in , ,

ഓസ്കർ ആഘോഷങ്ങൾക്കിടയ്‌ക്കൊരു കള്ളൻ

അവാർഡ് ഏറ്റുവാങ്ങി നിമിഷങ്ങൾക്കുള്ളിൽ  അത് മോഷണം പോകുക. അതും അതീവ സുരക്ഷാകവചങ്ങൾക്ക് പേരുകേട്ട ഓസ്കർ [ Oscar ] വേദിയിൽ. കേട്ടുകേൾവിയില്ലാത്തതാണ്.

സംഗതി വാസ്തവമാണ്. ഡോൾബി തിയേറ്ററിൽ  ഞായറാഴ്ച രാത്രിയിൽ നടന്ന ഓസ്കർ പുരസ്‌കാര സമർപ്പണത്തിന് ശേഷമാണ്‌ സംഭവം നടക്കുന്നത്.  ഗവർണറുടെ പതിവ് വിരുന്നു സൽക്കാരത്തിനിടയിലാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മക് ഡോർമെന്റിന്റെ [ Frances McDormand ] ഓസ്കർ ശില്പം കാണാനില്ല എന്ന വാർത്ത പരന്നത്. ത്രീ ബിൽബോർഡ്സ് ഔട്ട് സൈഡ് എബ്ബിങ്, മുസൂറി എന്ന ചിത്രമാണ് ഡോർമെന്റിന് രണ്ടാം തവണയും ഓസ്കർ നേടിക്കൊടുക്കുന്നത്.

എന്തായാലും തന്റെ ഓസ്കർ നഷ്‌ടമായ വിവരം അറിഞ്ഞതോടെ ഡോർമെന്റ്റ് പരിഭ്രാന്തയായി. കരയാനും തുടങ്ങി. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ ലോസ് ഏഞ്ചലെസ് പൊലീസ് കള്ളനെ കണ്ടെത്തിയതോടെ പരിഭ്രാന്തി ആശ്വാസത്തിനും ആഹ്ളാദത്തിനും വഴിമാറി.

ഓസ്കർ മോഷണത്തിന്റെ കഥ പുറം ലോകം ആദ്യം  അറിയുന്നത് ന്യൂ യോർക്ക് ടൈംസിന്റെ കൾച്ചർ റിപ്പോർട്ടർ കാര ബാക്‌ലിയുടെ ട്വീറ്റിലൂടെയാണ്.

 ” ഫ്രാൻസെസ് മക് ഡോർമെന്റിന്റെ ഓസ്കർ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.അതുമായി ഒരു  കള്ളൻ കടന്നു കളഞ്ഞിരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അയാൾക്ക്‌ വേണ്ടിയുള്ള തിരച്ചിലിൽ ആണ്.” എന്നായിരുന്നു കാരയുടെ ട്വീറ്റ്.

ടെറി ബ്രൈൻറ്റ് എന്ന ആ കള്ളൻ സോഷ്യൽ മീഡിയയിൽ ഏതാണ്ട് അതേസമയത്ത് തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ്  സംഗതി കുറേക്കൂടി രസകരമാക്കിയത്. സംഗീതത്തിനുള്ള ഇത്തവണത്തെ പുരസ്കാരം തനിക്കാണെന്നു പറഞ്ഞാണ് അയാൾ  വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയിൽ  അയാൾ ഒരു ഓസ്കർ ശില്പം ചുംബിക്കുന്നതും ചുറ്റും കൂടി നിൽക്കുന്നവർ അയാളെ അഭിനന്ദിക്കുന്നതുമെല്ലാം കാണാം. ” ഇത് എനിക്കുള്ളതാണ്. ഞങ്ങൾ ഇത് നേടിയിരിക്കുന്നു,” എന്ന് അയാൾ അതിൽ  പറയുന്നുണ്ട്. ഈ രാത്രി ആഹ്ളാദിയ്ക്കാനുള്ളതാണെന്നും ഒട്ടേറെ പാർട്ടികളിൽ തനിക്കു പങ്കെടുക്കേണ്ടതുണ്ടെന്നും അയാൾ  പറയുന്നതും കേൾക്കാം.

ഹാളിനു പുറത്തുനിന്ന് മാക് ഡോർമെന്റ്റ് കരയുന്നതു കണ്ടതായും ഭർത്താവും സംവിധായകനുമായ ജോയൽ കോയനുമൊപ്പം അവർ സൽക്കാര വേദി വിട്ടിറങ്ങിയതായും യു എസ് എ ടുഡേ റിപ്പോർട്ട് ചെയ്തു.

ഗവർണർ ഒരുക്കിയ സൽക്കാരത്തിനിടയിൽ ആരോ തന്റെ ഓസ്കർ മോഷ്ടിച്ച് കടന്നു കളഞ്ഞതായി ഡോർമെൻറ്റ്  നിർമാതാവ് ജെയ്‌സൺ ബ്ലംമ്മിനോട് പറഞ്ഞതായി ലോസ് ഏഞ്ചലസ് ദിനപത്രം എഴുതി.

മണിക്കൂറുകൾക്കകം ഓസ്കർ തിരികെ ലഭിച്ചതായി ഡോർമെന്റിന്റെ പ്രതിനിധി അറിയിച്ചു. “അൽപ നേരത്തെ ഇടവേള; ഫ്രാൻസെസും ഓസ്കറും വീണ്ടും ഒന്നിച്ചു “എന്ന് അവരെ ഉദ്ധരിച്ച്   വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്തു.  “ഇൻ ആൻഡ് ഔട്ട് ‘ ൽനിന്ന് ഒരു ഡബിൾ ചീസ് ബർഗർ കഴിച്ചാണ് ആ  പുനഃസമാഗമം  ഗംഭീരമാക്കിയത്,” വാനിറ്റി പറഞ്ഞു.

എന്തായാലും ഓസ്കർ മോഷ്ടാവിനെതിരെ നടപടിയൊന്നും വേണ്ടെന്ന നിലപാടിലാണ് നടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Infosys,Anti-Drugs Awareness Campaign ,Sanjeevani Employee Volunteer Group ,Sanjeevani Charitable Trust, Launches, Anti-Drugs Awareness Campaign , Students,

മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവുമായി ഇൻഫോസിസിന്റെ സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്

തൃപ്രയാർ മേളയിൽ ഇന്ന് സഞ്ജു സുരേന്ദ്രൻ; ഏദൻ സംവിധായകനുമായി മുഖാമുഖം