മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടിഐഇ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നൽകും

കൊച്ചി: കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സഹകരിക്കുമെന്ന് ദി ഇന്‍ഡ്-യുഎസ് ഓന്‍ട്രപ്രണേഴ്സ്  (ടിഐഇ ) അറിയിച്ചു. മേക്കര്‍വില്ലേജിലെ ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ടിഐഇ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ കെ ചന്ദ്രശേഖര്‍ അറിയിച്ചു.

മേക്കര്‍ വില്ലേജിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലോകോത്തര നിലവാരത്തിലുള്ളതാണെന്ന്  മുപ്പതോളം വരുന്ന ടിഐഇ സംഘം വിലയിരുത്തി.

മികച്ച ഫണ്ടിംഗും സാങ്കേതികവിദ്യയും കൈമുതലുള്ള കമ്പനികള്‍ വരെ പരാജയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശവും സഹകരണവും നല്‍കുകയെന്നതാണ് ടിഐഇ  യുടെ ലക്ഷ്യം.

അന്താരാഷ്ട്ര സഹകരണം, ഫണ്ടിംഗ്, ഇന്‍കുബേഷന്‍, തുടങ്ങിയവയാണ് ടിഐഇ  യുടെ പ്രധാന മേഖലകള്‍. മികച്ച ആശയങ്ങളും അവയുടെ മാതൃകയുമാണ് മേക്കര്‍വില്ലേജില്‍ കാണാനായത്. ഈ രംഗത്തെ വിദഗ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടിയാകുമ്പോള്‍ ഈ സംരംഭങ്ങള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍കുബേഷനില്‍ നിന്ന് വാണിജ്യതലത്തിലേക്ക് മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ എത്തിക്കുന്നതിന്‍റ ശ്രമങ്ങളുടെ ഭാഗമായാണ് ടിഐഇ    സന്ദര്‍ശനത്തെ കാണുന്നതെന്ന് മേക്കര്‍ വില്ലേജ് സി ഇ ഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇതിനായി ആഭ്യന്തര-അന്താരാഷ്ട്ര തലത്തില്‍ മേക്കര്‍വില്ലേജിന്‍റെ സാന്നിദ്ധ്യം ഉറപ്പു വരുത്താന്‍ ടൈയുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മേക്കര്‍വില്ലേജിലെ സംരംഭങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മി. ബട്ലറിന്‍റെ സ്ഥാപകനും ടിഐഇ ചാര്‍ട്ടര്‍ മെമ്പറുമായ സി പി മാമ്മന്‍ പറഞ്ഞു. തന്‍റെ സോഫ്റ്റ്വെയര്‍ കമ്പനിയായ സിസിഎസ് ടെക്നോളജീസുമായി സഹകരിക്കാന്‍ സന്നദ്ധമായ സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ടിഐഇ  യുടെ പ്രധാനമേഖലയെന്ന് ടൈ സീനിയര്‍ വൈസ് പ്രസിഡന്‍റ് അജിത് മൂപ്പന്‍ പറഞ്ഞു. വാണിജ്യ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് നല്‍കാന്‍ കേരള ഏഞ്ചല്‍ നെറ്റ് വര്‍ക്ക് തുടങ്ങുന്നുണ്ട്.  ടിഐഇ  വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച സംരംഭകരുടെ  കൂട്ടായ്മയായതിനാല്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കും. അതിനപ്പുറത്തേക്ക് ആഭ്യന്തരവും ആഗോളവുമായ സഹകരണം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉറപ്പുവരുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബറില്‍;  മലബാര്‍ ടൂറിസം പ്രമേയം 

എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി 11 കോടി രൂപ