പ്രളയ ബാധിത മേഖലകളിലേക്ക് ഇന്ന് തിരുവനന്തപുരം അയച്ചത് 20 ലോഡ് അവശ്യ സാധനങ്ങൾ

തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ചയിടങ്ങളിലേക്കു തിരുവനന്തപുരത്തുനിന്ന് സഹായം ഒഴുകുന്നു. ഇന്നലെ (21 ഓഗസ്റ്റ്) മാത്രം 20 ലോഡ് അവശ്യവസ്തുക്കൾ വിവിധ ജില്ലകളിലേക്ക് അയച്ചതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. പാകംചെയ്യാനുള്ള ഭക്ഷ്യ സാധനങ്ങളും ശുചീകരണ വസ്തുക്കളുമാണു കളക്ഷൻ കേന്ദ്രങ്ങളിലേക്ക് അധികമായി എത്തിയത്.

തമ്പാനൂർ എസ്.എം.വി. സ്‌കൂളിൽ പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രത്തിൽനിന്ന് ഒൻപത് ട്രക്കുകളിലായാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള അവശ്യ വസ്തുക്കൾ അയച്ചത്. ചെങ്ങന്നൂർ, ആലപ്പുഴ, വടക്കൻ പറവൂർ, പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കാണ് സാധനങ്ങൾ കൊണ്ടുപോയത്.

കൂടാതെ എയർ ഡ്രോപ്പിംഗിനായുള്ള ഒരു ലോഡ് എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിലേക്ക് അയച്ചു. ശുചീകരണത്തിനാവശ്യമായ വസ്തുക്കൾക്കു പുറമേ തുണികൾ, അരി, കുടിവെള്ളം എന്നിവയും എത്തുന്നുണ്ടെന്ന് കളക്ഷൻ കേന്ദ്രത്തിന്റെ ചുമതലയുള്ള സബ് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.

വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ നിന്ന് ഇന്ന് ഒരുലോഡ് അവശ്യവസ്തുക്കൾ ദുരന്തബാധിത ജില്ലകളിലെ വിവിധ ക്യാമ്പുകളിലേക്കായി കയറ്റി അയച്ചതായി അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ശുചീകരണ സാമഗ്രികൾക്കു പുറമെ പായ, തലയണ, കുടിവെള്ളം, അരി, ഭക്ഷ്യ ധാന്യങ്ങൾ, സാനിട്ടറി നാപ്കിനുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഡയപ്പറുകൾ, തേയില, പാൽപ്പൊടി എന്നിവയാണ് കോട്ടൺഹിൽ സ്‌കൂളിലെ കളക്ഷൻ കേന്ദ്രത്തിൽ അടിയന്തിരമായി ആവശ്യമുണ്ടെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു. നൂറോളം വോളന്റിയർമാരാണ് ഇന്ന് ഇവിടെയുള്ളത്.

നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്ഷൻ കേന്ദ്രത്തിൽ നിന്ന് ആറു വാഹനങ്ങളിലായി അവശ്യസാധനങ്ങൾ പുറപ്പെട്ടിട്ടുണ്ട്. രണ്ടെണ്ണം റോഡ് മാർഗം ചെങ്ങന്നൂരേക്കും ഒരെണ്ണം ആലപ്പുഴയിലേക്കും മൂന്നെണ്ണം എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിലേക്കുമാണ് പോയത്. ഭക്ഷ്യ വസ്തുക്കൾ, തുണി എന്നിവക്കു പുറമെ ശുചീകരണ സാമഗ്രികളും ഇവിടെനിന്ന് അയച്ചു. ജില്ലാ കളക്ടർ ഡോ. കെ. വാസുകി നേരിട്ടാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

കോട്ടക്കകം പ്രിയദർശിനി ഹാളിലെ കളക്ഷൻ കേന്ദ്രം ഇന്ന് നാല് വാഹനങ്ങളിലായി ഭക്ഷ്യ വസ്തുക്കളും ശുചീകരണ സാമഗ്രികളും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചതായി ഡെപ്യൂട്ടി കളക്ടർ സാം ക്ലീറ്റസ് പറഞ്ഞു. തിരുവല്ല, റാന്നി, എന്നിവിടങ്ങളിലേക്ക് ഓരോ വാഹനങ്ങളും, എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിലേക്ക് ഒരു വാഹനവും അവശ്യ സാധനങ്ങളുമായി പുറപ്പെട്ടു. മരുന്നുകൾ മാത്രമായി ഒരു വാഹനം മെഡിക്കൽ കോളജിലേക്ക് അയച്ചിട്ടുണ്ട്. അവിടെനിന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ കാമ്പുകളോടനുബന്ധിച്ച് പ്രവർതതിക്കുന്ന മെഡികകൽ ക്യാമ്പുകളിലേക്ക് ഇവ എത്തിക്കും.

ഹരിതചട്ടം പാലിച്ച് കളക്ഷൻ സെന്ററുകൾ

പ്രളയ ബാധിതർക്കായുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കാൻ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്നു കളക്ഷൻ കേന്ദ്രങ്ങളും ഹരിതചട്ടം പാലിച്ചു ശ്രദ്ധേയമാകുന്നു. കോർപ്പറേഷനിൽനിന്നു ജീവനക്കാരെത്തി കളക്ഷൻ കേന്ദ്രങ്ങളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യുന്നുണ്ട്.

ഏറ്റവും കൂടുതൽ വോളന്റിയർമാർ പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രമാണ് എസ്.എം.വി. ഹയർ സെക്കന്ററി സ്‌കൂൾ. 1245 വോളന്റിയർമാരാണ് അവിടെയുള്ളത്. കോർപ്പറേഷനിൽ നിന്ന് സ്ത്രീകൾ അടക്കമുള്ള 35 തൊഴിലാളികൾ എത്തി ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പേപ്പർ, പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് കുപ്പികൾ, ആഹാരാവശിഷ്ടങ്ങൾ എന്നിവക്കായി നാലു പ്രത്യേക ബിന്നുകൾ സ്ഥാപിച്ചു.

കോട്ടക്കകം പ്രിയദർശിനി ഹാളിൽ 60 വോളന്റിയർമാരും, വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ 200 വോളന്റിയർമാരുമാണ് ഇപ്പോഴുള്ളത്. ഈ കേന്ദ്രങ്ങളിലും മാലിന്യ നിർമാർജനം കാര്യക്ഷമമായി നടക്കുന്നതായി അധികൃതർ അറിയിച്ചു.

വിമൻസ് കോളജിൽനിന്ന് കയറ്റിയയച്ചത്  50 ലോഡ് അവശ്യവസ്തുക്കൾ

കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജില്ലകൾക്കായി വഴുതക്കാട് വിമൻസ് കോളേജിലെ കളക്ഷൻ സെന്ററിൽ നിന്നു മാത്രം എത്തിച്ചത് 50 ലോഡ് അവശ്യവസ്തുക്കൾ.

കേരള പോലീസ് ഫാമിലിയുടെയും ശ്രീമൂലം ക്ലബ്ബിന്റെയും അൻപോട് ട്രിവാൻട്രം എന്ന കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ഇവിടെ കളക്ഷൻ സെൻറർ സജ്ജീകരിച്ചത്. ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ശുദ്ധീകരണ വസ്തുക്കൾ എന്നിങ്ങനെ നീളുന്നു കയറ്റിയയച്ച വസ്തുക്കളുടെ നിര. ഇന്നലെ ഇവിടുത്തെ കളക്ഷൻ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു.

ഏറ്റവുമധികം കയറ്റിയയച്ചത് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലേക്കാണ്. 15 ലോഡ് അവശ്യ സാധനങ്ങൾ പത്തനംതിട്ടയിലേക്കും 15 ലോഡ് ആലപ്പുഴയിലേക്കും എത്തിച്ചു. ഇടുക്കിയിലേക്ക് 10 ലോഡും എറണാകുളം വയനാട് എന്നീ ജില്ലകളിലേക്കായി മൂന്ന് ലോഡ് വീതവും കയറ്റിയയച്ചപ്പോൾ തൃശൂരിലേക്കും വൈക്കത്തേക്കും രണ്ട് ലോഡ് വീതം എത്തിക്കാനായി.

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഓരോ ലോഡും അയച്ചിരുന്നത്. കയറ്റിയയക്കുക മാത്രമല്ല അവ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടെന്നും ഉറപ്പു വരുത്തിയിരുന്നതായി കളക്ഷൻ സെന്ററിന് നേതൃത്യം നൽകിയ ശ്രീ മൂലം ക്ലബ് സെക്രട്ടറി ബാലൻ മാധവൻ പറഞ്ഞു.

എസ്.പി. നിശാന്തിനിയായിരുന്നു പോലിസ് ഫാമിലിയെ ഏകോപിപ്പിച്ചിരുന്നത്. അൻപോടെ ട്രിവാൻട്രം എന്ന കൂട്ടായ്മ അവശ്യ സാധനങ്ങൾ എത്തിക്കാനായുള്ള പ്രചാരണം സോഷ്യൽ മീഡിയയിലൂടെ നൽകി.

ആഗസ്റ്റ് 16 നാണ് വിമൻസ് കോളേജിൽ കളക്ഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചത്. തലസ്ഥാനത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന 400 ഓളം വിദ്യാർത്ഥികളാണ് വോളന്റിയർമാരായി ഇവർക്കൊപ്പം കൂടിയത്. ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ രാവും പകലുമായി ഇവർ കൂടെ നിന്നു.

സാധനം നിറച്ചു പോകുന്ന ഓരോ വാഹനങ്ങളുടെയും നമ്പർ, ആർ.സി ബുക്ക് തുടങ്ങിയ വിവരങ്ങൾ കൃത്യമായി ശേഖരിച്ചിരുന്നു. കൂടാതെ വാഹനം പുറപ്പെടുന്ന സമയവും എത്തിപ്പെടുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 25 കോടി രൂപ സമാഹരിച്ചു നൽകാൻ ജി ടെക്

1500 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് പുതിയ വീടുകൾ നിർമ്മിച്ചു നൽകും