in ,

കുഴിച്ച് തീരുന്ന ആലപ്പാട്

വിശ്വാസം സംരക്ഷിക്കാന്‍ മുറവിളി കൂട്ടുന്നവര്‍ ഏഴ് ക്ഷേത്രങ്ങള്‍ കടലെടുത്തിട്ടും കാണാത്തതെന്തേ?: സിആര്‍ നീലകണ്ഠന്‍ 

കൊല്ലം ജില്ലയിലെ ഒരു തുരുത്തെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് ആലപ്പാട്. കരിമണല്‍ ഖനനത്തിനെതിരെ  ഇവിടുത്തുകാര്‍ ഒന്നടങ്കം സമരം തുടങ്ങിയിട്ട് നാളുകളായി. കടലെടുത്തു കൊണ്ടിരിക്കുന്ന തങ്ങളുടെ ഭൂമി അവര്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ്. ഒരു കരപ്രദേശം വെറുതെയങ്ങ് കടലെടുത്തതല്ല. അനധികൃത കരിമണല്‍ ഖനനമാണ് ഒരു നാടിനെ ഇല്ലാതാക്കുന്നത്.

“കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഐ.ആര്‍.ഇ എന്നിവയാണ് അരനൂറ്റാണ്ടായി അനധികൃത ഖനനം നടത്തുന്നത്. ഒരു ദിവസം 300 മുതല്‍ 350 ലോഡ് വരെ കരിമണല്‍ ഇവിടെ നിന്നും കൊണ്ടു പോകുന്നു. 1950 ന് മുന്‍പുള്ള രേഖ അനുസരിച്ച് 89.5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങുന്ന അവസ്ഥ എത്ര ഭീതിദമാണ് .

പ്രദേശത്തെ കരിമണല്‍ ഖനന വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉഴപ്പുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ സി.ആര്‍.നീലകണ്ഠന്‍ പറയുന്നു.

“കര മുഴുവന്‍ കടലെടുത്തു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പഠനമോ ചര്‍ച്ചയോ അല്ല വേണ്ടത്. കരിമണല്‍ ഖനനം അടിയന്തരമായി നിര്‍ത്തുകയാണ്. ഭീതിദവും ശോചനീയവുമാണ് ആലപ്പാട്ടെ അവസ്ഥ.20000 ഏക്കര്‍ ഭൂമി ഖനനത്തിലൂടെ നഷ്ടമായെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. വലിയ തോതിലുള്ള മണല്‍ കള്ളക്കടത്താണ് അവിടെ നടന്നിട്ടുള്ളത്. ഒരു ലോബി തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം തന്നെ വേണം. ബാക്കിയുള്ള ചെറിയ തുണ്ട് ഭൂമിയെങ്കിലും സംരക്ഷിക്കണം. പ്ലാച്ചിമടയിലും വിളപ്പില്‍ ശാലയിലും ഉണ്ടായത് പോലെ ശക്തമായ ജനകീയ മുന്നേറ്റമുണ്ടായാല്‍ സര്‍ക്കാരിന് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണും. ഈ മാസം 16 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും,” സി ആര്‍ പറയുന്നു.

വിശ്വാസത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന കേരളത്തില്‍ ഒരു പ്രദേശത്തെ ഏഴ് ക്ഷേത്രങ്ങള്‍ കടലെടുത്തിട്ടും ഒരു വിശ്വാസിക്കും പ്രശ്‌നമുണ്ടായില്ലേ എന്നും സി ആര്‍ നീലകണ്ഠന്‍ ചോദിച്ചു.രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നുവെന്ന് സമരസമിതി അംഗം കാര്‍ത്തിക് ശശിയും നിരാഹാര സമരത്തില്‍ പങ്കെടുത്ത സുജ തങ്കകുട്ടനും പറയുന്നു. “നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിയമസഭാ സബ്ജക്ട് കമ്മറ്റിയും പരിസ്ഥിതി കമ്മറ്റിയും പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് നല്‍കി. മെയിലും ജൂണിലും നടന്ന പൊതു ഹിയറിങ്ങില്‍ 2000 ത്തില്‍പരം ആളുകള്‍ പങ്കെടുത്ത് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ അതു പോലും അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്.ഇതേ തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നത് . റിലേ നിരാഹാര സമരം 70 ദിവസം പിന്നിടുകയാണ്. നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം സമരമുഖത്തുണ്ട്. ഞങ്ങള്‍ വേറെന്ത് ചെയ്യാന്‍,” കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന അവസ്ഥയാണെന്ന് ഇരുവരും പറയുമ്പോള്‍ ഭീതി മുഖത്ത് പ്രകടമായിരുന്നു.

25000 വരുന്ന പ്രദേശവാസികളില്‍ ഭൂരിഭാഗവും മത്സ്യ ബന്ധനം ഉപജീവന മാര്‍ഗമാക്കിയവരാണ്. ഖനന പ്രദേശത്തെ ജനങ്ങളെ പുന:രധിവസിപ്പിക്കാമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളിയായ പ്രദീപ് പറയുന്നത് കേള്‍ക്കൂ:

“സുനാമി ദുരന്തത്തില്‍ ഞങ്ങളുടെ കൂട്ടത്തില്‍ 140 ലധികം പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറു കണക്കിനാളുകാളെ വിവിധ പഞ്ചായത്തുകളില്‍ മാറ്റി പാര്‍പ്പിച്ചു. അവരുടെ അവസ്ഥയറിയുമോ? പുലര്‍ച്ചെ അഞ്ച് മണിക്ക് കടലില്‍ പോണം. അതിന് തലേന്ന് രാത്രി പത്ത് മണിക്ക് കടപ്പുറത്തെത്തണം. രാത്രി മുഴുവന്‍ കടല്‍ തീരത്ത് ഇരിക്കുന്ന അവരെ നിങ്ങള്‍ക്ക് കാണാം. അതു കൊണ്ട് പുനരധിവാസം പ്രായോഗികമല്ല.”

2017ല്‍ വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പാരിസ്ഥിതിക അനുമതി ഖനനം നടത്തിയാല്‍ ലീസ് റദ്ദാക്കാനും പിഴ ഈടാക്കാനും കഴിയും. ഖനനത്തിനായി ഭൂമി ലീസിനു നല്‍കിയ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് തങ്ങള്‍ കരമടച്ച ഭൂമി ക്രയവിക്രയം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

“സോഷ്യല്‍ മീഡിയയിലൂടെ സമരം ശ്രദ്ധയാകര്‍ഷിച്ചതോടെ യുവജന പ്രസ്ഥാനങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും മുഖ്യധാരാ പാര്‍ട്ടികള്‍ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതുവരെ നടത്തിയ ഖനനത്തെക്കുറിച്ചും നഷ്ടമായ സ്ഥലത്തെക്കുറിച്ചും സര്‍ക്കാര്‍ ധവളപത്രം ഇറക്കുകയാണ് വേണ്ടത്,” കാര്‍ത്തിക് ശശി ആവര്‍ത്തിക്കുന്നു.

തങ്ങളുടെ കര കടലെടുക്കും മുമ്പ് ഖനനം നിര്‍ത്തൂ. ചര്‍ച്ചക്കെങ്കിലും സര്‍ക്കാര്‍ തയ്യാറാവൂ. ആലപ്പാട്ടുകാര്‍ ഒന്നടങ്കം അപേക്ഷിക്കുകയാണ്. അതെ നൂറു കണക്കിനാളുകളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ്. ഇനിയെങ്കിലുമത് കണ്ടില്ലെന്ന് നടിക്കരുത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഈടുവെക്കാന്‍ മാര്‍ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ‘ആശ്വാസം’ 

വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണം മന്ത്രി നിര്‍വഹിച്ചു