തൃശ്ശൂരിൽ ബർട്ടലൂച്ചി അനുസ്മരണം; ദ ലാസ്റ്റ് എമ്പറർ പ്രദർശിപ്പിക്കുന്നു 

തൃശ്ശൂർ: ഈയിടെ അന്തരിച്ച ഇറ്റാലിയൻ സംവിധായകൻ ബർണാഡോ ബർട്ടലൂച്ചിയോടുള്ള [ Bernardo Bertolucci ] ആദര സൂചകമായി അദ്ദേഹത്തിന്റെ പ്രശസ്തമായ ചലച്ചിത്രം ദ ലാസ്റ്റ് എമ്പറർ പ്രദർശിപ്പിക്കുന്നു. ഡിസംബർ ഒമ്പതാം തിയ്യതി ഞായറാഴ്ച രാവിലെ  തൃപ്രയാർ ശ്രീരാമ തിയേറ്ററിൽ നടക്കുന്ന അനുസ്മരണ പരിപാടി  സംഘടിപ്പിച്ചിട്ടുള്ളത്  ജനചിത്ര ഫിലിം സൊസൈറ്റിയാണ്.

ഇറ്റാലിയന്‍ ‘ന്യൂ വേവ് സിനിമ’യുടെ മുഖ്യ ശില്‍പികളില്‍ ഒരാളായിരുന്നു  ബെർട്ടലൂച്ചി. 1941 ൽ ഇറ്റലിയിലെ പർമയിലാണ് അദ്ദേഹത്തിന്റെ  ജനനം. കവിയും അധ്യാപകനുമായ അറ്റിലിയോയുടെ മകനായി ജനിച്ച അദ്ദേഹം  ചെറുപ്പം മുതൽ കലാ സാഹിത്യ വിഷയങ്ങളുമായി  ബന്ധമുള്ളൊരു അന്തരീക്ഷത്തിലാണ് വളർന്നത്.

1962 ൽ 21-ാം വയസ്സിൽ ‘ദ ഗ്രിം റീപ്പർ’ എന്ന ചിത്രത്തിലൂടെയാണ്  സ്വതന്ത്ര സംവിധായകനാവുന്നത്.  1960 കളിൽ മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, പസോലിനി എന്നിവർക്കൊപ്പം തന്നെ ഇറ്റാലിയൻ നവതരംഗ ചിത്രങ്ങളുടെ പ്രധാന അമരക്കാരിൽ ഒരാളായി അദ്ദേഹം മാറിയിരുന്നു. സിനിമകളിലൂടെ പ്രത്യേകമായ യാതൊരു സന്ദേശവും നൽകാൻ ആഗ്രഹിക്കുന്നില്ല എന്ന വീക്ഷണം ഏറെ ശ്രദ്ധേയമാണ്. സന്ദേശങ്ങൾ നൽകുന്ന ജോലി പോസ്റ്റ് ഓഫീസുകളുടേതാണ് എന്നദ്ദേഹം പറഞ്ഞു.

ബർട്ടലൂച്ചി [ Bernardo Bertolucci ] 1987 ൽ സംവിധാനം ചെയ്ത ‘ദ ലാസ്റ്റ് എംപറർ’  ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ്. അവസാനത്തെ ചൈനീസ് ചക്രവർത്തി ഐസിൻ – ജിറോ- പുയിയുടെ സംഭവബഹുലമായ ജീവിതമാണ്  ദ ലാസ്റ്റ് എമ്പററിലൂടെ ചിത്രീകരിക്കുന്നത്.

1950 ൽ യുദ്ധക്കുറ്റവാളിയും രാഷ്ട്രീയത്തടവുകാരനുമായി ഫുഷുൻ ജയിലിൽ കഴിയുന്ന കാലത്തെ ചിത്രീകരിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ഒരു ഫ്ലാഷ് ബാക്കിലൂടെ കുട്ടിക്കാലം മുതലുള്ള പുയിയുടെ ജീവിതം കാണിക്കുന്നു.

1908 ൽ മരണാസന്നയായ ഡൊവജർ സീച്ചി മഹാറാണിയുടെ കല്പന പ്രകാരം മൂന്നു വയസ്സുകാരൻ പുയി ആദ്യമായി വിലക്കപ്പെട്ട നഗരത്തിലെത്തുന്നത്, ചക്രവർത്തിയായുള്ള കിരീടധാരണം, പുറം ലോകം കാണാനാവാതെ കൊട്ടാരത്തിനുള്ളിൽ തളയ്ക്കപ്പെടുന്ന ജീവിതം, കൊട്ടാരജീവിതം ചെലുത്തുന്ന മാനസിക സംഘർഷങ്ങൾ, 1919ൽ സ്കോട്ലന്റുകാരനായ റെജിനാൾഡ് ജോൺസ്റ്റണു കീഴിൽ ലഭിക്കുന്ന പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം, ഉന്നതകുലജാതയും വിദ്യാസമ്പന്നയുമായ  വാൻറോങ്ങുമൊത്തുള്ള വിവാഹം, വെൻസ്യൂവിനൊപ്പമുള്ള വിവാഹേതര ബന്ധം, 1924ൽ കൊട്ടാരത്തിൽ നിന്ന് ബഹിഷ്കൃതനാവുന്നത്, ബീജിങ്ങ് അട്ടിമറിയെത്തുടർന്ന് റ്റീൻറ്റ്സിന്നിലേയ്ക്ക് നാടുകടത്തപ്പെടുന്നത്, ജപ്പാൻ മഞ്ചുരിയ ആക്രമിക്കുമ്പോൾ അവർക്കൊപ്പം ചേരുന്നത്, വാൻറോങ്ങുമായി വേർപിരിയുന്നത്, വെൻസ്യൂ ലഹരിമരുന്നിന്‌ അടിമയാവുന്നത്, 1934ൽ ജപ്പാൻകാർ മഞ്ചുക്കോയുടെ ‘ പാവ ‘ ചക്രവർത്തിയായി അവരോധിക്കുന്നത്, രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ ചെമ്പടയുടെ പിടിയിൽ അകപ്പെടുന്നത്, രാഷ്ട്രീയത്തടവുകാർക്കുള്ള കമ്മ്യൂണിസ്റ്റ് പുനർവിദ്യാഭ്യാസ പരിപാടിയിൽ ചേർക്കപ്പെടുന്നത്, ജാപ്പനീസ് അധിനിവേശ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാൻ നിർബന്ധിക്കപ്പെടുന്നത്, ക്യാമ്പ് കമാന്റന്റുമായുള്ള ചൂടുപിടിച്ച ചർച്ചയ്ക്കുശേഷം ജപ്പാൻകാർ നടത്തിയ കൊടും ക്രൂരതകളെക്കുറിച്ചുള്ള   ചിത്രം കാണുന്നത്, തുടർന്നുള്ള നിലപാട്  മാറ്റം, 1959 ൽ ജയിൽ മോചിതനാവുന്നത് എന്നിങ്ങനെ അദ്ദേഹത്തിന്റെ  ജീവിതത്തിലെ വിവിധഘട്ടങ്ങൾ ചിത്രത്തിൽ അനാവരണം ചെയ്യപ്പെടുന്നു.

മാവോയുടെ സാംസ്കാരിക വിപ്ലവകാലത്ത് ബീജിങ്ങ് ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു തോട്ടപ്പണിക്കാരന്റെ തൊഴിലാളി ജീവിതം നയിക്കുന്ന പുയിയെയും 1967 ലേക്കുള്ള ഒരു ഫ്ലാഷ് ഫോർവേഡിലൂടെ കാണാം. ഒരു സാധാരണ ടൂറിസ്റ്റായി വിലക്കപ്പെട്ട നഗരത്തിൽ അയാൾ  വീണ്ടുമെത്തുന്ന ദൃശ്യങ്ങളും ചിത്രത്തിലുണ്ട്.

ചിങ്ങ് രാജവംശത്തിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന പുയിയുടെ ജീവിതത്തിന്റെ അസാധാരണമായ ഗതിവിഗതികളെ അതിവിശാലമായ കാൻവാസിലാണ് ബർട്ടലൂച്ചി വരച്ചിടുന്നത്.

163 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ആദ്യ 90 മിനിറ്റുകളിൽ ബർട്ടലൂച്ചിയും ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോയും ചേർന്ന് വിലക്കപ്പെട്ട നഗരത്തിന്റെ ഗംഭീരമായ സൗന്ദര്യം അപ്പാടെ പകർത്തി വച്ചിട്ടുണ്ട്. 20, 0000 ത്തിലേറെ നടീനടന്മാർ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട് .

മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, ഛായാഗ്രഹണം, കല, എഡിറ്റിങ്ങ്, സംഗീതം, വസ്ത്രാലങ്കാരം, ശബ്ദലേഖനം എന്നിങ്ങനെ 9 ഓസ്കർ പുരസ്കാരങ്ങൾ ചിത്രം നേടി. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ചൈനയിലെ ഫോർബിഡൻ സിറ്റിയിൽ ആദ്യമായി ചിത്രീകരണാനുമതി ലഭിച്ച വിദേശ ചിത്രമെന്ന പ്രത്യേകതയും ഈ ബർട്ടലൂച്ചിയൻ ചിത്രത്തിനുണ്ട്.

ദ ലാസ്റ്റ് എമ്പററിനെക്കൂടാതെ ലാസ്റ്റ് ടാന്‍ഗോ ഇന്‍ പാരിസ്, 1900, ഷെൽറ്ററിങ് സ്കൈ, പാർട്ണർ, ഡ്രീമേഴ്‌സ്, മി ആൻഡ് യു, ബിസീജ്ഡ്, ട്രാജഡി ഓഫ് എ റിഡിക്കുലസ് മേൻ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ബെർട്ടലൂച്ചിയുടേതായുണ്ട്.

സിനിമ പ്രദർശനത്തോടൊപ്പം ബർട്ടലൂച്ചിയൻ സിനിമകളിൽ നിന്നുള്ള ദൃശ്യങ്ങളും അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങളുടെ പോസ്റ്ററുകളുമെല്ലാം  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടെക്നോപാര്‍ക്കില്‍ ലാക്ടേഷന്‍ പോഡ് 

വരവായി ബിനാലെ; ചുവര്‍ ചിത്രങ്ങൾ തെളിഞ്ഞു