രക്ഷാപ്രവർത്തകരായവരെ തിരുവനന്തപുരം കോർപ്പറേഷൻ ആദരിക്കുന്നു

തിരുവനന്തപുരം: കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നഗര പരിധിയിലെ മത്സ്യത്തൊഴിലാളികളേയും സന്നദ്ധ പ്രവർത്തകരേയും തിരുവനന്തപുരം കോർപ്പറേഷൻ ആദരിക്കുന്നു. നാളെ (23 ഓഗസ്റ്റ്) വൈകിട്ട് അഞ്ചിന് വിഴിഞ്ഞം ജങ്ഷനിൽ വച്ചാണു പരിപാടി.

സർക്കാർ സംവിധാനങ്ങളും ജനകീയ ഇടപെടലുകളുമാണ് പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാൻ കേരളത്തെ പ്രാപ്തമാക്കിയതെന്നു മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ആഴക്കടലിലെ പോരാളികളായ മത്സ്യത്തൊഴിലാളികളുടെ മനോധൈര്യവും കൈക്കരുത്തുമാണ് നിരവധി ജീവനുകളെ രക്ഷപ്പെടുത്തിയത്.

നിരവധി വാഹന ഉടമകൾ, ഡ്രൈവർമാർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരും രക്ഷാപ്രവർത്തനത്തിന് ഊർജം പകർന്നുവെന്നും മേയർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ശുചീകരണം

പ്രളയദുരന്തത്തിന്റെ ബാക്കിപത്രമായ ശുചീകരണ ദൗത്യമേറ്റെടുത്ത് തിരുവനന്തപുരം  നഗരസഭയിൽനിന്നു പുറപ്പെട്ട 400 പേരുടെ സംഘം പത്തനംതിട്ടയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.

റാന്നി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ സംഘം ശുചീകരിച്ചു. മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ടാണു സംഘം പുറപ്പെട്ടത്.

സന്നദ്ധപ്രവർത്തകർക്കു പുറമേ എല്ലാത്തരം ശുചീകരണ സംവിധാനങ്ങളും ഇലക്ട്രിക്, പ്ലമ്പിംഗ് ജോലികളിൽ പ്രാവീണ്യമുള്ളവരു സംഘത്തിലുണ്ട്. യന്ത്രസാമിഗ്രികളും, പണിയായുധങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങോടെയാണ് ഇവർ അവിടെ എത്തിയത്. മരുന്നുകളും മറ്റാവശ്യ മെഡിക്കൽ സംവിധാനങ്ങളും കരുതിയിട്ടുണ്ട്.

റാന്നിയിലെ ശുചീകരണ പരിപാടി മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അഡ്വ: രാജു എബ്രഹാം എം.എൽ.എ., മുൻ എം.പി. കെ.എൻ. ബാലഗോപാൽ എന്നിവർ ആശംസയർപ്പിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, ആർ.പി. ശിവജി, ഗിരികുമാർ, ജയലക്ഷ്മി, മുൻ മേയർ കെ ചന്ദ്രിക, നഗരസഭാ ഉദ്യോഗസ്ഥർ, ശുചീകരണവിഭാഗം ജീവനക്കാർ, ഗ്രീൻ ആർമി വോളന്റിയേഴ്‌സ് എന്നിവർ ശുചീകരണ പരിപാടികളിൽ പങ്കെടുത്തു.

ലഭ്യമാകുന്ന നിർദേശത്തിനനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ സംഘം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും അധികൃതർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിന് ഡി. എം. കെയുടെ ‘രണ്ടു ലോഡ്’ സ്‌നേഹം

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം – ആഗസ്ത് 22