in ,

നവജാതശിശുക്കളുടെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം 

തൃശൂർ: നവജാത ശിശുക്കളുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാത ശിശു വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഇതിന്റെ ഭാഗമായി ശിശുരോഗ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറുടെ ഒരു തസ്തികയും അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളില്‍ 2 തസ്തികകള്‍ വീതവും അനുവദിച്ചിട്ടുണ്ട്.

തൂക്കകുറവുള്ളതും മാസം തികയാതെ പ്രസവിക്കുന്നതും അതീവ പരിചരണം ആവശ്യമുള്ളവരുമായ നവജാത ശിശുക്കള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായിട്ടാണ് പ്രത്യേകമായി നവജാതശിശു വിഭാഗം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ രോഗികളുടെ അവസാന അഭയ കേന്ദ്രമാണ് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. 2006 മുതല്‍ കുട്ടികള്‍, നവജാത ശിശുക്കള്‍ എന്നീ വിഭാഗങ്ങളിലായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം ശരാശരി 26,000 രോഗികള്‍ ശിശുരോഗ വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്താറുണ്ട്. 4000ത്തോളം കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളില്‍ 1200 ഓളം നവജാത ശിശുക്കളാണ്.

അക്കാഡമിക് തലത്തില്‍ 2006ല്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ എണ്ണം 100 ല്‍ നിന്നും 150 ആയി വര്‍ദ്ധിച്ചിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 2007ല്‍ 2 വിദ്യാര്‍ത്ഥികളോടെ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിക്കുകയും പിന്നീട് വിദ്യാര്‍ത്ഥികളുടെ എണ്ണം 2010 ല്‍ 3 ആയും 2016 ല്‍ 9 ആയും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം ആനുപാതികമായി അധ്യാപക തസ്തികകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ഇതുകൂടി മുന്നില്‍ കണ്ടാണ് പുതിയ 5 തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നവജാതശിശു വിഭാഗം ഐ.സി.യു വെന്റിലേറ്ററോടു കൂടിയ ലെവല്‍-3 കേന്ദ്രമാണ്. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് ചൂട് നല്‍കാനായി റേഡിയന്റ് വാമറുകള്‍, ഇങ്കുബേറ്ററുകള്‍, കൃത്രിമ ശ്വാസം നല്‍കാനായി വെന്റിലേറ്ററുകള്‍ എന്നിവ ഇവിടെ സജ്ജമാണ്. 9 വെന്റിലേറ്ററുകളും നൂതന സാങ്കേതികവിദ്യയുള്ള ഒരു ഹൈ ഫ്രീക്വന്‍സി വെന്റിലേറ്ററുമുണ്ട്. തീരെ മാസം തികയാത്ത നവജാത ശിശുക്കളുടെ ശ്വാസകോശം വികസിക്കില്ല. അത്തരം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകതരം സര്‍ഫക്ടന്റ് ചികിത്സയും ഇവിടെ ലഭ്യമാണ്. വളരെ ചെലവേറിയ ഈ ചികിത്സ ഇവിടെ സൗജന്യമായി ചെയ്യാന്‍ കഴിയുന്നു.

ജനിച്ച ഉടനെ കരയാന്‍ താമസിക്കുക, ശ്വാസ തടസം, കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം, ജന്മ വൈകല്യം, ഹൃദയ തടസം തുടങ്ങിയ എല്ലാ അസുഖമുള്ള കുഞ്ഞുങ്ങള്‍ക്കും ഇവിടെ നിന്നും പരിചരണം ലഭ്യമാണ്. നവജാത ശിശുക്കള്‍ക്ക് പരിചരണം ഉറപ്പാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയ ഉപകരണങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിന് കൂടിയാണ് നവജാതശിശു വിഭാഗം രൂപീകരിച്ചത്.

സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ശിശുമരണ നിരക്ക് കുറയ്ക്കുക എന്നത്. ഇതിനായി 4 പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. നവജാത ശിശുക്കളുടെ പ്രധാന മരണ കാരണം ഹൃദയ വൈകല്യമാണ്. ഇത്തരം കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായാണ് ഹൃദ്യം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ജനന വൈകല്യം നേരത്തെ കണ്ടു പിടിച്ച് ചികിത്സിക്കാനായുള്ള ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററുകളും തുടങ്ങി. ഹോര്‍മോണ്‍ അപര്യാപ്തത മൂലമുള്ള ബുദ്ധിമാന്ദ്യം പോലുള്ള പ്രശ്‌നങ്ങള്‍ ഫലപ്രദമായി ചികിത്സിക്കുക എന്നതാണ് മൂന്നാമത്തേത്. കേള്‍വിക്കുറവ് കണ്ടെത്തി കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വിശക്തി തിരിച്ചു നല്‍കുന്ന ശ്രുതി തരംഗമാണ് നാലാമത്തേത്. ഇതെല്ലാം ഇവിടെ ഫലപ്രദമായി നിര്‍വഹിച്ചു വരുന്നു.

നവജാതശിശുക്കളുടെ ചികിത്സയ്ക്ക് സ്വകാര്യ മേഖലയില്‍ പ്രതിദിനം 15,000 രൂപയിലേറെ ചെലവു വരുന്ന സമയത്താണ് തികച്ചും സൗജന്യമായി മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യം ലഭിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ അനുഗ്രഹമാകുമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനായി ഈ സര്‍ക്കാര്‍ നിരവധി കാര്യങ്ങളാണ് ചെയ്തത്. പുതുതായി കാര്‍ഡിയോ തൊറാസിക് വിഭാഗവും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗവും ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിനായി കാത്ത് ലാബും അനുവദിച്ചു. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളിലായി 33 തസ്തികകളും ഓങ്കോളജി വിഭാഗത്തിനായി 21 തസ്തികകളും അനുവദിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കയര്‍ വ്യവസായ മേഖല ബോണസ് ചര്‍ച്ച ഓഗസ്റ്റ് 7 ന് 

ബിനാലേയ്ക്ക് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ അദീബ് അഹമ്മദ് ഒരു കോടി രൂപ നല്‍കി