മുല്ലപ്പള്ളിയോ ശ്രീധരൻ പിള്ളയോ ആയിരുന്നു പിണറായിയുടെ സ്ഥാനത്തെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു.

ശബരിമല പ്രശ്നത്തിൽ  കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ച്  പ്രശസ്ത ചെറു കഥാകൃത്ത് പി.എൻ. കിഷോർ കുമാർ 

മനുഷ്യരിൽ മറഞ്ഞു കിടക്കുന്ന ആധ്യാത്മിക പ്രവണതയെ ഉണർത്തുകയാണ് നാമജപത്തിന്റെ ഉദ്ദേശം.

ശ്രദ്ധാഭക്തികളോടെ അനുഷ്ഠിക്കുന്നതായ നാമജപം സംസാരത്തിൽ നിന്നും ജീവനെ ഈശ്വരീയതയിലേയ്ക്ക് ഉയർത്തും. ജപസ്വരൂപമായ ശബ്ദമല്ല, ജപിക്കുമ്പോഴുണ്ടാവുന്ന ഭാവമാണ് ജീവനെ ഉയർത്തുന്നത്.  ഇതൊക്കെയാണ് നാമജപവുമായി ബന്ധപ്പെട്ടുകൊണ്ട് പറയപ്പെടുന്ന കാര്യങ്ങൾ.

എന്നാൽ ഇപ്പോൾ നമ്മുടെ തെരുവുകളിൽ നടക്കുന്നതായ നാമജപ ഘോഷയാത്രകൾ മേൽപ്പറഞ്ഞ ഉദ്ദേശം വെച്ചുകൊണ്ട് നടത്തപ്പെടുന്നവയാണോ? കലി കല്മഷം ഇല്ലാതാക്കാൻ നാമജപം ഉപകരിക്കപ്പെടുമെന്ന് കലി സന്തരണോപനിഷത്തിൽ ബ്രഹ്മാവ് നാരദരോട് പറയുന്നുണ്ട്. എന്നാൽ രാഷ്ട്രീയലക്ഷ്യം വെച്ചു കൊണ്ട് ബിജെപി ഇപ്പോൾ നടത്തുന്നതായ നാമജപ ഘോഷയാത്രകൾ തന്നെ കല്മഷമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഭരണഘടനപ്രകാരം കോടതിവിധി നടപ്പിലാക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്.

അതിനാൽ ക്ഷേത്രങ്ങളിൽ ആർത്തവകാല സ്ത്രീ പ്രവേശനം സാദ്ധ്യമാക്കുവാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ മറ്റു രാഷ്ട്രീയ കക്ഷികൾ അംഗീകരിച്ചേ മതിയാവൂ. മുല്ലപ്പള്ളി രാമചന്ദ്രനോ പി.എസ്. ശ്രീധരൻ പിള്ളയോ ആയിരുന്നു ഇപ്പോൾ കേരള മുഖ്യമന്ത്രി എന്നു വരികിൽ അവർക്കും ഇപ്പോൾ ഈ വിധം തന്നെ പ്രവർത്തിക്കേണ്ടി വരുമായിരുന്നു.

അതു കൊണ്ട് ഇക്കാര്യത്തിൽ അവർ കാണിക്കുന്ന എതിർപ്പ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ഏർപ്പാടാണെന്ന് സംശയലേശമില്ലാതെ പറയാവുന്നതാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ഇപ്പോൾ സ്വധർമ്മം അനുഷ്ഠിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വധർമാനുഷ്ഠാനം പരമപ്രധാനമാണെന്ന് ഭഗവദ്ഗീതയിൽ കൃഷ്ണൻ അർജുനന് ഉപദേശം കൊടുക്കുന്നുണ്ട്.

അങ്ങനെ നോക്കിയാൽ ഭരണഘടനപ്രകാരം മാത്രമല്ല, ഭഗവദ്ഗീത പ്രകാരവും പിണറായിയുടെ ഇപ്പോഴത്തെ കർമ്മങ്ങൾക്ക് ന്യായീകരണമുണ്ട്. ഇക്കാര്യം ബിജെപിക്കാർക്കെങ്കിലും അറിയാതിരിക്കാൻ വഴിയില്ല. കാരണം, അവർക്കാണല്ലോ ഭഗവദ് ഗീതയുടെ പേറ്റന്റ്!

രാഷ്ട്രീയാധികാരമെന്ന ഭൗതികലക്ഷ്യം വെച്ചു കൊണ്ട് നടത്തപ്പെടുന്ന ഘോഷയാത്രകളിൽ ഉപയോഗിക്കേണ്ടത് മുദ്രാവാക്യങ്ങളാണ്. നാമജപം മുദ്രാവാക്യത്തിന് പകരമായി ഉപയോഗിക്കുന്നത് ഒട്ടും ആശാസ്യകരമായ കാര്യമല്ലെന്ന് ബന്ധപ്പെട്ടവർ ഓർക്കുന്നത് നന്നായിരിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്‌കൂളുകളിൽ ഇ-ലേണിങ് നടപ്പിലാക്കാൻ കേരള സർക്കാർ  ഖാൻ അക്കാദമിയുമായി ധാരണയിൽ 

ഭക്ഷ്യ സുരക്ഷ: തിരുവനന്തപുരം -ന്യൂഡല്‍ഹി സൈക്ലത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു