in

പരിസര കാഴ്ചകൾ വരകളിൽ വിരിയുമ്പോൾ 

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആര്‍ട്ട് റൂം പരിശീലന കളരിയിലെത്തിയവരോട് ആര്‍ട്ടിസ്റ്റ് ലോകേഷ് ഖോഡ്കെ പറഞ്ഞത് ഫോര്‍ട്ട് കൊച്ചിയുടെ  പരിസര പ്രദേശങ്ങളിലേക്ക് പോകാനാണ്. അവിടുത്ത കാഴ്ചകളടങ്ങുന്ന ചിത്രങ്ങള്‍ വരയ്ക്കാനായിരുന്നു നല്‍കിയിരുന്ന ഉദ്യമം.

ബോട്ടു ജെട്ടിയില്‍ കാത്തിരിക്കുന്ന മനുഷ്യര്‍, ഓട്ടോ റിക്ഷായാത്ര, ബിനാലെ കാണാനെത്തിയ വൃദ്ധ ദമ്പതികള്‍ തുടങ്ങി കണ്ണിനു മുന്നില്‍ കണ്ടതെല്ലാം വരകളാക്കിയാണ് പങ്കെടുക്കാനെത്തിയവര്‍ തിരികെയെത്തിയത്.

മൂന്നു മണിക്കൂര്‍ നീണ്ട ഈ പരിശീലനത്തില്‍ പങ്കെടുത്തവര്‍ കൊണ്ടു വന്ന ചിത്രങ്ങളെല്ലാം തന്നെ കൗതുകകരമായ വര്‍ണ്ണനകളായിരുന്നുവെന്ന് ലോകേഷ് പറഞ്ഞു. കാഴ്ചകളുടെ വര്‍ണ്ണനകളില്‍ അവ ഒതുങ്ങിപ്പോയെങ്കിലും അതിലെ കലയുടെ അംശം മികച്ചു നിന്നു. നിരീക്ഷണമാണ് ആര്‍ട്ടിസ്റ്റിന് എപ്പോഴും വേണ്ടത്. ഏതു സാഹചര്യത്തില്‍ നിന്നും കലാസൃഷ്ടികള്‍ കണ്ടെത്താന്‍ കഴിയുമെന്നും ലോകേഷ് പറഞ്ഞു.

ബറോഡ സര്‍വകലാശാലയില്‍ നിന്നും ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ ലോകേഷ് ബ്ലൂജക്കാള്‍ എന്ന സംഘടനയുടെ സ്ഥാപകാംഗവുമാണ്. 

തിരക്കേറിയ ബസ് സ്റ്റോപ്പാണ് തിരുവനന്തപുരത്ത് നിന്നുമെത്തിയ കലാ വിദ്യാര്‍ത്ഥി പ്രണവ് പ്രഭാകരന്‍ തന്‍റെ വിഷയമായി തെരഞ്ഞെടുത്തത്. ഒരു മുഖത്തില്‍ മാത്രമായി തന്‍റെ പ്രമേയം ഒതുക്കാനാവില്ലെന്ന് പ്രണവ് പറഞ്ഞു. ബസ് കാത്തു നില്‍ക്കുന്നവരുടെ സംഭാഷണവും ശരീര ഭാഷയുമെല്ലാം വരകളില്‍ കടന്നു വന്നു.

എന്നാല്‍ പൂണെയില്‍ നിന്നെത്തിയ യൂണ്‍സിയോ സണ്‍ എന്ന പതിനൊന്നാം ക്ലാസുകാരന്‍ കഫെയില്‍ കണ്ട വൃദ്ധ ദമ്പതികളെയാണ് വരച്ചത്. കഫെയില്‍ കയറിയപ്പോള്‍ ആദ്യം കണ്ടത് യുവദമ്പതികളെയും പിന്നീട് പരസ്പരം സൗന്ദര്യപ്പിണക്കം നടത്തുന്ന വൃദ്ധ ദമ്പതികളെയുമാണ്. പിണക്കത്തിനിടയിലും അവര്‍ തങ്ങളുടെ യൗവ്വനകാലം അയവിറക്കുകയും ജീവിതം ഇപ്പോഴും ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതാണ് തന്നെ ആകര്‍ഷിച്ചതെന്നും യൂണ്‍സിയോ പറഞ്ഞു.

വരയുടെ ലോകത്തേക്ക് യാദൃശ്ചികമായാണ് ലോകേഷ് കടന്നു വന്നത്. കൃത്യമായ വരകള്‍ ചിത്രങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഥനത്തിന്‍റെ പ്രതീകവത്ക്കരണത്തിലാണ് പ്രാധാന്യം നല്‍കേണ്ടത്. കാണികളെ എങ്ങിനെ ആകര്‍ഷിക്കാമെന്നു തിരയണം. എന്തു കാണിക്കണം കാണിക്കരുതെന്ന് ഉത്തമബോധ്യവും അത്യാവശ്യമാണെന്ന് ലോകേഷ് പറഞ്ഞു.

പരിശീലനകളരിയ്ക്ക് ശേഷം എല്ലാവരും വരച്ച ചിത്രപരമ്പരകള്‍ ആര്‍ട്ട് റൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രരചനയെക്കുറിച്ച് അവബോധം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ലോകേഷ് പറഞ്ഞു. വരയ്ക്കുന്നതു മുതല്‍ അത് സ്ക്കാന്‍ ചെയ്ത് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ എഡിറ്റ് ചെയ്ത് അവസാന ഘട്ടമാകുന്നതു വരെയുള്ള വിശദാംശങ്ങള്‍ പരിശീലനകളരിയുടെ ഭാഗമായിരുന്നെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കായിക രംഗത്തെ സുസ്ഥിരതയ്ക്ക് കോര്‍പ്പറേറ്റ് നിക്ഷേപം അനിവാര്യം