പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ചിത്രീകരണത്തിലൂടെ ശ്രദ്ധ നേടിയ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക് സംവിധാനം ചെയ്ത ‘ദ ബോ’ ( The Bow ) പ്രണയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളെ സുന്ദരമായി അനാവരണം ചെയ്യുന്ന ചലച്ചിത്രമാണ്.
കിം കി ഡുക്കിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ പേരിനു മാത്രം സംഭാഷണമുള്ള ഈ ചലച്ചിത്രം 2005-ലാണ് പുറത്തിറങ്ങിയത്.
എന്നാൽ ഒട്ടും വിരസമല്ലാത്ത വിധം ‘ദ ബോ’ ചിത്രീകരിച്ചിട്ടുണ്ട്. കൊറിയൻ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന പഴക്കം ചെന്ന നാല്പതടി നീളമുള്ള ഒരു ബോട്ടിലാണ് കഥ നടക്കുന്നത്.
മറ്റെല്ലാ കിം കി ഡുക് ചിത്രങ്ങളെയും പോലെ പ്രകൃതി ചിത്രീകരണം ഇവിടെയും സുന്ദരമാണ്. കടലും കാലങ്ങളായി നങ്കൂരമിട്ടു കിടക്കുന്ന ബോട്ടുമെല്ലാം മായാത്ത ദൃശ്യങ്ങളായി പ്രേക്ഷക മനസ്സിൽ തങ്ങിക്കിടക്കും.
സംഭാഷണമില്ലായ്മ അഥവാ നാമമാത്രമായ മിണ്ടിപ്പറച്ചിലുകൾ ചിത്രത്തിന്റെ മൊത്തം അന്തരീക്ഷത്തോട് നന്നായി ലയിച്ചു ചേരുന്നുണ്ട്.
ഒരു പ്രായം ചെന്ന മനുഷ്യൻ. വയസ്സ് അറുപതിനടുത്ത് കാണും.
പതിനാറു വയസ്സുള്ള ഒരു പെൺകുട്ടിയാണ് അയാൾക്കൊപ്പമുള്ളത്. അവൾ ഊമയാണ്.
ടൈറ്റിലിൽ പറയുന്ന വില്ല് ചിത്രത്തിൽ സുപ്രധാനമാണ്. രാത്രിയിൽ ആ വില്ല് വളച്ച് വയലിൻ പോലെ മനോഹരമായ ഒരു ഇൻസ്ട്രുമെന്റുണ്ടാക്കി അയാൾ വായിക്കും.
സന്ദർശകർക്കിടയിൽ ചില കഥകൾ പ്രചരിച്ചിട്ടുണ്ട്. ആറ് വയസ്സ് പ്രായമുള്ളപ്പോളാണത്രേ വൃദ്ധന് അവളെ കിട്ടുന്നത്.
അവളുടെ മാതാപിതാക്കൾ ഇപ്പോഴും അവൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.
പെൺകുട്ടിക്ക് പതിനേഴ് വയസ്സാവാനാണ് അയാളുടെ കാത്തിരിപ്പ്. അവളുടെ പതിനേഴാം ജന്മദിനത്തിൽ ഇരുവരും വിവാഹിതരാവും.
വൃദ്ധന്റെ ജീവിതം അപ്പാടെ അവളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവളാണ് അയാൾക്ക് എല്ലാം. മകളും കാമുകിയും പ്രതിശ്രുത വധുവും…
അവളെ നോട്ടമിടുന്നവരെ അയാൾ ആ പരിസരത്തു നിന്നു തന്നെ അമ്പെയ്ത് ഓടിച്ചുവിടും.
വിശാലമായ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന ബോട്ടാണ് പെൺകുട്ടിയുടെ ലോകം. അത് വിട്ട് ജീവിതത്തിൽ ഇന്നേവരെ വേറെ എവിടേക്കും അവൾ പോയിട്ടില്ല.
അവിടെ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ചൂണ്ടയിടാനുള്ള സ്ഥലം അയാൾ തന്റെ ബോട്ടിൽ അനുവദിക്കും.
അവർ പ്രതിഫലമായി നൽകുന്ന ചെറിയ തുക കൊണ്ടാണ് ഇരുവരും കഴിഞ്ഞു കൂടാനുള്ള വക സമ്പാദിക്കുന്നത്.
ഒരിക്കൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ അവിടെയെത്തുന്നു. അവളെ തിരഞ്ഞു വന്നതാണ് അയാൾ. അത്രയും സുമുഖനായ ഒരാളെ അവൾ ആദ്യമായി കാണുകയാണ്.
അയാൾ അവളിൽ വല്ലാതെ ആകൃഷ്ടനാവുന്നു. അവളെക്കുറിച്ച് അയാൾക്ക് ആശങ്കയുണ്ട്.
ധ്യാന നിരതനായി കണ്ണടച്ചിരുന്നാൽ പോലും ചുറ്റുമുള്ള ചലനങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവനാണ് വൃദ്ധൻ .
മറ്റുള്ളവരുടെ ഭാവി പ്രവചിക്കാൻ കൂടി കെൽപ്പുള്ളവൻ. വിചിത്രമായ രീതിയിലാണ് അയാൾ അത് ചെയ്യുന്നത്.
പെൺകുട്ടിയെ മുന്നിൽ നിർത്തി ഒരു ബുദ്ധ പ്രതിമക്ക് നേരെ മൂന്നമ്പുകൾ ഒന്നിച്ചെയ്ത് അയാൾ അത് കണ്ടെത്തും. പെൺകുട്ടി അയാളുടെ ചെവിയിൽ രഹസ്യമായി അത് പറയും.
അയാൾ അത് തന്റെ ഭാവി പ്രവചിക്കാൻ ആവശ്യപ്പെട്ടയാളിന്റെ ചെവിയിലും പറയും.
അവളും ഒരു വില്ലാളി തന്നെ. സ്വരക്ഷക്കു വേണ്ടി തന്റെ വീര്യം പുറത്തെടുക്കാനും അവൾക്കറിയാം .
ആയുധമല്ലാത്തപ്പോഴെല്ലാം ആ ബോ ഒരു സംഗീതോപകരണമായി മാറും.
ചെറുപ്പക്കാരന്റെ വരവോടെ പെൺകുട്ടിയിൽ വന്ന മാറ്റം വൃദ്ധൻ തിരിച്ചറിയുന്നു. തന്റെ കാത്തിരിപ്പ് നിഷ്ഫലമാണെന്നും ആഗ്രഹം നടക്കില്ലെന്നും അയാൾ തിരിച്ചറിയുന്നു.
യുവാവിനെ അമ്പെയ്ത് കൊല്ലാൻ അയാൾ ശ്രമിക്കുമ്പോൾ പെൺകുട്ടി ഇടയ്ക്കു കയറി നിൽക്കുന്നു. അപമാനം താങ്ങാനാവാതെ ആ വൃദ്ധൻ ആത്മഹത്യക്ക് ശ്രമിക്കുന്നു.
തുടർന്നങ്ങോട്ട് നാടകീയമായ സംഭവങ്ങളാണ് അരങ്ങേറുന്നത്.
2005-ൽ കാനിൽ ‘അൺസെർടെയ്ൻ റിഗാഡ്’ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ലോകത്തെ പ്രമുഖ ചലച്ചിത്രോത്സവങ്ങളിലെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
സമകാലീന ഏഷ്യൻ ചലച്ചിത്രകാരന്മാരിൽ ഏറ്റവും ശ്രദ്ധേയനായ കിം കി ഡുക് ചിത്രങ്ങൾക്ക് കേരളത്തിലും ധാരാളം ആരാധകരുണ്ട്. ‘ക്രോക്കോഡിൽ’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
പിയാത്ത, ത്രീ അയേൺ; സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ ആൻഡ് … സ്പ്രിങ്; ബ്രെത്, ഡ്രീം, ബ്യൂട്ടിഫുൾ, ദി നെറ്റ്, ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ ശ്രദ്ധേയ ചിത്രങ്ങൾ.
Comments
0 comments