്കാരപ്പണികൾ അവിടമാകെ നിറയുമ്പോൾ ടോളിവുഡിന് പുറമെ അങ്ങ് ബോളിവുഡിൽ നിന്നു പോലും താരങ്ങളെ ഇറക്കുമതി ചെയ്ത് സദസിനു മുന്നിൽ പ്രദർശിപ്പിക്കുമ്പോൾ ചാനൽമുതലാളിമാർ പ്രഖ്യാപിക്കുന്നു തങ്ങളുടെ അവാർഡ് നിശ തികഞ്ഞ വിജയമാണെന്ന്.

നേരത്തെ ഒരുക്കിയ തിരക്കഥ പ്രകാരം മറുനാടൻ താരങ്ങളെക്കൊണ്ട് മലയാളം പെറുക്കിപ്പെറുക്കി പറയിച്ച് മലയാള താരങ്ങളെ വാനോളം പുകഴ്ത്തുമ്പോൾ സദസ് കൈയ്യടിച്ചില്ലെങ്കിൽ അവതാരകർ അത് യാതൊരു ലജ്ജയുമില്ലാതെ ആവശ്യപ്പെടുമെന്നത് നിശ്ചയം.

പരസ്യ തന്ത്രങ്ങൾ; കുതന്ത്രങ്ങൾ 

സംഭവമെങ്ങനെ കളറാകവെ പുട്ടിന് പീരയെന്ന കണക്കിൽ സെക്കന്റിന് സെക്കന്റിന് പരസ്യ കോലാഹലങ്ങൾ സ്‌ക്രീനിൽ തെളിയുന്നു. നാം പ്രേക്ഷകർ അതെല്ലാം അന്തം വിട്ടു കണ്ടോളുമെന്ന തെറ്റിദ്ധാരണ ഈ ചാനലുകൾക്ക് ഇനി എന്നാണ് മാറുക?

ഇവിടെ മനം മടുത്ത് അടുത്ത ചാനലിലേക്ക് കളം ചാടി ചവിട്ടിയാലും എവിടെയുമില്ല രക്ഷ. കലയുടെ പേരിൽ ഇതേ കൊല്ലാക്കൊല അവിടെയും അരങ്ങേറുന്നുണ്ടാകും.

പോരാടുന്ന ചർച്ചാത്തൊഴിലാളികൾ 

അന്തി ചർച്ചകളിലെ പോർവിളികൾ കണ്ടാൽ ചേകോന്മാർ പോലും നാണിച്ചു പോകും. എന്തൊരു സാമൂഹിക പ്രതിബദ്ധതയാണ് ഇവർ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആ ചർച്ചാത്തൊഴിലാളികളുടെ അട്ടഹാസം കേൾക്കുമ്പോൾ തോന്നാറില്ലേ നിങ്ങൾക്കും.

കുറ്റകൃത്യങ്ങളുടെ വിവരണ പരിപാടികൾ

സമൂഹത്തിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ കീറി മുറിച്ചുള്ള വിശകലന പരിപാടികൾ സ്ഥിരമായി കണ്ടാൽ ഏതൊരു പഞ്ച പാവത്തിനും സാധ്യമാകും നല്ലൊരു അക്രമം ചെയ്യാൻ. അത്ര വിശദമായാണ് ആ പരിപാടികൾ ഓരോ കുറ്റകൃത്യങ്ങളെയും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ആവേശത്തള്ളിച്ചയും അരോചക കോലാഹലവും 

വാർത്തകൾ ഹൊ അതൊരു ഒന്നൊന്നര പരിപാടി തന്നെയാണ്. അക്ഷരസ്ഫുടത തൊട്ടു തീണ്ടാതെയും വികാരത്തള്ളിച്ചയോടെയും മറ്റും വാർത്തകൾ അവതരിപ്പിക്കുന്നത് കണ്ടു കണ്ട് പ്രേക്ഷകർക്ക് അതൊരു ശീലമായിപ്പോയി.

സംഭവ സ്ഥലത്തു നിന്ന് റിപ്പോർട്ട് ചെയ്യുന്നവരുടെ ആവേശവും ബഹളവും കേട്ടാൽ വള്ളംകളിയുടെ തത്സമയ റിപ്പോർട്ട് പോലെയോ ലോട്ടറി ടിക്കറ്റിന്റെ പരസ്യം പോലെയോ തോന്നാറില്ലേ. ചിലരുടെ ശബ്ദമാധുര്യമാണെങ്കിലോ പാറയിൽ ചിരട്ട ഉരക്കും പോലെ. മറ്റ് ചിലരുണ്ട് നീട്ടിയും കുരുക്കിയും ശ്രവണപുടങ്ങൾക്ക് അരോചകത സൃഷ്‌ടിക്കുന്നവർ.

television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,

ഹാസ്യ പരമ്പരകൾ പ്രേക്ഷകരോട് ചെയ്യുന്നത്

കണ്ണീരിന് വിട നൽകിയ പരമ്പരയ്ക്കായി ദാഹിച്ചു വലഞ്ഞിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷമേകിക്കൊണ്ടാണ് ഹാസ്യ പരമ്പരകൾ അവതരിക്കുക. എന്നാൽ ഒന്ന് രണ്ട് എപ്പിസോഡുകൾ കഴിയുന്നതോടെ തനിനിറം പുറത്തു വരും. കണ്ണീർ സീരിയലുകളേക്കാൾ അധഃപതിച്ച രീതിയിൽ ദ്വയാർത്ഥ പ്രയോഗവും തറ കോമഡിയുമായി ഹാസ്യ പരമ്പരകൾ മുന്നേറുമ്പോൾ ‘ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ’ എന്നതാകും പ്രേക്ഷകരുടെ അവസ്ഥ.

തോരാക്കണ്ണീർ പരമ്പരകൾ

തോരാ കണ്ണീരുമായി എട്ടും പൊട്ടും തിരിയാത്ത കുറെയേറെ സ്ത്രീകഥാപാത്രങ്ങൾ; അവരെ ദ്രോഹിച്ച് കണ്ണീർ പ്രവാഹത്തിൽ ആറാടിക്കുവാനായി സദാ കച്ചകെട്ടിയിറങ്ങിയ കുറെയേറെ കഷ്മലകൾ. ഇതാണല്ലോ കണ്ണീർ പരമ്പരകളുടെ സ്ഥിരം കൂത്തരങ്ങ്. അവിഹിതവും അമ്മായിയമ്മ മരുമകൾ പോരുമാകുന്നു സ്ഥിരം വിഷയം.

സ്ത്രീകൾ മാത്രമാണ് ഇവയുടെ ഇരകളെന്ന് കരുതിയെങ്കിൽ തെറ്റി. സ്ത്രീകൾ പരസ്യമായി ഇവ കാണുകയും അവയെ പറ്റി പരസ്യമായി ചർച്ചകൾ നടത്തുകയും ചെയ്യും. എന്നാൽ പുരുഷന്മാർ തങ്ങൾ പരമ്പരയ്ക്ക് അടിമപ്പെട്ടെന്ന കാര്യം അത്ര പരസ്യമായി സമ്മതിച്ചു തരാൻ തയ്യാറല്ല.

പരസ്യങ്ങൾ നമ്മോടു ചെയ്യുന്നത്

പ്രേക്ഷകരുടെ മാനസികാവസ്ഥയെ നന്നായി സ്വാധീനിക്കുന്നവയാണ് പരമ്പരകൾ. ഇതിന് മുന്നിൽ കണ്ണും നട്ട് മനസ്സ് അർപ്പിക്കുമ്പോൾ പലരും ഓർക്കാറില്ല തങ്ങൾക്ക് പുറമെ വീട്ടിലെ കുട്ടികളും ഇതെല്ലം ശ്രദ്ധിക്കുന്നുണ്ടെന്ന്. ഈ പരമ്പരകൾ അവരുടെ സ്വഭാവത്തിലും ഭാഷാപ്രയോഗത്തിലും വളരെയേറെ സ്വാധീനം ചെലുത്തുന്നതായി പലപ്പോഴും നാം ബോധപൂർവ്വം വിസ്മരിക്കുകയാണ്.

സെൻസർഷിപ്പ് അത്യാവശ്യം

ചലച്ചിത്രങ്ങളിൽ സെൻസർഷിപ്പ് നിലവിലിരിക്കെ ടെലിവിഷൻ മേഖലയിലും ഇത് അത്യാവശ്യമാണെന്ന് അധികൃതർ ഓർക്കേണ്ടതുണ്ട്. അസഭ്യ സംഭാഷണങ്ങൾ, കുറ്റകൃത്യങ്ങൾ, ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്നിവയെല്ലാം തന്നെ ഈ മേഖലയിലും നിർബാധം തുടരുകയാണ്. നല്ലൊരു ശുദ്ധികലശത്തിന് സമയം ഇപ്പോൾ തന്നെ വൈകിയെന്ന് ഒരു ടെലിവിഷൻ പ്രേക്ഷകയെന്ന നിലയിൽ ഓർമ്മപ്പെടുത്തിക്കൊണ്ട് നിർത്തട്ടെ.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 

കാരണവന്മാർ അടുപ്പത്ത് തുപ്പുമ്പോൾ

ഡയാലീസിസ് യൂണിറ്റിലെ അണുബാധ സാന്നിധ്യം കണ്ടെത്തി ഉടന്‍ അണുവിമുക്തമാക്കി