in

 ചാമ്പ്യന്‍സ് ബോട്ട് ലീഗ്  ഓഗസ്റ്റ്  10-ന്  മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്  (സിബിഎല്‍)  ഓഗസ്റ്റ് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

ലീഗിനുവേണ്ടി ചുണ്ടന്‍ വള്ളങ്ങള്‍ നീറ്റിലിറങ്ങാന്‍ ഇനി പതിമൂന്ന് നാള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നതായി ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയോടെ തുടക്കമിടുന്ന സിബിഎല്ലിന്‍റെ ഉദ്ഘാടന ചടങ്ങില്‍  ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായിരിക്കും.

സിബിഎല്ലിന്‍റെ വെബ്സൈറ്റ് (www.championsboatleague.in)  മന്ത്രി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫിയും,  ജലോത്സവത്തിന്‍റെ വിഡിയോ, ജേഴ്സി എന്നിവയുടെ  പ്രകാശനവും അദ്ദേഹം നിർവഹിച്ചു.  ടൂറിസം സെക്രട്ടറി റാണി ജോര്‍ജും കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണും ചടങ്ങില്‍ പങ്കെടുത്തു. 

കേരളത്തിന്‍റെ മഴക്കാലത്തെ ടൂറിസം കാഴ്ചപ്പാടിലൂടെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സിബിഎല്‍ വഴി സാധിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ക്കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് കേരളം ഉയരും.

മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12  വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെയാണ് മത്സരങ്ങള്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന  കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്‍റ്. 

ഫ്രാഞ്ചൈസികളാകാന്‍ രാജ്യത്തെ പ്രമുഖ കോര്‍പറേറ്റുകളും വിശിഷ്ട വ്യക്തികളുമെത്തുമെന്നാണ് വിലയിരുത്തല്‍. ഒന്‍പതു ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കുള്ള ലേലം ഓഗസ്റ്റ് ഒന്നിന് കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എന്ന franchisee@championsboatleague.in വിലാസത്തിൽ ബന്ധപ്പെടേണ്ടത്. ലേലം നടക്കുന്ന ഓഗസ്റ്റ് ഒന്നിനുതന്നെ അവിടെവച്ച്   ടീം ഉടമകളെ പ്രഖ്യാപിക്കും.
  
മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക്  25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും  എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും. 


 
പള്ളാത്തുരുത്തി ബോട്ട് ക്ലബ്; പോലീസ് ബോട്ട് ക്ലബ്; യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം, കൈനകരി; എന്‍സിഡിസി/കുമരകം; വില്ലേജ് ബോട്ട് ക്ലബ്, എടത്വ; കെബിസി/എസ്എഫ്ബിസി കുമരകം; വേമ്പനാട് ബോട്ട് ക്ലബ് കുമരകം; ടൗണ്‍ ബോട്ട് ക്ലബ് കുമരകം; ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ എന്നിവയാണ് സിബിഎല്ലില്‍ മത്സരിക്കുന്ന ഒന്‍പതു ടീമുകള്‍.

ഓഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആദ്യ മത്സരം. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്‍റ്സ് ബോട്ട് റെയ്സിനൊപ്പം സിബിഎല്‍ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങള്‍. പുളിങ്കുന്ന്, ആലപ്പുഴ (ആഗസ്റ്റ് 17), താഴത്തങ്ങാടി, കോട്ടയം (ആഗസ്റ്റ് 24), പിറവം, എറണാകുളം (ഓഗസ്റ്റ് 31), മറൈന്‍ ഡ്രൈവ്, എറണാകുളം (സെപ്റ്റംബര്‍ 7), കോട്ടപ്പുറം, തൃശൂര്‍ (സെപ്റ്റംബര്‍ 21), പൊന്നാനി, മലപ്പുറം (സെപ്റ്റംബര്‍ 28), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 05), കരുവാറ്റ, ആലപ്പുഴ (ഒക്ടോബര്‍ 12), കായംകുളം, ആലപ്പുഴ (ഒക്ടോബര്‍ 19), കല്ലട, കൊല്ലം(ഒക്ടോബര്‍ 26) എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുക. ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി സിബിഎല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രണ്ട് വ്യത്യസ്ത ഡിജിറ്റൽ വാലറ്റ് ഉല്പന്നങ്ങളുമായി ലെ ഒക്സെൽ ഇന്ത്യ

മാമാങ്കം പോസ്റ്റർ തരംഗമാകുന്നു