ചിരഞ്ജീവി ചിത്രത്തിൽ ഭീതിജനകമായ ലുക്കിൽ വിജയ് സേതുപതി 

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ വ്യത്യസ്തനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. നിമിഷ നേരത്തേക്ക് മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് സംഭാഷണങ്ങൾ പോലുമില്ലാതെ ആരാലും തിരിച്ചറിയപ്പെടാതെ സിനിമയിലൂടെ സഞ്ചരിച്ചിരുന്ന ഈ നടൻ ഇന്ന് അന്യ സംസ്ഥാനങ്ങളിൽ പോലും ആരാധക ലക്ഷങ്ങളെ സമ്പാദിച്ച് തന്റെ വിജയക്കുതിപ്പ് തുടരുകയാണ്.

പിസ്സ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം 96 വരെയെത്തി നിൽക്കുമ്പോൾ നായക പരിവേഷങ്ങൾക്കുള്ളിൽ തളയ്ക്കപ്പെടാതെ  പ്രതിനായകത്വവും പ്രണയവും നർമ്മവുമെല്ലാം അനായാസമായി അവതരിപ്പിച്ചു കഴിഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ദക്ഷിണ ഇന്ത്യയിൽ പ്രശസ്തനായ താരം നിലവിൽ സയ് രാ നരസിംഹ റെഡ്‌ഡി എന്ന ഇതിഹാസ ചിത്രത്തിന്റെ തിരക്കിലാണ്. മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെക്കുറിച്ച് അറിയുവാൻ ആരാധകർ അക്ഷമരായിരുന്നു .

ഒടുവിലിതാ കാത്തിരിപ്പിന്  വിരാമമിട്ടു കൊണ്ട് കഥാപാത്രമായുള്ള  താരത്തിന്റെ ലുക്ക് പുറത്ത് വന്നിരിക്കുന്നു. ഒബയ്യ എന്ന കഥാപാത്രമാകുന്ന  സേതുപതി ഭീതിജനകമായ ലുക്കിലാണ് ഫോട്ടോയിൽ കാണപ്പെടുന്നത്. നിലവിൽ ചിത്രത്തിലെ മറ്റൊരു താരമായ സുദീപിനൊപ്പം ജോർജിയയിൽ ചിത്രീകരണത്തിലാണ്‌ താരമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്ന അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ഗുരു ഗോസായി വെങ്കണ്ണയായി താരം പ്രത്യക്ഷപ്പെട്ട മോഷൻ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭ്യമായത്. ഇവരെ കൂടാതെ നയൻ‌താര, തമന്ന, ജഗപതി ബാബു, ബ്രഹ്മാജ്ജി എന്നിങ്ങനെ വൻ താര നിരയാണ് ഈ ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

കൊനിടേല പ്രോഡക്‌ഷൻസിന്റെ ബാനറിൽ തെലുങ്കിലെ യുവതാരവും ചിരഞ്ജീവിയുടെ മകനുമായ രാംചരൺ നിർമ്മിക്കുന്ന ചിത്രം സുരേന്ദർ റെഡ്‌ഡിയാണ് സംവിധനം ചെയ്യുന്നത്. ഒരു സംഘട്ടന രംഗത്തിനായി 54 കോടി രൂപ നിർമ്മാതാവ് ചിലവഴിച്ചു എന്ന വാർത്തയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

1800കളിൽ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഉയ്യലവാട നരസിംഹ റെഡ്‌ഡിയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന സയ് രാ നരസിംഹ റെഡ്‌ഡി തെലുങ്കിന് പുറമെ കന്നഡ,തമിഴ്, മലയാളം എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉത്ഥാന്‍ 2018: ദേശീയ സെമിനാര്‍ ഒക്ടോബർ 13 ന് മണ്ണുത്തിയില്‍

വോഡഫോണ്‍ സഖി പിവി സിന്ധു പുറത്തിറക്കി